പുഷ്പക് എക്സ്പ്രസിൽ പുക ഉയരുന്നത് കണ്ട് യാത്രക്കാർ എടുത്തുചാടി വൻ അപകടം; എതിർദിശയിൽ നിന്നെത്തിയ കർണാടക എക്സ്പ്രസ് ഇടിച്ച് 11 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു; റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
ഡൽഹി: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ കർണാടക എക്സ്പ്രസ് ഇടിച്ച് പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പുഷ്പക് എക്‌സ്പ്രസിൽ യാത്ര ചെയ്തവരാണ് മരിച്ചത്. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തം ഉണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ തിടുക്കത്തിൽ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്.
പാളത്തിലേക്ക് ചാടിയ യാത്രക്കാരെ എതിർദിശയിൽ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. എട്ടോളം യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, പുഷ്പക് എക്സ്പ്രസിൽ തീ പടർന്നുവെന്ന വിവരം വ്യാജമാണെന്നും സൂചനകളും ഉണ്ട്.
ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന ട്രെയിനാണ് പുഷ്പക് എക്‌സ്പ്രസ്. പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് യാത്രക്കാർ ചാടിയതെന്നാണ് വിവരം.
എന്നാല്‍ തീവണ്ടിയിൽ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ ചാടിയതെന്നുമാണ് വിവരം.
ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയത്. ഇവര്‍ ചാടിയ ഉടനെ എതിർദിശയിലെ ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ്ടി ഇടിച്ചാണ് എട്ട് പേര്‍ മരിച്ചത്. പതിനാറോളം പേരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. റെയിൽവേ അധികൃതരും സംഭവ സ്ഥലത്തേക്ക് പാഞ്ഞ് എത്തുകയാണ്. ട്രെയിനിന്റെ ചക്രങ്ങളിൽ നിന്നും പുക ഉയർന്നത് യാത്രക്കാരെ ആശങ്കപ്പെടുത്തി. ഇതിനുശേഷമാണ് വൻ ദുരന്തം ഉണ്ടായത്.