ഞങ്ങളെ തല്ലേണ്ട....ഞങ്ങള്‍ നന്നാവില്ല! മുതിര്‍ന്ന നേതാക്കളുടെ ഉപദേശവും പാര്‍ട്ടി ക്ലാസ്സുകളും വെള്ളത്തില്‍ വരച്ച വരയായി; മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരം കോര്‍പ്പറേഷനും വന്‍ പരാജയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഗുരുതര വീഴ്ച; പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നില്‍; പാഴാക്കിക്കളഞ്ഞത് കോടികളെന്നും കണ്ടെത്തല്‍

മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരം കാര്‍പ്പറേഷനും വന്‍ പരാജയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Update: 2025-10-16 11:29 GMT

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളുടെ നിരന്തര ഉപദേശവും പ്രവര്‍ത്തനം സംബന്ധിച്ച പാര്‍ട്ടി ക്ലാസ്സുകളും ഫലം കണ്ടില്ല. മേയര്‍ ആര്യ രാജേന്ദ്രന്‍ ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ കേരളത്തിലെ ഏറ്റവും മോശം തദ്ദേശ സ്ഥാപനമെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഗുരുതര വീഴ്ചയെന്നും പദ്ധതി നിര്‍വഹണത്തില്‍ പിന്നിലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം. വിവിധ പദ്ധതികള്‍ യഥാസമയം നടപ്പാക്കാത്തതുമൂലം കോടികള്‍ കോര്‍പ്പറേഷനു നഷ്ടമായതായും ഓഡിറ്റില്‍ കണ്ടെത്തി.

തലസ്ഥാന ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അക്കമിട്ടു പറഞ്ഞിട്ടുള്ളത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച പദ്ധതികളില്‍ പകുതിയില്‍ താഴെ മാത്രമാണ് നടപ്പിലാക്കിയത്. 2023- 24 ല്‍ 1872 പദ്ധതികള്‍ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കിയതില്‍ നടപ്പിലാക്കിയത് 801 എണ്ണം മാത്രമാണ്. 1071 പദ്ധതികള്‍ നടപ്പിലാക്കിയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി നടത്തിപ്പുകളിലാണ് വീഴ്ച സംഭവിച്ചത്. 228.71 കോടി സര്‍ക്കാരില്‍ നിന്ന് അലോട്ട്‌മെന്റ് ലഭിച്ചിട്ടും 178.28 കോടി രൂപ മാത്രമാണ് കോര്‍പ്പറേഷന്‍ ചെലവഴിച്ചത്. 50.43 കോടി രൂപ പാഴാക്കി.

കോര്‍പ്പറേഷന്റെ ഭരണം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭരണസമിതിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. മേയറുടെ പക്വതക്കുറവും നിരവധി തവണ ചര്‍ച്ചാ വിഷയമായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം മേയര്‍ക്കും ഭരണകക്ഷിയിലെ സി.പി.എം അംഗങ്ങള്‍ക്കും പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷ ആരോപണങ്ങള്‍ പക്വതയോടെ നേരിടാനും ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് ഭരണം മെച്ചപ്പെടുത്താനും എങ്ങനെ പ്രവര്‍ത്തിക്കാമെന്നതിനെക്കുറിച്ചാണ് പഠന ക്ലാസ് നല്‍കിയത്. വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ നടത്തിയ ക്ലാസ്സില്‍ മുതിര്‍ന്ന സി.പി.എം നേതാക്കളോടൊപ്പം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സിപിഎം അനുഭാവികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ക്ലാസ് നയിച്ചിരുന്നു.




 

ക്ലാസ്സുകള്‍ കൊണ്ട് യാതൊരു ഗുണവുമുണ്ടായില്ലെന്നാണ്  വ്യക്തമാകുന്നത്. 2023-24 വര്‍ഷത്തെ പദ്ധതി നടത്തിപ്പിന്റെ അവലോകനത്തില്‍ കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച്ച കണ്ടെത്തി. ആകെ അംഗീകാരം നല്‍കിയ 1872 പദ്ധതികളില്‍ 1071 പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പോലും സാധിച്ചിട്ടില്ല. നടപ്പിലാക്കിയ 801 പദ്ധതികളില്‍ തന്നെ, മുഴുവന്‍ തുകയും ചെലവഴിച്ച് പൂര്‍ത്തിയാക്കിയത് വെറും 192 പദ്ധതികള്‍ മാത്രമാണ്. വിവിധ പദ്ധതികള്‍ക്കായി 526 കോടിയിലധികം രൂപ വകയിരുത്തിയപ്പോള്‍ ചെലവഴിക്കാന്‍ സാധിച്ചത് ഏകദേശം 211 കോടി രൂപ മാത്രമാണ്. അതായത്, പദ്ധതി നടത്തിപ്പ് 42.78 ശതമാനത്തില്‍ ഒതുങ്ങി. കോര്‍പ്പറേഷന്‍െ്റ വികസന ഫണ്ട് (ജനറല്‍) ചെലവ് 54.5 ശതമാനം മാത്രമാണ്. 57.51 ശതമാനമാണ് വികസന ഫണ്ട് (എസ്.സി.പി). ടി.എസ്.പി വികസന ഫണ്ടിന്റെ ചെലവ് ആകട്ടെ 1.45 ശതമാനവും. റോഡ് മെയിന്റനന്‍സ് ഫണ്ട് ചെലവ് 24.15 ശതമാനം, റോഡിതര മെയിന്റനന്‍സ് ഫണ്ട് 41.93 ശതമാനം, കേന്ദ്രാവിഷ്‌കൃത ഫണ്ട് 36.3 ശതമാനം, സംസ്ഥാനാവിഷ്‌കൃത ഫണ്ട് 31.27 ശതമാനം, തനത് ഫണ്ട് 14.97, മറ്റുള്ളവ 17.21 എന്നിങ്ങനെയാണ് ചെലവഴിച്ചത്.

വിവിധ സര്‍ക്കാര്‍ ഗ്രാന്റുകളായി ലഭിച്ച തുക യഥാസമയം പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി ട്രഷറിയില്‍ ബില്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ വലിയൊരു ഭാഗം നഷ്ടപ്പെട്ടു. സര്‍ക്കാരില്‍ നിന്നും ലഭിച്ച 228.71 കോടി രൂപയില്‍ 178.28 കോടി രൂപ മാത്രമേ കോര്‍പ്പറേഷന് ചെലവഴിക്കാന്‍ കഴിഞ്ഞുള്ളൂ. ഇതുവഴി 50.43 കോടി രൂപയാണ് പാഴായത്. വികസന ഫണ്ട് (ജനറല്‍) ഇനത്തില്‍ 32.90 കോടി രൂപയും, എസ്.സി.പി ഫണ്ടില്‍ 11.95 കോടി രൂപയും, മെയിന്റനന്‍സ് ഫണ്ടുകളില്‍ നിന്ന് 4.73 കോടി രൂപയും നഷ്ടമായി. പ്രധാനപ്പെട്ട വകുപ്പുകളും ഫണ്ട് വിനിയോഗത്തില്‍ ഏറെ പിന്നോട്ട് പോയി. മുനിസിപ്പല്‍ എഞ്ചിനീയര്‍മാര്‍ പദ്ധതി തുക ചെലവഴിക്കുന്നതില്‍ വളരെ പിന്നിലാണ്. ഇന്‍ഡസ്ട്രീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ക്ക് 1.65% തുക മാത്രമാണ് ചെലവാക്കാന്‍ സാധിച്ചത്. മെഡിക്കല്‍ ഓഫീസര്‍ (പി.എച്ച്.സി), ഡെപ്യൂട്ടി സെക്രട്ടറി എന്നീ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ല.

നഗരസഭയുടെ പ്രധാന വരുമാന സ്രോതസായ വസ്തു നികുതിയിനത്തില്‍ വന്‍ കുടിശികയാണ് പിരിച്ചെടുക്കാനുള്ളത്. 30 വാര്‍ഡുകളിലുള്ള കെട്ടിടങ്ങളില്‍ നിന്നുമാത്രം 61.09 കോടിരൂപ പിരിച്ചെടുക്കാനുണ്ട്. അനധികൃത കെട്ടിടങ്ങളുടെ വസ്തു നികുതിയില്‍ 7.61 കോടിരൂപയാണ് കുടിശിക തുക. ഫണ്ട് യഥാസമയം വിനിയോഗിക്കാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ഫണ്ട് നഷ്ടമാകുന്നതില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് പുറമെ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ക്കും ഭരണസമിതിക്കും ഉത്തരവാദിത്തമുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

Tags:    

Similar News