ഇരട്ട മരണത്തില്‍ നടുങ്ങി ഉളിക്കല്‍ ഗ്രാമം; ശോകമൂകമായി വിവാഹവീട്; ബീനയെ മരണം തട്ടിയെടുത്തത് മകന്റെ വിവാഹ ഒരുക്കത്തിനിടെ; കാര്‍ ബസ്സിലിടിച്ച അപകടത്തില്‍ ചോരക്കളമായി തലശേരി - വളവു പാറ റോഡ്

ഇരട്ട മരണത്തില്‍ നടുങ്ങി ഉളിക്കല്‍ ഗ്രാമം

Update: 2025-01-08 14:35 GMT

കണ്ണൂര്‍ : ബീനയെ മരണം തട്ടിയെടുത്തത് മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെ. ശോകമൂകമായിരിക്കുകയാണ് ഉളിക്കല്‍ കാലാങ്കിയിലെ വിവാഹ വീട്. ആഹ്‌ളാദാരവങ്ങള്‍ ഉയരേണ്ട വിവാഹ വീട്ടില്‍ തളം കെട്ടിനിന്നത് മരണവാര്‍ത്തയറിഞ്ഞുള്ള നിശബ്ദതയാണ്. ഉളിക്കല്‍ കലാങ്കി കയ്യോന്ന് പാറയിലെ കെ.ടി ബീനയെയും (48) ഭര്‍ത്താവിന്റെ സഹോദരി പുത്രനായ ലിജോയെയുമാണ് മരണം വാഹനാപകടത്തിന്റെ രൂപത്തില്‍ പുലര്‍കാലെ തട്ടിയെടുത്തത്.

ബീനയുടെ മകന്‍ ആല്‍ബിന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു. അപകടത്തില്‍ മരിച്ച ലിജോബി (37) മംഗ്‌ളൂരില്‍ നിന്നും ഉളിക്കലില്‍ എത്തിയത്. മരിച്ച ബീനയുടെയും പരുക്കേറ്റ തോമസിന്റെയും ഏക മകനായ ആല്‍ബിന്റെ വിവാഹവുമായി ബന്ധപ്പെട്ട വസ്ത്രങ്ങള്‍ ഏറണാകുളത്ത് പോയി വാങ്ങി മടങ്ങിവരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ബസിലിടിച്ച് തകര്‍ന്നത്. ആലപ്പുഴ സ്വദേശിനിയുമായി ഈ മാസം 18 ന് കല്യാണം നിശ്ചയിച്ചതായിരുന്നു.

തലശേരി - വളവു പാറ റോഡ് നവീകരണത്തിന് ശേഷമാണ് ഇവിടെ അപകടങ്ങള്‍ പെരുകിയത്. കൊടുംവളവും ഇറക്കവും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണ് പ്രദേശവാസികള്‍ ചൂണ്ടികാണിക്കുന്നത്. കാറിലുണ്ടായിരുന്ന ബീനയുടെ ഭര്‍ത്താവ് തോമസ്, മകന്‍ ആല്‍ബിന്‍ എന്നിവര്‍ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മംഗ്‌ളൂരിലെ ആനത്താരക്കല്‍ അപ്പച്ചന്‍ - ലിസാമ്മ ദമ്പതികളുടെ മകനാണ് ലിജോബി. ഭാര്യ: ശ്രേയ, ലിയോണി ഏകമകളാണ്.

ഇരിട്ടിയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്ന ലക്ഷ്യ ബസും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്ന് നാട്ടുകാരാണ് ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെ പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്നും പ്രഥമശ്രുശ്രൂഷ നല്‍കിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബീനയും ലിജോയും മരണമടയുകയായിരുന്നു. കാറില്‍ കുടുങ്ങിയ ആല്‍ബിന്‍, തോമസ് എന്നിവരെ മട്ടന്നൂര്‍ ഇരിട്ടി എന്നിവടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ വിഭാഗവും നാട്ടുകാരുമാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ഇരിട്ടി -മട്ടന്നൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.

Tags:    

Similar News