ഐ എഫ് എസ് എടുത്ത മാര്‍ട്ടിന്‍ ലോവല്‍; പി എസ് സിയില്‍ എസ് ഐ ടെസ്റ്റ് എഴുതി പ്രമോഷന്‍ നേടിയ സിഐ; ഇതില്‍ ആര്‍ക്കാണ് കേരളത്തിലെ വനത്തില്‍ കൂടുതല്‍ അധികാരം? പഞ്ചാരക്കൊല്ലിയില്‍ ഡിഎഫ്ഒയെ തടയുന്ന പോലീസ്! മാനന്തവാടി എസ് എച്ച് ഒയുടേത് അതിരുവിട്ട തടയല്‍; ഡി എഫ് ഒയ്ക്കുണ്ടായത് കടുത്ത അപമാനം; കടുവയെ ഇനി ആരു പിടിക്കും?

Update: 2025-01-26 05:14 GMT

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ ഡി.എഫ്.ഒയെ തടഞ്ഞ് പോലീസ് എത്തിയത് വിവാദത്തില്‍. ഇത് തര്‍ക്കങ്ങള്‍ക്കിടയാക്കി. ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ കയറിയ മാനന്തവാടി എസ്.എച്ച്.ഒ അഗസ്റ്റിന്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും മാധ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന രീതിയില്‍ ഇടപെടുകയുമായിരുന്നു. ജനങ്ങള്‍ ഒന്നടങ്കം ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ ഇന്നത്തെ ദൗത്യത്തിന്റെ കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഡി.എഫ്.ഒ. ഇതിനിടയിലാണ് ലൈവിലേക്ക് ഇടിച്ചുകയറി മാനന്തവാടി എസ്.എച്ച്.ഒ പ്രകോപകരമായ ഡി.എഫ്.ഒയെ തടസ്സപ്പെടുത്തിയത്. ഡി.എഫ്.ഒയെ മാധ്യമങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും എസ്.എച്ച്.ഒ ശ്രമിച്ചു.

ഇന്നിവിടെ ലൈവും വാര്‍ത്താ സമ്മേളനവുമൊന്നുമില്ലെന്ന് പറഞ്ഞാണ് എസ്.എച്ച്.ഒ മാധ്യമങ്ങളെ തടഞ്ഞത്. ഇതോടെ എസ്.എച്ച്.ഒയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമായി. എന്തിനാണ് സംസാരം തടസ്സപ്പെടുത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ എസ്.എച്ച്.ഒ തയ്യാറായില്ല. കടുവാ ദൗത്യം ഇന്നും തുടരുന്നുണ്ടെന്നാണ് ഡി.എഫ്.ഒ മാധ്യമങ്ങളോട് അറിയിച്ചത്. കടുവയെ കൂടുവെച്ച് പിടികൂടുന്നതിനാണ് പരിഗണന നല്‍കുന്നത്. ഇന്നലെ കടുവയെ കണ്ടു എന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സാന്നിധ്യം സ്ഥിരീകരിക്കാനായിരുന്നില്ല. നേരത്തെ കടുവയെ കണ്ടു എന്ന് പറയുന്നിടത്തും കൂട് സ്ഥാപിച്ചെടുത്തും ഇന്ന് കൂടുതല്‍ പരിശോധന നടത്തുമെന്നും ഡി.എഫ്.ഒ വ്യക്തമാക്കി. ഇതിനിടെയാണ് എസ് എച്ച് ഒ എത്തിയത്.

മാനന്തവാടി എസ് എച്ച് ഒ അഗസ്റ്റിന്‍ ബലം പ്രയോഗിച്ച് ഡിഎഫ്ഒയെ മാറ്റുകയായിരുന്നു. പ്രദേശത്ത് മാധ്യമങ്ങള്‍ നില്‍ക്കരുതെന്നും ഡിഎഫ്ഒ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം.  ഐഎഫ് എസ് നേടിയ ഉദ്യോഗസ്ഥനാണ് മാര്‍ട്ടിന്‍ ലോവല്‍. ഒരു സിഐ റാങ്കിലെ ഉദ്യോഗസ്ഥനേക്കാള്‍ ഏറെ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഐഎഎസും ഐപിഎസും പോലൊരു കേഡര്‍ സര്‍വ്വീസായ ഐഎഫ്എസുകാരനെ സിഐ എങ്ങനെ തടയുമെന്നും ഉപദേശിക്കുമെന്നുമൊന്നും ആര്‍ക്കും അറിയില്ല. വനത്തില്‍ സര്‍വ്വാധികാരം വനം വകുപ്പിനാണ്. പക്ഷേ ഇവിടെ എല്ലാം പോലീസിനാകുന്നു. ഇതില്‍ വനംവകുപ്പില്‍ അമര്‍ഷം ശക്തമാണ്. വനംമന്ത്രി എകെ ശശീന്ദ്രന് സര്‍ക്കാരില്‍ പിടിയില്ലാത്തതാണ് ഇതിനെല്ലാം കാരണമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിവാദത്തോടെ കടുവയെ ഇനി ആരു പിടിക്കുമെന്ന ചര്‍ച്ചയും സജീവമാണ്. വനംവകുപ്പിന് മുകളില്‍ പോലീസ് പിടിമുറുക്കുന്നതാണ് ഇതിന് കാരണം.

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇറങ്ങിയ കടുവക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡോക്ടര്‍ അരുണ്‍ സെകറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ വൈകീട്ട് കടുവയെ കണ്ട പ്രദേശത്ത് കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും ആര്‍ആര്‍ടി അംഗങ്ങളെയും ഉപയോഗിച്ചാണ് തിരച്ചില്‍. പ്രദേശത്തെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കടുവയുടെ സാന്നിധ്യം ഉള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നു വിടില്ല, മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റും. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യും

കടുവയെ വെടിവെച്ച് കൊല്ലണം. എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷാ ഉറപ്പാക്കണം. പ്രിയദര്‍ശിനി തൊഴിലാളികള്‍ക്ക് കൂലിയോടുള്ള അവധി നല്‍കണം. പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കടുവയെ പിടികൂടുന്ന വരെ സ്‌കൂളിലേക്ക് പോകാന്‍ സര്‍ക്കാര്‍ വാഹനം സജ്ജമാക്കണം.രാധയുടെ മക്കളില്‍ ഒരാള്‍ക്ക് സ്ഥിര ജോലി നല്‍കണം.നഷ്ടപരിഹാര തുക ബാക്കി ഉടനടി നല്‍കണം.അയല്‍ ജില്ലകളിലെ ആര്‍ആര്‍ടി എത്തിക്കണം, തുടങ്ങിയവയായിരുന്നു ജനങ്ങളുടെ ആവശ്യം. ഇവയെല്ലാം അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും തീര്‍ന്നു. ഇതിന് ശേഷം പ്രശ്‌നമുണ്ടാക്കാന്‍ പോലീസ് ശ്രമിക്കുന്നതിന തെളിവായും ഇന്നത്തെ സംഭവങ്ങളെ വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം കടുവയെ വെടിവെച്ച് കൊല്ലാതെ ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഇതോടെ കളക്ടര്‍ മൂന്ന് മണിയോടെ സ്ഥലത്തെത്തുമെന്നും ജനങ്ങളോട് സംസാരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. എന്നാല്‍ നാലു മണി കഴിഞ്ഞിട്ടും കളക്ടര്‍ എത്തിയിട്ടില്ല. അതാണ് പ്രതിഷേധം അണപൊട്ടാന്‍ കാരണം. ഇത് പിന്നീട് പരിഹരിച്ചു, കടുവയുടെ ദൃശ്യം ലഭിച്ചാല്‍ പോലും ഏത് ഡേറ്റാബേസിലുള്ള കടുവയാണ് എന്നുള്‍പ്പടെ ഉറപ്പാക്കി പരിശോധന നടത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കണോ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News