പ്രേം നസീര്‍ താരപദവി നഷ്ടപ്പെട്ട് അവസരങ്ങള്‍ കിട്ടാതെ മനസുവിഷമിച്ചാണ് മരിച്ചത് എന്ന പ്രതികരണം അറിവില്ലായ്മയായി; മണിയന്‍ പിള്ള രാജുവിനെ കുത്തി മാപ്പു പറച്ചില്‍; എല്ലാ ദിവസവും മേക്കപ്പിട്ട് സ്വയം നോക്കിയിരിക്കേണ്ടി വരുമെന്ന സന്ദേശം കിട്ടിയത് നിര്‍ണ്ണായകമായി; 'നിത്യഹരിത നായകനെ' വിമര്‍ശിച്ച് ടിനി ടോം കഷ്ടിച്ച് രക്ഷപ്പെട്ട കഥ
കൊച്ചി: ടിനി ടോം എല്ലാം മാറ്റി പറഞ്ഞത് സിനിമാ സംഘടനകളുടെ നടപടി ഭയത്തില്‍. നിത്യഹരിത നായകന്‍ പ്രേംനസീറിനെതിരെ നടത്തിയ പരാമര്‍ശം അതിരുവിട്ടതാണെന്ന് ഏല്ലാവരും വിലയിരുത്തിയിരുന്നു. പ്രേംനസീറിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം സീനിയര്‍ താരം പങ്കുവച്ച വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് നടന്‍ ടിനി ടോം. ഇപ്പോള്‍ അദ്ദേഹം കൈമലര്‍ത്തുകയാണെന്നും തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ടിനി പറഞ്ഞു. മണിയന്‍ പിള്ള രാജുവാണ് ഇത് പറഞ്ഞതെന്ന് മമ്മി സെഞ്ച്വറിയോട് ടിനി പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് മണിയന്‍പിള്ള പരസ്യമായി തള്ളി പറഞ്ഞു. ഇതിന് പിന്നാലെ ടിനി ടോം കൂടുതല്‍ ഒറ്റപ്പെട്ടു. താര സംഘടനയായ അമ്മയില്‍ പരാതി എത്തുമെന്നും ഉറപ്പായി. ഇതോടെയാണ് ടിനി നിലപാട് മാറ്റിയതും ഖേദ പ്രകടനം നടത്തിയതും. പ്രേം നസീര്‍ താരപദവി നഷ്ടപ്പെട്ട് അവസരങ്ങള്‍ കിട്ടാതെ മനസുവിഷമിച്ചാണ് മരിച്ചത് എന്ന ടിനി ടോമിന്റെ വാക്കുകളായിരുന്നു വിവാദമായത്. എന്നാല്‍ നസീര്‍ വിവാദത്തില്‍ ഖേദ പ്രകടനം നടത്തിയില്ലെങ്കില്‍ അവസരങ്ങള്‍ കിട്ടാത്ത അവസ്ഥ വരുമെന്ന് ടിനിയും തിരിച്ചറിഞ്ഞു. ഇതാണ് ഖേദ പ്രകടനമായി മാറുന്നത്. ഖേദ പ്രകടനം ഉണ്ടായ സാഹചര്യത്തില്‍ സിനിമാ സംഘടനകളൊന്നും ടിനി ടോമിനെതിരെ നടപടി എടുക്കില്ല.
മലയാളസിനിമയിലെ ഇതിഹാസമാണ് പ്രേംനസീര്‍. അദ്ദേഹത്തെ ആരാധിക്കുന്ന വ്യക്തിയാണ് താന്‍. നസീര്‍ സാറിനെ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയര്‍ പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോള്‍ അദ്ദേഹം കൈമലര്‍ത്തുകയാണ്. അഭിമുഖത്തിലെ ഭാഗം ചുരണ്ടിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ടിനി ടോം പറഞ്ഞു. സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില്‍നിന്നിറങ്ങി അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില്‍ പോയിരുന്ന് കരയുമായിരുന്നു എന്നായിരുന്നു ടിനിയുടെ പരാമര്‍ശം. ഇതിനെതിരെ ചലച്ചിത്രമേഖലയിലുള്ളവരും പ്രേംനസീറിന്റെ ആരാധകരും രംഗത്തെത്തിയിരുന്നു. പ്രംനസീറിന്റെ ആരാധകര്‍ നിയമ നടപടിയും ആലോചിച്ചിരുന്നു. അതിനിടെ സീനിയറിന്റെ പേരു പറയാത്ത ടിനിയുടെ ഭീരുത്വവും ചര്‍ച്ചയായിട്ടുണ്ട്.
പ്രേം നസീറിനെക്കുറിച്ച് നടത്തിയ വിവാദപരാമര്‍ശത്തിലെ സംഭവങ്ങള്‍ തന്നോട് പറഞ്ഞത് മണിയന്‍പിള്ള രാജുവാണെന്ന് ടിനി ടോം അവകാശപ്പെട്ടതായി സംവിധായകന്‍ ആലപ്പി അഷറഫ് വെളിപ്പെടുത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആലപ്പി അഷറഫ് ഇക്കാര്യം പറഞ്ഞത്. മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം തേടി ആലപ്പി അഷറഫ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മണിയന്‍പിള്ള രാജുവും ആലപ്പി അഷറഫും തമ്മിലെ ഫോണ്‍സംഭാഷണമാണ് യൂട്യൂബില്‍ പ്രസിദ്ധീകരിച്ചത്. മണിയന്‍പിള്ള രാജുവിനോട് ആലപ്പി അഷറഫ്, ടിനി ടോം പറഞ്ഞകാര്യം വെളിപ്പെടുത്തുന്ന വീഡിയോയാണ് പങ്കുവെച്ചത്.
'മമ്മി സെഞ്ചുറിയുടെ അടുത്ത് ടിനി ടോം പറഞ്ഞത്, മണിയന്‍പിള്ള രാജു എനിക്ക് പറഞ്ഞു തന്നതാണ് എന്നാണ്. ആ വോയിസ് എനിക്ക് കിട്ടിയിട്ടുണ്ട്', എന്നാണ് മണിയന്‍പിള്ള രാജുവിനോട് ആലപ്പി അഷറഫ് പറഞ്ഞത്. എന്നാല്‍, ടിനി ടോമിന്റെ വാദം മണിയന്‍പിള്ള രാജു തള്ളി. 'ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ടുപോലുമില്ല. നസീര്‍ സാറിന്റെ കൂടെ പത്തോ പതിനഞ്ചോ സിനിമയില്‍ അഭിനയിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇത്രയും ദൈവതുല്യനായ ആളെ ഞാന്‍ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ല. ടിനി ടോം മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍പെട്ടിട്ടുണ്ട്. എന്തിന് ഇങ്ങനെ ഇത്രയും മഹാനായ ആളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. ഇവന് ഭ്രാന്താണെന്ന് തോന്നുന്നു, തലയ്ക്കകത്ത്', എന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി. ഇതോടെയാണ് ടിനി ഖേദ പ്രകടനം നടത്തുന്നത്. അപ്പോഴും പേരു പറയാതെ മണിയന്‍ പിള്ള രാജുവിനെ കുറ്റപ്പെടുത്തു. തല്‍കാലം ആ പേര് നടന്‍ പറയില്ല.
'നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. സീനിയര്‍ തന്നെ ഇന്‍ഫര്‍മേഷനാണ്. ഇപ്പോള്‍ അദ്ദേഹം കൈമലര്‍ത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തില്‍നിന്ന് ആവാഹിച്ചെടുത്തതല്ല. കേട്ട ഇന്‍ഫര്‍മേഷന്‍ വെച്ച് ഷെയര്‍ ചെയ്തു. അത് ഒരിക്കലും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല', എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍. ഇതിനെടയാണ് മണിയന്‍ പിള്ള രാജു എതിര്‍ത്തത്.
ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ടുപോലുമില്ല. ഞാന്‍ നസീര്‍ സാറിന്റെ കൂടെ പത്തോ പതിനഞ്ചോ പടങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആളാണ്. മാത്രമല്ല, നസീര്‍ സാറിനെപ്പോലെ ദൈവതുല്യനായ ഒരാളെ അതിനുമുമ്പോ ശേഷമോ കണ്ടിട്ടില്ലെന്ന് ഞാന്‍ അഭിമുഖങ്ങളിലും ഫംഗ്ഷനുകളിലുമൊക്കെ പറഞ്ഞിട്ടുണ്ട്.ഈ ടിനി ടോം മണ്ടത്തരങ്ങള്‍ പറഞ്ഞ് മുമ്പും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. എന്തിന് ഇത്രയും മഹാനായ ഒരു മനുഷ്യനെക്കുറിച്ച് മോശമായി പറയുന്നു. ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. എന്താണിത്. മരിച്ചുപോയ ഒരാളാണ്. ഞാന്‍ ഒരിക്കലും നസീര്‍ സാറിനെക്കുറിച്ച് അങ്ങനെ പറയില്ല. അത്രയും അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അയാളോട് മാപ്പ് പറയാന്‍ പറയണം. രണ്ട് പടം വന്നാല്‍ പരിസരം മറന്ന്, പണ്ട് നടന്ന രീതികളൊക്കെ മറക്കുന്നയാളുകളാണ് ഇവരൊക്കെ. അങ്ങനെ ചെയ്യാന്‍ പാടില്ല.'- മണിയന്‍ പിള്ള രാജു വ്യക്തമാക്കിയത് ഇങ്ങനെയാണ്.