2019ലെ ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായി; താമസിച്ചിരുന്നത് തൊട്ടടുത്ത ഷെഡില്‍; വീടു പണി തുടരുന്നതിനിടെ രാധയെ കടുവ കൊണ്ടു പോയി: രക്തക്കറയും ചെരുപ്പും കണ്ട് നീങ്ങിയ തണ്ടര്‍ ബോള്‍ട്ടുകാര്‍ കണ്ടെത്തിയത് കടുവ പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച മൃതദേഹം; കൂട് സ്ഥാപിച്ച് നിറ തോക്കുമായി വിദഗ്ധ സംഘം കാത്തിരിക്കുന്നു; പഞ്ചാരക്കൊല്ലിയെ ആ നരഭോജി കടുവ ഭീതിയിലാക്കുമ്പോള്‍

Update: 2025-01-25 01:35 GMT

മാനന്തവാടി: നാട്ടിലിറങ്ങിയ നരഭോജി കടുവ ആദിവാസി വീട്ടമ്മയെ കൊന്നുതിന്നതോടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ടുവയെ വെടിവച്ചുകൊല്ലാനുള്ള അടിയന്തര ഉത്തരവ് ഇറക്കി വനംവകുപ്പ് അതിവേഗ നടപടി എടുത്തെങ്കിലും കടുവയെ പിടികൂടാന്‍ ആയില്ല. വനം വകുപ്പിന്റെ താത്കാലിക വാച്ചര്‍ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധയാണ് (45)അതിദാരുണമായി കൊല്ലപ്പെട്ടത്. 2019ലെ ഉരുള്‍പൊട്ടലില്‍ ഇവരുടെ വീട് തകര്‍ന്നിരുന്നു. തൊട്ടടുത്തുള്ള ഷെഡിലാണ് താമസിച്ചിരുന്നത്. വീടുപണി പൂര്‍ത്തിയായി വരുന്നതേയുള്ളൂ. അതിനിടയിലാണ് ദുരന്തം. രാധയുടെ മരണത്തോടെ വയനാട്ടില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലെ ജനങ്ങള്‍ അതീവ ഭീതിയിലാണ് കഴിയുന്നത്. മാനന്തവാടി മുനിസിപ്പാലിറ്റിയിലെ പഞ്ചാരക്കൊല്ലി ഡിവിഷനിലാണ് ദുരന്തം. അടിമവേലയില്‍ നിന്ന് മോചിപ്പിച്ച ആദിവാസികളെ പാര്‍പ്പിച്ച, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പഞ്ചാരക്കൊല്ലിയിലെ പ്രിയദര്‍ശനി ടീ പ്‌ളാന്റേഷനോട് ചേര്‍ന്നാണ് രാധയുടെ ജീവനെടുത്ത കടുവാക്രമണമുണ്ടായ സ്ഥലം.

കടുവയെ കുടുക്കാന്‍ കൂടും സ്ഥാപിച്ചു. നിറതോക്കുമായി രാത്രിയും വിദഗ്ദ്ധ സംഘം മേഖലയില്‍ ജാഗ്രത പുലര്‍ത്തുകയാണ്. കണ്ണില്‍പ്പെട്ടാല്‍ വെടിവയ്ക്കാനാണ് നീക്കം. കടുവയുടെ ആക്രമണത്തില്‍ രാധയുടെ തലവേര്‍പെട്ടിരുന്നു. ഉടല്‍ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തില്‍ കാപ്പി പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ. രാവിലെ എട്ടു മണിയോടെയാണ് അച്ചപ്പന്‍ സ്‌കൂട്ടറില്‍ കൊണ്ടാക്കിയത്. 11.15 ന് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘമാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിര്‍ത്തിയില്‍നിന്ന് 150 മീറ്റര്‍ മാറി വനത്തിലായിരുന്നു മൃതദേഹം.

കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭാ പരിധിയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നരഭോജി കടുവയെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പഞ്ചാരകൊല്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കടുവയെ പിടിക്കുന്നതിന് നീക്കം ഊര്‍ജിതമാണ്. ദ്രുതപ്രതികരണ വിഭാഗത്തിലേതടക്കം ഇരുനൂറോളം വനസേനാംഗങ്ങളാണു കടുവയെ പിടിക്കുന്നതിനു ശ്രമത്തില്‍. കടുവയെ കണ്ടെത്തുന്നതിന് ഡ്രോണ്‍ സഹായത്തോടെ തെരച്ചില്‍ നടത്തുന്നുണ്ട്. കുടുംബസുഹൃത്തിന്റെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോകുന്നതിനിടെ പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി രണ്ടാം ബ്ലോക്കിലെ സ്വകാര്യ തോട്ടത്തിലാണു കടുവയുടെ ആക്രമണമുണ്ടായത്.വനത്തില്‍ പതിവു പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നോടെ തണ്ടര്‍ബോള്‍ട്ട് സംഘമാണു മൃതദേഹം കണ്ടത്. ചെരിപ്പും രക്തക്കറയും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏകദേശം ഇരുനൂറു മീറ്റര്‍ അകലെ വനത്തില്‍ കടുവ പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തിയത്. മുഖവും കഴുത്തും ശരീരത്തിന്റെ പല ഭാഗങ്ങളും കടുവ ഭക്ഷിച്ച നിലയിലായിരുന്നു.

തണ്ടര്‍ബോള്‍ട്ട് സംഘം വിവരമറിയിച്ചതിനെത്തുടര്‍ന്ന് തലപ്പുഴ സ്റ്റേഷന്‍ പരിധിയിലുള്ള പോലീസാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് നോര്‍ത്ത് വയനാട് ഡിഎഫ്ഒ കെ.ജെ. മാര്‍ട്ടിന്‍ ലോവലിന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി. കടുവ ആക്രമണത്തില്‍ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും രാധയുടെ ബന്ധുക്കള്‍ക്കു ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട നാട്ടുകാര്‍ മൃതദേഹം വനപ്രദേശത്തുനിന്നു മാറ്റുന്നതു തടഞ്ഞു. സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍. കേളു പ്രദേശവാസികളുമായി സംസാരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം വനത്തില്‍നിന്നു മാറ്റി പ്രിയദര്‍ശിനി എസ്റ്റേറ്റ് ഓഫീസിലെത്തിച്ചു. ഇവിടെ ഏറെ നേരം പ്രതിഷേധമുണ്ടായെങ്കിലും നരഭോജിക്കടുവയെ വെടിവച്ചു കൊല്ലുമെന്നും കുടുംബത്തിനു 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കുമെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് ഉച്ചകഴിഞ്ഞ് രണ്ടരയോടെ പ്രതിഷേധം അവസാനിച്ചത്.

മൃതദേഹം പിന്നീട് വയനാട് ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. മൃതദേദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഇന്നു രാവിലെ എട്ടിനു മൃതദേഹം സ്വവസതിയില്‍ എത്തിക്കും. രാവിലെ പത്തിനു പഞ്ചാരകൊല്ലി പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും. തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചര്‍ അച്ചപ്പന്റെ ഭാര്യയാണു രാധ. അനില്‍, അനീഷ എന്നിവര്‍ മക്കളാണ്.

Tags:    

Similar News