മഞ്ചേരിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് മരം മുറിച്ചു കടത്തി; കെട്ടിടത്തിന് ഭീഷണിയായ ചുള്ളിക്കമ്പുകള്‍ മുറിച്ചതിന്റെ മറവില്‍ മരംമുറി; നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പും പോലീസും; കുറ്റക്കാരെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആക്ഷേപം
മഞ്ചേരിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് മരം മുറിച്ചു കടത്തി
മലപ്പുറം: മഞ്ചേരി ചുള്ളക്കാട് ഗവ. യുപി സ്‌കൂള്‍ മുറ്റത്തു നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ച് കടത്തിയത് സംഭവത്തില്‍ പരാതി കൊടുക്കാതെ വിദ്യാഭ്യാസ വകുപ്പും കേസെടുക്കാതെ പൊലീസും. സ്‌കൂള്‍ കെട്ടിടത്തിനു ഭീഷണിയായ ചുള്ളിക്കമ്പുകള്‍ മുറിച്ചതിന്റെ മറവിലാണ് മരം മുറിച്ചത്.
മരംകൊള്ള സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍. നൂറിലധികം വര്‍ഷം പഴക്കമുള്ള രണ്ട് കൂറ്റന്‍ പ്ലാവുകളാണ് അപ്രത്യക്ഷമായത്. മരം മുറിച്ചത് ആരാണെന്നോ, മുറിച്ചു മാറ്റിയ മരങ്ങള്‍ എങ്ങോട്ടോണു കടത്തിയതെന്നോ വ്യക്തമല്ല. ആഴ്ചകള്‍ക്കു മുന്‍പായിരുന്നു സംഭവം. മരം മുറി നാട്ടില്‍ ചര്‍ച്ചയായതോടെ മുറിച്ച ഭാഗത്തിന്റെ അടിഭാഗത്തെ കാതലും വേരുകളുമുള്ള ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പിഴുതു നീക്കിയ നിലയിലാണ്. നാട്ടുകാര്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നു മുന്‍ പിടിഎ പ്രസിഡന്റ് പി.വിശ്വനാഥന്‍ വിദ്യാഭ്യാസ വകുപ്പിനു നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി.
അന്വേഷണം നടക്കുന്നതിനാല്‍ മരംമുറി സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ അഭിപ്രായം. മരം മുറിച്ച് കടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭയുടെ ഭാഗത്തു നിന്നോ, വിദ്യാഭ്യാസ വകുപ്പില്‍ നിന്നോ പരാതി ലഭിച്ചില്ലെന്ന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ നിന്നും അറിയിച്ചു. പൊതുസ്ഥലത്തെ മരം മുറിക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. ട്രീ കമ്മിറ്റിയുടെ അനുമതി, മരാമത്ത് വകുപ്പ് അനുമതി, വനം വകുപ്പിന്റെ നേതൃത്വത്തില്‍ വില നിശ്ചയിക്കല്‍, ലേല നടപടികള്‍, തുടങ്ങിയവ പൂര്‍ത്തിയാക്കിയാണ് മരം മുറിക്കേണ്ടത്. ഇത്തരം നടപടികള്‍ ഉണ്ടായില്ലെന്നാണ് ആരോപണം. കുറ്റക്കാരെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ വിശ്വനാഥന്‍ പറഞ്ഞു.