സൗദിയില്‍ എംബിഎസുമായി വേദി പങ്കിടവേ ഉറക്കം തൂങ്ങി കണ്ണുകളടഞ്ഞു; പ്രാസംഗികര്‍ പേരു പരാമര്‍ശിക്കവേ ഞെട്ടിത്തിരിഞ്ഞു; അറബ് പേരുകള്‍ ഉച്ചരിക്കാനും നന്നേ പാടുപെട്ടു; ഡൊണാള്‍ഡ് ട്രംപിന് ഡിമന്‍ഷ്യയുടെ തുടക്കമാണോ എന്നു ചോദിച്ചു പാശ്ചാത്യ മാധ്യമങ്ങള്‍

സൗദിയില്‍ എംബിഎസുമായി വേദി പങ്കിടവേ ഉറക്കം തൂങ്ങി കണ്ണുകളടഞ്ഞു

Update: 2025-05-16 10:30 GMT

റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ അവശേഷിക്കുന്നത് ഒരു ചോദ്യമാണ് ട്രംപിന്റെ ആരോഗ്യനില മോശമായി മാറിയോ എന്ന്. ഗള്‍ഫ് സന്ദര്‍ശനവേളയില്‍ പല സന്ദര്‍ഭങ്ങളിലും ട്രംപിന്റെ ശീരഭാഷയും ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. റിയാദിയില്‍ ഒരു വേദിയില്‍ ഇരിക്കുന്ന സമയത്ത് പെട്ടെന്ന് ട്രംപിന്റെ കണ്ണുകള്‍ അടയുന്നതായും അദ്ദേഹം വല്ലാതെ തലയാട്ടുന്നതായും കാണാം. ഏതാനും നിമിഷങ്ങള്‍ക്കകം പ്രാസംഗികര്‍ ആരോ തന്റെ പേര് പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം ഞെട്ടി തിരിഞ്ഞുനോക്കുന്നുണ്ട്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

ട്രംപിന് സ്വന്തം കണ്ണ് തുറക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞതായി ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിക്കുകയും ചെയ്തു. പതിനഞ്ച് മണിക്കൂറോളം അമേരിക്കയില്‍ നിന്ന് സൗദിയിലേക്ക് വിമാനത്തില്‍ സഞ്ചരിച്ചതിന്റെ ക്ഷീണം കാരണമാണ് ട്രംപ് ഇത്തരത്തില്‍ പെരുമാറുന്നത് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ബുധനാഴ്ച റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും സിറിയന്‍ മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലും ട്രംപ് കസേരയില്‍ ചാരിക്കിടക്കുന്നതിന്റെ മറ്റൊരു ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തലകുനിച്ചിരിക്കുന്നതായിട്ടാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രസിഡന്റ് ഇപ്പോള്‍ എല്ലാ കാര്യത്തിനും ഭാര്യ മെലനിയയുടെ സഹായം തേടുന്നതായി ഈയിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പ്രസിഡന്റിന് പ്രായം കൂടുകയാണെന്നും അദ്ദേഹത്തിന് നടക്കാന്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ട് എന്നൊക്കെ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ അനുകൂലികള്‍ ഇതെല്ലാം തള്ളിക്കളയുകയാണ്. ഏത് മനുഷ്യനും പ്രായം കൂടുമ്പോള്‍ ശാരീരിക ബലഹീനതകളും വര്‍ദ്ധിക്കുമെന്നത് സ്വാഭാവികമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


 



ഇപ്രാവശ്യം ട്രംപിന്റെ പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരിക്കും അദ്ദേഹമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നേരത്തേ ജോ ബൈഡനായിരുന്നു അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്. അതേ സമയം ചിലര്‍ അഭിപ്രായപ്പെടുന്നത് ട്രംപിന്റേത് വാര്‍ദ്ധക്യത്തിന്റെ പ്രശ്നങ്ങള്‍ മാത്രമല്ല എന്നാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യനില അത്ര ശരിയല്ല എന്നു തന്നെയാണ് ഇവര്‍ വാദിക്കുന്നത്. ഒന്നുകില്‍ ട്രംപിന് ഡിമെന്‍ഷ്യയോ അല്ലെങ്കില്‍ മാനസിക പ്രശ്നങ്ങളോ ഉള്ളതായിട്ടാണ് പ്രമുഖ ടെലിവിഷന്‍ അവതാരകനായ ലോറന്‍സ് ഓ ഡോണല്‍ കരുതുന്നത്.

ഇപ്പോള്‍ പലപ്പോഴും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ അദ്ദേഹം നേരിയ തോതില്‍ തപ്പിത്തടയുന്നതായി മാധ്യമ മേഖലയിലെ പ്രമുഖരും പറയുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് ഡിമന്‍ഷ്യയെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തനിക്കും ഡിമെന്‍ഷ്യ ഉണ്ടാകുമോ എന്ന ഭയം ട്രംപിന് എപ്പോഴും ഉണ്ടെന്നാണ് ചില ബന്ധുക്കളും വെളിപ്പെടുത്തിയത്. ബൈഡന്റെ കാലാവധി അവസാനിക്കുമ്പോള്‍ അങ്ങേയറ്റം അനാരോഗ്യമായിരുന്നു അദ്ദേഹത്തിന്. തന്റെ വിശ്വസ്തരായ അനുയായികളെ പോലും ബൈഡന് ഓര്‍മ്മയുണ്ടായിരുന്നില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

Tags:    

Similar News