കരിങ്കല്ല് ലോഡ് ഇറക്കി തിരിച്ച് മടങ്ങിയ ആ ഭാരത് ബെൻസിന്റെ പടുകൂറ്റൻ ലോറി; ഏകദേശം ബൈപ്പാസ് ഭാഗം എത്തിയതും ഉഗ്ര ശബ്ദം; നാട്ടുകാരുടെ വരവിൽ 30 അടി താഴ്ചയിൽ അതിഭീകര കാഴ്ച; വണ്ടിയുടെ മുൻവശം മുഴുവൻ തകർന്ന് തരിപ്പണമായി; ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം

Update: 2026-01-10 17:02 GMT

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപാസിൽ ലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചോടെ പയറുംമൂടിനും തെങ്കവിളയ്ക്കും ഇടയിലുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ വിജിനെ (33) വിഴിഞ്ഞം ഫയർഫോഴ്സ് സീറ്റ് മുറിച്ച് പുറത്തെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് ഫയർഫോഴ്സ് അധികൃതർ നൽകുന്ന പ്രാഥമിക നിഗമനം.

ബൈപാസിന്‍റെ വശങ്ങളിലെ ബാരിക്കേഡ് തകർത്ത് താഴേക്ക് പതിച്ച ലോറി, മുതലപ്പൊഴിയിൽ കരിങ്കല്ല് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പുലർച്ചെയായതിനാൽ സർവീസ് റോഡിലും ബൈപാസിലും മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.

അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചത്. എന്നാൽ ഡ്രൈവറെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ വഴിയാത്രക്കാരൻ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം ലോറിയുടെ സീറ്റ് മുറിച്ചുമാറ്റിയാണ് പരിക്കേറ്റ വിജിനെ പുറത്തെടുത്തത്. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഡ്രൈവറെ പുറത്തെടുക്കുന്ന സമയത്ത് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, തീപിടിത്തമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഫയർഫോഴ്സ് സംഘം മടങ്ങിയത്. പുലർച്ചെ ഹൈവേകളിൽ ഡ്രൈവർമാർക്ക് സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു. 

Tags:    

Similar News