തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ഐആര്‍ ഇട്ടത് വീഴ്ച മറച്ചു വെക്കാന്‍; യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് ഗൂഡാലോചനയോ? കോടതിയുടെ നിരീക്ഷണങ്ങള്‍ യുഡിഎഫ് വാദം ശരിവയ്ക്കുന്നത്; ഷാഫി പറമ്പില്‍ കേസില്‍ സത്യം പുറത്തേക്ക്

Update: 2025-11-01 14:25 GMT

കോഴിക്കോട്: ഒടുവില്‍ കോടതിയ്ക്ക് കാര്യം പിടികിട്ടി. ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പോലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പോലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിയിലാണ് പോലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

സംഘര്‍ഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറയ്ക്കാനാണെന്ന് കോടതി പറഞ്ഞു. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറയ്ക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി എസ് ബിന്ദു കുമാരിയുടെ ഉത്തരവില്‍ പറയുന്നുണ്ട്. തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ഐആര്‍ ഇട്ടത് വീഴ്ച മറച്ചുവെക്കാനാണെന്നാണ് ഉത്തരവില്‍ പറയുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 700ഓളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതിഷേധക്കാര്‍ തങ്ങള്‍ക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്നായിരുന്നു പൊലീസ് ആരോപിച്ചിരുന്നു. എന്നാല്‍ സ്ഫോടക വസ്തു എറിഞ്ഞത് തങ്ങളല്ലെന്നും പൊലീസ് തന്നെയാണെന്നുമാണ് യുഡിഎഫ് പ്രതികരണം. ഇത് തന്നെയാണ് കോടതി നിരീക്ഷണങ്ങളിലും ഒളിഞ്ഞിരിക്കുന്നത്.

30 വര്‍ഷത്തിനുശേഷം സികെജി കോളജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെഎസ്യു വിജയിച്ചതിനെ തുടര്‍ന്നാണ് പേരാമ്പ്രയില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം തുടങ്ങിയത്. പൊലീസിന്റെ മര്‍ദനത്തില്‍ ഷാഫി പറമ്പില്‍ എംപിയടക്കം പത്തോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, എന്‍എസ്യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത്, കെപിസിസി അംഗം സത്യന്‍ കടിയങ്ങാട് തുടങ്ങിയവരും പരുക്കേറ്റവരില്‍ പെടും. മൂക്കില്‍ നിന്നു ചോരയൊഴുകുന്ന നിലയിലായിരുന്ന ഷാഫിയുടെ ദൃശ്യങ്ങള്‍ വന്‍ചര്‍ച്ചയായി. മൂക്കിന്റെ എല്ലില്‍ പൊട്ടല്‍ കണ്ടെത്തയതിയതിനെത്തുടര്‍ന്ന് ഷാഫിയെ ശസ്ത്രക്രിയക്കു വിധേയനാക്കി. എംപിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സ്‌ഫോടക വസ്തു കേസ് വരുന്നത്.

അതിനിടെ പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ നിയമനടപടിക്കില്ലെന്ന് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് രംഗത്തു വരികയും ചെയ്തു. തനിക്കെതിരെ വ്യാജവ്യാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിക്കുകയെന്നും അഭിലാഷ് ഡേവിഡ് പറഞ്ഞു. പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ അഭിലാഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതുപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്ന് അഭിലാഷ് പറഞ്ഞു.

ഒക്ടോബര്‍ 23-ാം തീയതി കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് അഭിലാഷ് ഡേവിഡ് ആണെന്ന് ഷാഫി പറഞ്ഞത്. സ്ഥലത്തുനിന്നുള്ള അഭിലാഷിന്റെ ചിത്രവും ഷാഫി അന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ അന്ന് ഷാഫിക്ക് അടികിട്ടിയ സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്നും ബസ് സ്റ്റാന്‍ഡിലായിരുന്നു അന്ന് തനിക്ക് ഡ്യൂട്ടിയെന്നുമായിരുന്നു അഭിലാഷിന്റെ പ്രതികരണം. പിന്നാലെ ഷാഫിയുടെ വെളിപ്പെടുത്തലിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ അഭിലാഷ് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. പിന്നീട് അത് മാറ്റി. ഇതിനിടെയാണ് പേരമ്പ്ര കേസില്‍ കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം വരുന്നത്.

Tags:    

Similar News