മാനന്തവാടിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു; 'എന്റെ അമ്മാവന്റെ ഭാര്യയാണ്... അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന് മിന്നു
മാനന്തവാടി: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് മിന്നു മണിയുടെ ബന്ധു. മിന്നുവിന്റെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മിന്നു ഫേസ്ബുക്കില്‍ കുറിച്ചു.
മിന്നുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അല്‍പ്പം മുമ്പ് കേള്‍ക്കാന്‍ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവയുടെ ആക്രമത്തില്‍ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്....അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു....ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നു മണി....
അതേസമയം കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനേത്തുടര്‍ന്ന് സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്യജീവി ആക്രമണമുണ്ടായതിനേത്തുടര്‍ന്ന് പ്രദേശവാസികള്‍ വനംവകുപ്പിനെതിരേ വലിയ പ്രതിഷധമാണ് ഉയര്‍ത്തുന്നത്. മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്.
ഇതോടെയാണ് നാട്ടുകാര്‍ വലിയ തോതില്‍ പ്രതിഷേധിച്ചത്. നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. കടുവയെ വെടിവെച്ചു കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പിടികൂടിയശേഷം വനത്തിലേക്ക് തന്നെ തുറന്നുവിടുന്ന രീതി പറ്റില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരു ആവശ്യം. പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങളില്‍ തീരുമാനമാകാതെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രിയദര്‍ശനി എസ്റ്റേറ്റിലാണ് ഇപ്പോള്‍ മൃതദേഹം. അതേസമയം കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കും. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടാന്‍ ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്.
അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ മേഖലയില്‍നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.