മൂക്കിലെ ദശമാറ്റുന്നതിനായി ശസ്ത്രക്രിയ ചെയ്ത യുവതിക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായി പരാതി; അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ചികിത്സാ പിഴവെന്ന ആരോപണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി ബന്ധുക്കള്‍

മൂക്കിലെ ദശമാറ്റുന്നതിനായി ശസ്ത്രക്രിയ ചെയ്ത യുവതിക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായി പരാതി

Update: 2024-12-27 16:50 GMT

കണ്ണൂര്‍: മൂക്കിലെ ദശമാറ്റുന്നതിന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്നും ശസ്ത്രക്രീയ ചെയ്ത അക്ഷയ സെന്റര്‍ ജീവനക്കാരിക്ക് വലതുകണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ താവക്കര ക്യാംപില്‍ അക്ഷയ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന അഞ്ചരക്കണ്ടി മായമാങ്കണ്ടി വീട്ടില്‍ ഷജിലിന്റെ ഭാര്യ ടി.രസ്‌നയ്ക്കാണ് (30) ഒരു കണ്ണിന്റെ കാഴ്ച്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടത്. രണ്ടു ചെറിയ കുഞ്ഞുങ്ങളുടെ അമ്മയായ യുവതി ഇപ്പോള്‍ ജോലി ചെയ്യാനാവാതെ ദുരിതത്തിലാണ് നിര്‍മ്മാണ തൊഴിലാളിയായ ഷജിലിന്റെ ഭാര്യയാണ് രസ്‌ന.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ഇടവിട്ട് ജലദോഷവും മൂക്കടപ്പും വരുന്നു കാരണം ഇവര്‍ ആദ്യം കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ ഡോ. അരുണ്‍ ദിവാകരനെ കാണിക്കുകയായിരുന്നു. അസുഖത്തിന് മൂക്കില്‍ ദശവളരുന്നതാണെന്നും ശസ്ത്രക്രിയക്കായി ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. കൊയിലിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാലാണ് അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ തേടിയത്. കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് ഇവിടെ നിന്നും ശസ്ത്രക്രിയ നടത്തിയത്. ഡോ.ഹനീഷ് ഹനീഫ, ഡോ. പ്രീയ ദര്‍ശിനി എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.

ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന സര്‍ജറി അനസ്തീഷ്യ നടത്തിയാണ് ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണു തുറന്നപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി മനസിലായത്. ഈ വിവരം ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ അതു നീര്‍ക്കെട്ട് വന്നതാണെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ കാഴ്ച്ച തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ജ്യോതിസ് ഐ കെയര്‍ എന്ന സ്ഥാപനത്തില്‍ കാണിക്കുകയും അവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ശസ്ത്രക്രിയയില്‍ വന്ന പിഴവാണ് കാഴ്ച്ച നഷ്ടപ്പെടാന്‍ കാരണമെന്ന് വ്യക്തമാവുകയായിരുന്നു.

കണ്ണിന്റെ റെറ്റിനയിലേക്ക് രക്തം പോകുന്ന ഞരമ്പിന് സര്‍ജറി സമയത്ത് ക്ഷതമേല്‍ക്കുകയും റെറ്റിനയിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് രക്തം കട്ടപിടിച്ചു നില്‍ക്കുന്നതായി വ്യക്തമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ശ്രീ ചന്ത്, കോയമ്പത്തൂര്‍ അരവിന്ദ് എന്നിവടങ്ങളില്‍ വിദഗ്ദ്ധ ചികിത്സ തേടിയിട്ടും കാഴ്ച്ച നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയില്ല. ഇപ്പോള്‍ വലതു മൂക്കിന്റെ വശത്തേക്കുള്ള ചലന ശേഷിയും നഷ്ടമായിരിക്കുകയാണ് ഇതു കാരണം അക്ഷയ സെന്ററില്‍ ജോലി നഷ്ടമായി. ഈ കാര്യം പറഞ്ഞു കൊണ്ട് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അധികൃതരെ സമീപിച്ചപ്പോള്‍ അവര്‍ തുടര്‍ ചികിത്സ ഏറ്റെടുക്കുകയോ നഷ്ടപരിഹാരം നല്‍കാനോ തയ്യാറാവാതെ നിങ്ങള്‍ നിയമനടപടി സ്വീകരിച്ചോയെന്ന് പറഞ്ഞ് വെല്ലുവിളിക്കുകയായിരുന്നു.

കുറ്റാക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെയും ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി , ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയതായി രസ്‌നയുടെ ബന്ധുക്കള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രസ്‌നയുടെ ഭര്‍ത്താവ് കെ. ഷജില്‍ , പിതാവ് രാജന്‍ സഹോദരന്‍ ടി.വി ശ്രീജിത്ത്, തലശേരി ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ എം. രമേശന്‍, സി.പി.എം അഞ്ചരക്കണ്ടി ഏറിയാ കമ്മിറ്റി അംഗം കെ.രജിന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News