'അന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു'; രാഹുലിനെ വിമര്‍ശിച്ച ഉമ തോമസിനെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളുലും ഉയര്‍ന്നത് പരിധിവിട്ട വിമര്‍ശനം; 'ജനാധിപത്യ നാടല്ലേ എല്ലാവര്‍ക്കും പ്രതികരിക്കാമല്ലോ, എന്റെ പ്രസ്ഥാനം എന്റെ കൂടെ നില്‍ക്കും' എന്ന് ഉമ തോമസ്; ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കുമെന്ന് വി കെ സനോജ്
രാഹുലിനെ വിമര്‍ശിച്ച ഉമ തോമസിനെതിരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എത്രയും വേഗം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഉമ തോമസ് എംഎല്‍എക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഉമ തോമസിന്റെ ഫേസ്ബുക്കിലുമാണ്' സൈബര്‍ ആക്രമണം നടത്തുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നുവെന്നടക്കമുള്ള ആക്ഷേപ കമന്റുകളാണ് ഗ്രൂപ്പില്‍ വന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നായിരുന്നു ഉമ തോമസ് ആവശ്യപ്പെട്ടത്. രാഹുല്‍ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല. പുറത്താക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. രാഹുലിനെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറാകണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍-ഷാഫി അനുകൂലികളുടെ സൈബര്‍ ആക്രമണം.
'ഈ സ്ത്രീയൊക്കെ എംഎല്‍എ ആയത് എന്തെങ്കിലും കഴിവ് ഉണ്ടായിട്ടാണോ?', 'ഭര്‍ത്താവിന്റെ ഔദാര്യം', 'നിങ്ങള്‍ എന്ത് കോപ്പാണ് പറയുന്നത്?, രാഷ്ട്രീയത്തില്‍ താങ്കള്‍ക്ക് വിവരമില്ല', 'അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോളണം, കോലും നീട്ടിപ്പിടിച്ചവര്‍ക്ക് നേരെ വായ തുറക്കാന്‍ നില്‍ക്കരുത്', 'ഒരു ബഹുമാനം കൊണ്ട് പറയുകയാണ്, കൂടുതല്‍ ഒന്നും പറയിപ്പിക്കരുത്, മേലനങ്ങാതെ എംഎല്‍എ ആയതു കൊണ്ടുള്ള കുഴപ്പം ആണ്...' ഇങ്ങനെ നീണ്ടു പോകുന്ന കമന്റുകളും തെറിയഭിഷേകങ്ങളുമാണ് ഉമാ തോമസ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴെ നിറയുന്നത്. രാഹുലിനെതിരേ പറഞ്ഞാല്‍ എംഎല്‍എ ആണെന്ന് നോക്കില്ലെന്ന ഭീഷണിയും മുഴക്കുന്നുണ്ട്.
അതേ സമയം സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഉമ തോമസ് എംഎല്‍എ രംഗത്ത് വന്നു. ജനാധിപത്യ നാടല്ലേ എല്ലാവര്‍ക്കും പ്രതികരിക്കാമല്ലോ എന്നാണ് വിഷയത്തിസ് ഉമ തോമസ് പ്രതികരിച്ചത്. തന്റെ പ്രസ്ഥാനം എന്റെ കൂടെ നില്‍ക്കുമെന്നും പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും എംഎല്‍എ പറഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഓരോരുത്തര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. അതില്‍ കൈകടത്താന്‍ ഇല്ല. രാഹുലിനെതിരെ ഇന്നലെ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും ഉമ തോമസ് എംഎല്‍എ പ്രതികരിച്ചു. അതേ സമയം, ഉമാ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണുള്ളത്. കോണ്‍ഗ്രസ് അനുകൂലികള്‍ എങ്കില്‍ ഉടന്‍ നിര്‍ത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഒരു നിമിഷം മുന്‍പ് രാജി വെച്ചാല്‍ അത്രയും നല്ലതാണ്. ഇത് ധാര്‍മിക ഉത്തരവാദിത്തമാണെന്നുമായിരുന്നു ഉമാ തോമസ് പറഞ്ഞത്. ജനങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇന്നലെ തന്നെ രാജി വെക്കുമെന്നാണ് കരുതിയത്. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടും രാഹുല്‍ ഇതുവരെ ഒരു മാനനഷ്ടക്കേസ് പോലും നല്‍കിയിട്ടില്ല. അതിനര്‍ത്ഥം ആരോപണങ്ങളെല്ലാം ശരിയാണെന്നും ഇതൊക്കെ ചെയ്തു എന്നുമല്ലേ എന്നായിരുന്നു ഉമ തോമസ് ചോദിച്ചത്.
കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം എന്നും സ്ത്രീപക്ഷത്താണ്. ഇന്നലെ തന്നെ രാഹുല്‍ രാജി വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പെട്ടെന്നാണ് വാര്‍ത്ത സമ്മേളനം റദ്ദ് ചെയ്തത്. എംഎല്‍എ സ്ഥാനത്തേക്ക് രാഹുലിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരുമ്പോള്‍ എംഎല്‍എ സ്ഥാനത്തുനിന്നും രാജി വെക്കുക എന്നത് ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും ഉമാ തോമസ് പറഞ്ഞു.
മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടത്. കോണ്‍ഗ്രസ് എന്നും സ്ത്രീകളെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ. ആദ്യം തന്നെ കോണ്‍ഗ്രസ് വളരെ നല്ല നിലപാടാണ് എടുത്തത്. ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റി. സ്ത്രീകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇങ്ങനെ ഒരാള്‍ പാര്‍ട്ടിയില്‍ വേണ്ടെന്നും ഉമാ തോമസ് അറിയിച്ചിരുന്നു.
ജനങ്ങള്‍ തെരഞ്ഞെടുത്താണ് എംഎല്‍എ സ്ഥാനത്ത് എത്തിയത്. ഒന്നിനു പുറകേ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്തത്തോടെ രാജി വച്ച് മാറിനില്‍ക്കണം എന്നുതന്നെയാണ് അഭിപ്രായം. ആരോപണം തെറ്റാണെങ്കില്‍ ആ നിമിഷം തന്നെ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. അതില്ലാത്തതുകൊണ്ട് തന്നെ ഇത് ശരിയാണെന്നാണ് കരുതേണ്ടത്. ഈ മൗനം ശരിയല്ല. ഉത്തരവാദിത്തത്തോടു കൂടി മാറി നില്‍ക്കുകതന്നെ വേണം. പാര്‍ട്ടി രാജി ആവശ്യപ്പെടുകതന്നെ വേണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.
അതേ സമയം സൈബര്‍ ആക്രമണത്തില്‍ ഉമാ തോമസിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്ത് വന്നു. ഉമ തോമസില്‍ നിന്നും ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ ഷാഫിയുടെ അനുയായികള്‍ അത് നേരിട്ടത് ക്രൂരമായി എന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
ഷാഫിയുടെ വെട്ടുകിളിക്കൂട്ടം ഭീകരമായി ആക്രമിച്ചു. ആരെങ്കിലും ഇതിനെതിരെ കോണ്‍ഗ്രസില്‍ എന്തെങ്കിലും പറഞ്ഞോ. കെസി വേണുഗോപാലിന്റെ ഭാര്യക്കും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. ഷാഫിയാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നതെന്നും വി കെ സനോജ് വ്യക്തമാക്കി. ഉമാ തോമസിന് ഡിവൈഎഫ്‌ഐ സംരക്ഷണമൊരുക്കും.
പണം കൊടുത്ത് ആളുകളെ ഇറക്കിയാണ് ഷാഫി സൈബര്‍ കൂട്ടത്തെ നിയന്ത്രിക്കുന്നത്. എവിടെ നിന്നുമാണ് ഇവര്‍ക്ക് എത്ര പണം ലഭിക്കുന്നത് വയനാടിനു വേണ്ടി പിരിച്ചെടുത്ത പണം കൂടി ഇതിന് ഉപയോഗിക്കുന്നുണ്ടെന്നും വി കെ സനോജ് ആരോപിച്ചു. രാജിവെച്ചാലും ഇല്ലെങ്കിലും രാഹുല്‍ മാങ്കൂട്ടം പാലക്കാട്ട് എംഎല്‍എ എന്ന നിലയില്‍ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും വി കെ സനോജ് വ്യക്തമാക്കി.