ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു ഹൈക്കോടതി ഉത്തരവ്; നിര്‍ണായക വിധി സിബിഐ അന്വേഷണത്തിലെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി; ഒന്നാം പ്രതിയുടെ വധശിക്ഷ അടക്കം റദ്ദാക്കി, വെറുതേ വിട്ടത് നാല് പ്രതികളെ; മോഷണക്കുറ്റം ആരോപിച്ചുള്ള ഉരുട്ടിക്കൊല കേരളത്തെ നടുക്കിയ കേസ്

ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു ഹൈക്കോടതി ഉത്തരവ്

Update: 2025-08-27 05:49 GMT

കൊച്ചി: കേരളത്തില്‍ ഏറെ വിവാദമായ ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്. 2018ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്തംബര്‍ 29നാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. മോഷണം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആറു പൊലീസുകാരായിരുന്നു കേസിലെ പ്രതികള്‍.

എന്താണ് ഉരുട്ടിക്കൊല കേസ്?

മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്തംബര്‍ 27ന് പകല്‍ രണ്ടിനാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സി.ഐയായിരുന്ന ഇ.കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.

ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ നേരിടേണ്ടിവന്നത് അതിഭീകരമായ മൂന്നാംമുറ. ഇരുമ്പുപൈപ്പുകൊണ്ട്. അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസുപോലും ചാര്‍ജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്നാണ് ഉദയകുമാറിനുമേല്‍ മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് ജിഐ പൈപ്പുകൊണ്ട് തുടയില്‍ മാരകമായി അടിച്ചു. രാത്രി എട്ടുമണിയോടെ ഉദയകുമാര്‍ മരിച്ചു.

തുടര്‍ന്ന് എസ്.ഐ അജിത് കുമാറും സി.ഐ ഇ.കെ സാബുവുമായി ഗൂഢാലോചന നടത്തി കള്ളക്കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. കൈകള്‍ കെട്ടാന്‍ ഉപയോഗിച്ച തോര്‍ത്തും അടിച്ച ചൂരലും മാറ്റി. എ.സി.പി ടി.കെ ഹരിദാസും ഗൂഢാലോചനയില്‍ പങ്കാളിയായി. ഇതിനുശേഷം എ.എസ്.ഐ രവീന്ദ്രന്‍നായരും ഹെഡ്‌കോണ്‍സ്റ്റബിള്‍ ഹീരാലാലും മോഷണക്കുറ്റത്തിന് വ്യാജ എഫ്.ഐ.ആര്‍ ഉണ്ടാക്കി. പ്രതികള്‍ തയ്യാറാക്കിയ കരട് എഫ്.ഐ.ആര്‍ രവീന്ദ്രനായര്‍ക്കും ഹീരാലാലിനും കൈമാറുകയായിരുന്നു. കള്ളക്കേസ് ചാര്‍ജ് ചെയ്ത് ശേഷം ഡ്രാഫ്റ്റ് നശിപ്പിച്ചു. അസി. റൈറ്റര്‍ മധുസൂദനനെ ഭീഷണിപ്പെടുത്തി അറസ്റ്റ് കാര്‍ഡും തയ്യാറാക്കി.

തുടര്‍ന്ന് രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ച് സംഭവദിവസം വൈകിട്ട് നാലിന് അറസ്റ്റ് ചെയ്തതായി വ്യാജ മഹസറുണ്ടാക്കി. മാപ്പുസാക്ഷികളായ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ തങ്കമണി, എന്‍ രാമചന്ദ്രന്‍, ഷീജാകുമാരി, സജിത എന്നിവരെ പ്രതികള്‍ ഭീഷണിപ്പെടുത്തി. ഉദയകുമാറിനെ രാത്രി എട്ടിന് സ്റ്റേഷനില്‍ എത്തിച്ചു എന്ന് വ്യാജ രേഖയുണ്ടാക്കി. ആശുപത്രിയിലെത്തിക്കുമ്പോള്‍ പറഞ്ഞത് വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്നതുകണ്ടു എന്നാണ്. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിലാണ് മര്‍ദനത്തിന്റെ ഭീകരത പുറത്തുവന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികള്‍ നിരവധി കഷണങ്ങളായി നുറുങ്ങിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറായത്.

Tags:    

Similar News