ബന്ദികളുടെയും തടവുകാരുടെയും മോചനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം; ബന്ദികളുടെ പട്ടിക കിട്ടുന്നത് വരെ മുന്നോട്ടില്ല; കരാര്‍ ലംഘനം തങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു; ഹമാസിനെ പഴിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം
ടെല്‍ അവീവ് : ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാറില്‍ അവസാന നിമിഷവും അനിശ്ചിതത്വം. ഹമാസ് വിട്ടയയ്ക്കുന്ന ബന്ദികളുടെ പട്ടിക കിട്ടുന്നത് വരെ കരാറുമായി മുന്നോട്ടുപോവുക സാധ്യമല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കരാറിന്റെ ലംഘനം ഇസ്രയേല്‍ വച്ചുപൊറുപ്പിക്കില്ല. ഇക്കാര്യത്തില്‍ വരുന്ന കാലതാമസത്തിന് ഹമാസ് മാത്രമാണ് ഉത്തരവാദികളെന്നും അദ്ദേഹം തന്റെ എക്‌സിലെ പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ ആരംഭിക്കേണ്ടത്. നേരത്തെ ഇസ്രയേല്‍ മന്ത്രി സഭ ചേര്‍ന്ന് വെടിനിര്‍ത്തലും, ബന്ദി-തടവുകാരുടെ മോചന കരാറും അംഗീകരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഇസ്രയേല്‍ സമയം 8.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) ആണ് ബന്ദികളെ കൈമാറാന്‍ ധാരണയായിട്ടുള്ളത്. ബന്ദി മോചനത്തിന് 24 മണിക്കൂര്‍ മുമ്പ് മോചിപ്പിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്നാണ് കരാറിലെ ധാരണ. ഇതിനകം വിവരക്കൈമാറ്റത്തിനുള്ള സമയം കഴിഞ്ഞുവെന്നും ഇസ്രയേല്‍ ആരോപിച്ചു.
അതിനിടെ, ഞായറാഴ്ച ഇസ്രയേല്‍ സര്‍ക്കാരിനുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിക്കുമെന്ന് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി നേതാവ് ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ അറിയിച്ചു. രാവിലെ പാര്‍ട്ടി അംഗങ്ങള്‍ രാജി സമര്‍പ്പിക്കും. നിലവില്‍ ദേശീയ സുരക്ഷാ മന്ത്രി കൂടിയാണ് ഗ്വിര്‍.
ഈജിപ്റ്റും, ഖത്തറും, അമേരിക്കയും ചേര്‍ന്നാണ് കരാര്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. ബുധനാഴ്ച കരാര്‍ പ്രഖ്യാപിച്ച ശേഷവും ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടര്‍ന്നത് ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ശനിയാഴ്ച ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഒരു ടെന്റില്‍ റോക്കറ്റ് വന്ന പതിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ കൊല്ലപ്പെട്ടു. യെമനില്‍ നിന്ന് ഹൂതികള്‍ റോക്കറ്റ് തൊടുത്തുവിട്ടതിനെ തുടര്‍ന്ന് ജെറുസലേമില്‍ റെയ്ഡ് സൈറനുകള്‍ മുഴങ്ങി.
അതേസമയം, വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഹമാസ് സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും, വൈദ്യസഹായം ആവശ്യമുള്ളവരും അടക്കം 33 ബന്ദികളെയാണ് മോചിപ്പിക്കേണ്ടത്. ഇതിന് പകരം നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെയാണ് വിട്ടയയ്ക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം 737 ഫലസ്തീന്‍ തടവുകാരുടെ പ്രാഥമിക പട്ടിക ഇസ്രയേല്‍ നീതികാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്