പട്ടിണി സ്വയം അടിച്ചേല്‍പ്പിക്കുന്നതോടെ എല്ലും തോലുമാവും; ഭക്ഷണത്തിന്റെ അളവ് കുറയുന്നതോടെ വിശപ്പും ദാഹവും ഇല്ലാതാവും; കണ്ണൂരില്‍ വെറും 25 കിലോഭാരത്തിലേക്ക് ശരീരം ചുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചത് ഡയറ്റിങ് കൊണ്ടല്ല; 'അനോറെക്‌സിയ നെര്‍വോസ' എന്ന അപൂര്‍വ മാനസിക രോഗം കേരളത്തിലും

Update: 2025-03-12 05:53 GMT

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലടക്കം, ഏറെ ചര്‍ച്ചയായ ഒരു വാര്‍ത്തയായിരുന്നു, രണ്ടുദിവസം മുമ്പ് കണ്ണൂര്‍, കൂത്തുപറമ്പ് മെരുവമ്പായിയില്‍ ശ്രീനന്ദ എന്ന വെറും 18 വയസ്സുമാത്രം പ്രായമുള്ള കോളജ് വിദ്യാര്‍ത്ഥിനിയുടെ മരണം. വെറും 25 കിലോ ഭാരം മാത്രമുള്ള ശ്രീനന്ദ എല്ലും തോലുമായാണ് മരിച്ചത്. എന്നാല്‍ ഇത് സ്ലിംബ്യൂട്ടിയാവാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില അശാസ്ത്രീയ ഡയറ്റുകള്‍ പിന്തുടര്‍ന്നത് കൊണ്ടാണെന്നാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ അല്ലെന്നും, കുട്ടിക്ക് അപുര്‍വങ്ങളില്‍ അപൂര്‍വമായ 'അനോറെക്‌സിയ നെര്‍വോസ' എന്ന മാനസിക രോഗമായിരുന്നുവെന്നുമാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്.

ഇത്തരക്കാര്‍ ശരീരഭാരം കൂടുന്നതില്‍ അങ്ങേയറ്റം ആകാംക്ഷ ഉള്ളവര്‍ ആണ്. തടി കുറയ്ക്കാനായി ഇവര്‍ ഭക്ഷണത്തിന്റെ അളവ് വല്ലാതെ കുറയ്ക്കും. ഇതിന് പിന്നാലെ വിശപ്പ്, ദാഹം എന്നുള്ള വികാരം തന്നെ ഇല്ലാതാകും. ഇത് ഡ്രിപ്രഷന്‍ പോലെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് മാറും. തുടക്കത്തില്‍ ചികിത്സ തേടിയാല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നും ഡോക്ടര്‍ പറഞ്ഞു. ഇക്കാര്യം കുടുംബത്തിന് തിരിച്ചറിയാന്‍ സാധിച്ചില്ല.

ശ്രീനന്ദ മരിക്കുമ്പോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. എസിയുവിലാണ് പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിന്റെ ലെവല്‍ 70 ആയിരുന്നു. ഷുഗര്‍ ലെവര്‍ 45 ഉം സോഡിയത്തിന്റെ ലെവല്‍ 120 ഉം ആയിരുന്നു. പേശീഭാരം തീരെയുണ്ടായിരുന്നില്ല. എല്ലും തോലുമായ അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്നും ഡോക്ടര്‍ പറഞ്ഞു. ഒരുഘട്ടത്തില്‍ വിശപ്പെന്ന വികാരം പോലും പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല.മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ശ്രീനന്ദ. വണ്ണം കൂടുതലാണെന്ന ധാരണയെ തുടര്‍ന്ന് ശ്രീനന്ദ യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതായി വിവരമുണ്ടായിരുന്നു. ദിവസങ്ങളോളം ശ്രീനന്ദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ഇതിന് ശേഷം രണ്ടുദിവസം മുമ്പാണ്. മരണപ്പെട്ടത്.

എന്താണ് അനോറെക്സിയ നെര്‍വോസ?

ശരീരഭാരം കൂടുമോ എന്ന ഭയം, മെലിഞ്ഞിരിക്കാനുള്ള അമിതമായ ആഗ്രഹം എന്നിവയാല്‍ പ്രകടമാകുന്ന ഒരു ഭക്ഷണ ക്രമക്കേടാണ് അനോറെക്സിയ നെര്‍വോസ എന്ന മാനസിക രോഗം എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഈ രോഗമുള്ള വ്യക്തികള്‍ പലപ്പോഴും തങ്ങള്‍ക്ക് കുറഞ്ഞ ഭാരത്തിന്റെ പ്രശ്നമുണ്ടെന്ന് നിഷേധിക്കുന്നു. അവര്‍ ഇടയ്ക്കിടെ സ്വയം തൂക്കിനോക്കുകയും ചെറിയ അളവില്‍ കഴിക്കുകയും, ചില ഭക്ഷണങ്ങള്‍ മാത്രം കഴിക്കുകയും ചെയ്യും. അമിതമായി വ്യായാമം ചെയ്യുന്ന രീതിയും ഇത്തരക്കാര്‍ക്കുണ്ട്.

കൗമാരത്തിലോ യൗവനത്തിലോ ആണ്് അനോറെക്സിയ പലപ്പോഴും കണ്ടുവരുന്നത്. ഈ രോഗം സ്ത്രീകളിലാണ് കുടുതല്‍ കാണാറുള്ളത്. അനോറെക്സിയയുടെ കാരണങ്ങള്‍ വ്യത്യസ്തമാണ്. ചെറുപ്പക്കാലത്തുണ്ടാവുന്ന പീഡനങ്ങള്‍വരെ ഇതിന് കാരണമാവാമെന്ന് പഠനങ്ങള്‍ ഉണ്ട്. നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികില്‍സിച്ചാല്‍ ഇത് പൂര്‍ണ്ണമായി മാറ്റാം. രോഗിയെ ആരോഗ്യകരമായ ഭാരത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ആദ്യപടി. അവരുടെ അടിസ്ഥാന മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ നല്‍കുക, തെറ്റായ പെരുമാറ്റങ്ങള്‍ പരിഹരിക്കുക എന്നിവയും ചികിത്സയില്‍ ഉള്‍പ്പെടുന്നു. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ഇത്തരക്കാര്‍ക്ക് കൊടുക്കാറുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളില്‍ 0.3% മുതല്‍ 4.3% വരെ പേര്‍ക്കും, പുരുഷന്മാരില്‍ 0.2% മുതല്‍ 1% വരെ പേര്‍ക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഇത് സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു. പാശ്ചാത്യനാടുകളില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളില്‍ ഇത് പത്തിരട്ടി കൂടുതലായി ഈ രോഗം കാണുന്നുണ്ട്. ഇതുവരെ ആയിരിക്കണക്കിന് മരണങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും ഈ രോഗം കാരണമായിട്ടുണ്ട്.

സ്വയം അടിച്ചേല്‍പ്പിക്കുന്ന പട്ടിണി മൂലമുണ്ടാകുന്ന അനോറെക്സിയ നെര്‍വോസയും അനുബന്ധ പോഷകാഹാരക്കുറവും ശരീരത്തിലെ എല്ലാ പ്രധാന അവയവ വ്യവസ്ഥകളിലും സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ധപ ശരീരത്തിലെ അവശ്യ പോഷകങ്ങളുടെ അഭാവം മൂലം പോഷകാഹാരക്കുറവ് തലച്ചോറില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവിലുണ്ടാകുന്ന ഒരു കുറവായ ഹൈപ്പോകലീമിയ ,അനോറെക്സിയ നെര്‍വോസയുടെ ലക്ഷണമാണ്. പൊട്ടാസ്യത്തിന്റെ ഗണ്യമായ കുറവ് അസാധാരണമായ ഹൃദയ താളം, മലബന്ധം, ക്ഷീണം, പേശി ക്ഷതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. കേരളത്തില്‍ പൊതുവേ ഈ രോഗത്തിന്റെ നിരക്ക് കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Tags:    

Similar News