നഴ്‌സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട്ടെ ആശുപത്രിയിൽ ജോലി ചെയ്തുവന്ന ആ ചെറുപ്പക്കാരൻ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിക്കവേ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ദുരിതം; ഒരു രോഗിയിൽ നിന്ന് 'നിപ' ബാധിച്ചത് തലവര മാറ്റി; കോമ സ്റ്റേജിൽ കിടന്നത് ഏകദേശം രണ്ട് വർഷത്തോളം; ഒടുവിൽ 'ഫീനിക്സ്' പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപ്പ്; ഇത് എല്ലാം അവസാനിച്ചുവെന്ന് കരുതിയ 'ടിറ്റോ'യുടെ കഥ
കോഴിക്കോട്: നിപ ബാധിതനെ പരിചരിക്കുന്നതിനിടയിൽ രോഗം പിടിപെട്ട് രണ്ടുവർഷത്തോളമായി കോമ അവസ്ഥയിൽ ചികിത്സയിലായിരുന്ന നഴ്‌സ് ടിറ്റോ തോമസ് ആശുപത്രി വിട്ടു. കോഴിക്കോട്ടെ ഇഖ്‌റ ആശുപത്രിയിൽ നിന്നാണ് കോമയുടെ പിടിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ടിറ്റോയെ ബന്ധുക്കൾ വാടക വീട്ടിലേക്ക് മാറ്റിയത്. നിപയെത്തുടർന്നുണ്ടായ മസ്തിഷ്ക ജ്വരമാണ് ടിറ്റോയുടെ ആരോഗ്യനില വഷളാക്കിയത്.
കഴിഞ്ഞ 2023 ഓഗസ്റ്റ് മാസത്തിലാണ് ടിറ്റോയുടെ ജീവിതത്തെ ഇരുട്ടിലാക്കിയ സംഭവം നടന്നത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന മംഗളൂരു സ്വദേശി ടിറ്റോ തോമസ്, അന്ന് ആശുപത്രിയിലെത്തിച്ച മരുതോങ്കര സ്വദേശിയായ നിപ രോഗിയെ പരിചരിക്കുകയായിരുന്നു. രോഗി മരണമടഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. പിന്നാലെ ടിറ്റോ തോമസും രോഗബാധിതനായി.
നിപ വൈറസ് ബാധയെത്തുടർന്നുണ്ടായ ലേറ്റന്റ് എൻസഫലൈറ്റിസ് (latent encephalitis) ടിറ്റോയെ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിട്ടു. 2023 ഡിസംബർ 2-ന് അദ്ദേഹം കോമ അവസ്ഥയിലായി. തുടർന്ന് രണ്ടുവർഷത്തോളം കോഴിക്കോട്ടെ ഇഖ്‌റ ആശുപത്രിയിൽ ടിറ്റോ ചികിത്സയിലായിരുന്നു. ഈ ഘട്ടത്തിൽ, കൂലിപ്പണിക്കാരനായ ടിറ്റോയുടെ കുടുംബം അദ്ദേഹത്തോടൊപ്പം നിന്നു. സാമ്പത്തികമായി വലിയ വെല്ലുവിളികൾ നേരിട്ടിട്ടും ടിറ്റോയുടെ പരിചരണത്തിനായി ഇഖ്‌റ ആശുപത്രി അധികൃതർ ഇതുവരെ 80 ലക്ഷം രൂപയോളം ചെലവഴിച്ചതായാണ് റിപ്പോർട്ട്.
കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ടിറ്റോയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അടുത്തുള്ള വാടക വീട്ടിലേക്ക് മാറ്റിയത്. ആശുപത്രിയിലെ സഹപ്രവർത്തകരും അദ്ദേഹത്തിന്റെ തുടർ പരിചരണത്തിന് സഹായവുമായി രംഗത്തുണ്ട്. ടിറ്റോയുടെ കുടുംബത്തിന് വലിയ ആശ്വാസമേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടാതെ, ട്രെയിൻഡ് നഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ടിറ്റോയ്ക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
നിപ വൈറസ് ബാധയെത്തുടർന്നുണ്ടായ സങ്കീർണതകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ടിറ്റോയുടെ പോരാട്ടം സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നുളള ഡിസ്ചാർജ്, അദ്ദേഹത്തിനും കുടുംബത്തിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് മാറ്റിയെങ്കിലും വിദഗ്ദ്ധ ചികിത്സയും പരിചരണവും തുടരേണ്ടതുണ്ട്.
