'കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിലൊരാള്‍ക്ക് ജോലി ഉറപ്പാക്കും; പതിനൊന്ന് ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും'; കടുവയെ വെടിവെച്ചു കൊല്ലും; മന്ത്രി കേളു ഉറപ്പു നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു നാട്ടുകാര്‍; വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലെന്ന് വി ഡി സതീശന്‍; ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ മിന്നു മണിയും കുടുംബവും
ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ മിന്നു മണിയും കുടുംബവും
മാനന്തവാടി: കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ വയനാട്ടില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. മൃതദേഹം ആശുപത്രിയിലേക്ക് നീക്കാതെ കടുത്ത രോഷമാണ് നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. പിന്നീട് കടുവയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ച ഉത്തരവിറക്കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മന്ത്രി കേളുവിന്റെ ഉറപ്പിലാണ് താല്‍ക്കാലികമായി നാട്ടുകാര്‍ പിരിഞ്ഞു പോയത്.
വിഷയം എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്നും കടുവയെ ഇന്ന് തന്നെ വെടിവെച്ച് കൊല്ലാനുള്ള നടപടികള്‍ ഉണ്ടാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ജനങ്ങളുടെ സുരക്ഷയ്ക്ക് ആര്‍ആര്‍ടി സംഘത്തെ വിന്യസിപ്പിക്കും. ഫെന്‍സിംഗ് നടപടികള്‍ പരമാവധി വേഗത്തിലാക്കും. കടുവയെ പിടികൂടാന്‍ കൂടു സ്ഥാപിക്കും. പതിനൊന്ന് ലക്ഷം രൂപ കുടുംബത്തിന് നല്‍കും. ഇതില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും. ബാക്കി തുക രേഖകള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് അടുത്ത ദിവസം തന്നെ നല്‍കും. ഇതിന് പുറമെ കുടുംബത്തിലൊരാള്‍ക്ക് ജോലി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം, നരഭോജി കടുവയെ വെടിവെക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ തുടങ്ങി. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാന്‍ ഉത്തരവ് നല്‍കിയെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കും. ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുമെന്നും ധനസഹായം ഉള്‍പ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടും . ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്. അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണ്ണാകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
രാധ എന്ന സ്ത്രീയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കര്‍ മിന്നു മണിയുടെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കത്തിലാണ് മിന്നുവും കുടുംബവും. ഡല്‍ഹിയില്‍ വെച്ചാണ് ഇന്ത്യന്‍ താരം ദുരന്തവാര്‍ത്തയറിയുന്നത്. ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ദുഃഖവും മിന്നുമണി പങ്കുവെച്ചു. ഇരകള്‍ ഇനിയുമുണ്ടാകുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്നാണ് മിന്നുമണി അധികൃതരോട് ആവശ്യപ്പെടുന്നത്. 2023ലാണ് മിന്നുമണി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ ഇടംനേടിയത്. വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുകയാണിപ്പോള്‍.
മാനന്തവാടി സ്വദേശിയായ മിന്നുവിന്റെ അമ്മയുടെ സഹോദരന്‍ അച്ചപ്പന്റെ ഭാര്യയാണ് രാധ. വനംവാച്ചറാണ് അച്ചപ്പന്‍. അനീഷ, അജീഷ് എന്നിവരാണ് രാധയുടെ മക്കള്‍. തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാന്‍ പോകുന്നതിനിടെയാണ് കടുവ കൊന്ന് ഭക്ഷിച്ചത്. മന്ത്രി ഒ ആര്‍ കേളു ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. കടുവയെ പിടികൂടുന്നതിനു നടപടികള്‍ വനംവകുപ്പ് ആസൂത്രണം ചെയ്യുകയാണ്. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാനാണ് ഉത്തരവ്. നരഭോജിക്കടുവയായതിനാല്‍ മയക്കുവെടി വച്ചു പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ആദ്യം നടപ്പാക്കുക എന്നാണ് വിവരം.
കേരളത്തില്‍ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥ: സതീശന്‍
വന്യജീവികളെ നേരിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. സര്‍ക്കാര്‍ പരിഹാരം കാണണം.
വന്യജീവി ആക്രമണം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സംസ്ഥാനത്ത് അതിഭീകരമായാണ് വന്യജീവി ആക്രമണം നടക്കുന്നത്.വന്യജീവി ആക്രമണത്തില്‍ അയ്യായിരം കന്നുകാലികളാണ് ചത്തൊടുങ്ങിയത്.പരമ്പരാഗതമായി ചെയ്യുന്ന സംവിധാനങ്ങള്‍ പോലും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മനുഷ്യന്റ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്വം ഉണ്ട്. ഒന്നും ചെയ്യില്ലെന്ന നിലപാട് തിരുത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.