എല്‍ സല്‍വോദറില്‍ നിന്ന് എങ്ങനെയോ യുകെയില്‍ എത്തി; ഗുണ്ടാ ഭീഷണി പറഞ്ഞ് അഭയാര്‍ത്ഥി വിസക്ക് അപേക്ഷിച്ചു; നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചപ്പോള്‍ വിലാപവും പല്ലുകടിയും: യുകെയിലെ കുടിയേറ്റ നിയമങ്ങള്‍ ദുരുപയോഗിക്കുന്നത് ഇങ്ങനെ
എല്‍ സല്‍വോദറില്‍ നിന്ന് എങ്ങനെയോ യുകെയില്‍ എത്തി
ലണ്ടന്‍: എങ്ങനെയാണ് യുകെയിലെ കുടിയേറ്റ നിയമം പലരും മുതലെടുക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് എല്‍ സാല്‍വദോറില്‍ നിന്ന് എങ്ങനെയോ യുകെയില്‍ എത്തി അഭയാര്‍ത്ഥി വിസക്ക് ശ്രമിച്ച ഈ കുടുംബത്തിന്റെ കഥ. വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടര്‍ന്ന കുടുംബത്തെ നാട് കടത്താന്‍ ശ്രമിച്ചപ്പോള്‍ നാട്ടില്‍ ഗുണ്ടാ ഭീഷണിയെന്ന് പറഞ്ഞാണ് അഭയാര്‍ത്ഥി വിസക്ക് കൊടുത്തത്. അത് തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒരു പാസ്റ്ററുടെ സഹായത്തോടെ ബിബിസിയില്‍ വാര്‍ത്തയാക്കി സിമ്പതി നേടാനുള്ള നീക്കമാണ് ഇപ്പോള്‍.
സ്വന്തം രാജ്യത്ത് വധഭീഷണിയുണ്ടെന്ന് അവകാശപ്പെട്ടാന് സഹോദരിമാരായ ഇവാനിയ റോഡ്രിഗസ് സാഞ്ചെസ് എന്ന 24 കാരിയും കാര്‍ല റോഡ്രിഗസ് സാഞ്ചസ് എന്ന 26 കാരിയും ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിക്കുന്നത്. അവരുടെ മാതാപിതാക്കള്‍ക്കൊപ്പം 2019 ല്‍ ആയിരുന്നു ഇവര്‍ ബ്രിട്ടനിലെത്തുന്നത്. എല്‍ സാല്‍വഡോറിലെ ഗുണ്ടാസംഘങ്ങളില്‍ നിന്നും ഭീഷണി നേരിടുകയാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.
വിസ കാലാവധി കഴിഞ്ഞും ബ്രിട്ടനില്‍ തുടരുന്നതിനാല്‍ ഇവരെ മാര്‍ച്ച് 20 ന് അറസ്റ്റ് ചെയ്തിരുന്നു. അഭയത്തിനായുള്ള പുതിയ അപേക്ഷ സമര്‍പ്പിച്ചെങ്കിലും അവരെ നാടുകടത്താനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് ഹോം ഓഫീസ്. ഇവര്‍ക്ക് പിന്തുണയുമായി നോട്ടിംഗ്ഹാമിലെ പീപ്പിള്‍സ് ചര്‍ച്ചും രംഗത്ത് എത്തിയിട്ടുണ്ട്. ഇവരെ തിരികെ അയച്ചാല്‍ നാട്ടില്‍ കടുത്ത പീഢനങ്ങള്‍ക്ക് ഇരകളാകും എന്നാണ് പാസ്റ്റര്‍ റോബ് ഗെയ്ല്‍ പറയുന്നത്.
എല്‍സാല്‍വഡോറില്‍ ഒരു മിനി മാര്‍ക്കറ്റ് നടത്തിയിരുന്ന ഈ കുടുംബം പറയുന്നത്, തങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി എല്‍സാല്‍വഡോറിലെ ഒരു ഗുണ്ടാസംഘം പ്രതിമാസം 500 ഡോളര്‍ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു എന്നാണ്. എന്നാല്‍, അത്രയും തുക നല്‍കാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ ഗുണ്ടാ സംഘം അവരെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണത്രെ. മാത്രമല്ല, ഒരിക്കല്‍ ആ സംഘം ഇവാനിയയെ തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് അവര്‍ അവകാശപ്പെടുന്നു.
അഭയത്തിനായി സഹോദരിമാര്‍ നല്‍കിയ അപേക്ഷകള്‍ തിരസ്‌കരിക്കപ്പെട്ടു. ഇവര്‍ ഇപ്പോള്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ മാതാപിതാക്കളുടെ അപേക്ഷകളും ഇപ്പോള്‍ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇവര്‍ പള്ളിയേയും പാസ്റ്ററേയും കൂട്ടുപിടിച്ച് സഹതാപ തരംഗമുണ്ടാക്കി തങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ പള്ളിയില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.