പണിയെടുത്ത് നടുവൊടിഞ്ഞു; അവാര്‍ഡിനൊന്നും അപേക്ഷിക്കാനുള്ള ആവതില്ല; എസ്‌ഐആര്‍ ഉള്‍പ്പെടെ വിശ്രമമില്ലാത്ത തിരഞ്ഞെടുപ്പ് ജോലികളില്‍ കടുത്ത പ്രതിഷേധം; റവന്യൂ അവാര്‍ഡിന് അപേക്ഷിക്കാന്‍ ആളില്ലാതെ സര്‍ക്കാര്‍ വെട്ടില്‍; മന്ത്രി കെഞ്ചി, കളക്ടര്‍മാര്‍ ഓടി; ഒടുവില്‍ കിട്ടിയത് 22 അപേക്ഷ മാത്രം; പണി കൊടുത്ത് ജീവനക്കാര്‍!
റവന്യൂ അവാര്‍ഡ് വേണ്ടേ വേണ്ട
തിരുവനന്തപുരം: സംസ്ഥാന റവന്യൂ വകുപ്പിന്റെ ചരിത്രത്തിലാദ്യമായി അവാര്‍ഡുകള്‍ വാങ്ങാന്‍ ആളില്ലാത്ത വിചിത്ര സാഹചര്യം. മികച്ച സേവനത്തിന് നല്‍കുന്ന റവന്യൂ അവാര്‍ഡിനായി ജീവനക്കാര്‍ക്കിടയില്‍ വന്‍ തള്ളിക്കയറ്റം ഉണ്ടാകാറുള്ള മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, ഇത്തവണ അവാര്‍ഡ് വിതരണം തന്നെ മുടങ്ങുന്ന അവസ്ഥയാണ്. വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ട് ജില്ലാ കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ ലഭിച്ചത് വെറും 22 അപേക്ഷകള്‍ മാത്രം!
എന്താണ് സംഭവിക്കുന്നത്?
ഫെബ്രുവരി 24-ന് നടക്കുന്ന റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായാണ് മികച്ച ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍മാര്‍ വരെയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ നൂറുകണക്കിന് അപേക്ഷകളില്‍ നിന്നും അവാര്‍ഡ് ജേതാക്കളെ കണ്ടെത്താന്‍ റവന്യൂ വകുപ്പ് വിയര്‍ക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ ചിത്രം മാറി.
അപേക്ഷകര്‍ ഇല്ലാതായതോടെ ജീവനക്കാരെക്കൊണ്ട് നിര്‍ബന്ധിതമായി അപേക്ഷ നല്‍കിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നിട്ടും കഴിഞ്ഞ ശനിയാഴ്ച വരെ എണ്ണം 12-ല്‍ ഒതുങ്ങി. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം അത് 22 ആയി ഉയര്‍ന്നെങ്കിലും ഇതൊരു നാണക്കേടായി മാറിയിരിക്കുകയാണ്. സാധാരണയായി ഭരണാനുകൂല സംഘടനകളുടെ നേതാക്കള്‍ അവാര്‍ഡ് നേടാന്‍ സജീവമായി രംഗത്തുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ അവര്‍ പോലും അവാര്‍ഡിനോട് മുഖം തിരിക്കുകയാണ്.
പ്രതിഷേധം എസ്‌ഐആര്‍ ഡ്യൂട്ടിയോടോ?
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള വിശ്രമമില്ലാത്ത നടപടികളില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ അവാര്‍ഡിന് അപേക്ഷിക്കാത്തത് എന്നാണ് ജീവനക്കാര്‍ക്കിടയിലെ സംസാരം. പണി എടുത്തു മടുത്ത റവന്യൂ ജീവനക്കാര്‍ 'അവാര്‍ഡ് വേണ്ട, വിശ്രമം മതി' എന്ന നിലപാടിലാണെന്ന് സെക്രട്ടേറിയറ്റ് ഇടനാഴികളിലെ സംസാരം.
പ്രതിസന്ധിയിലായ വിഭാഗങ്ങള്‍
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരെ വീതം സംസ്ഥാന-ജില്ലാ തലങ്ങളില്‍ തിരഞ്ഞെടുക്കാറുള്ള വിവിധ തസ്തികകളിലാണ് അപേക്ഷകരുടെ ക്ഷാമം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ജില്ലാ കളക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ആളുകള്‍ തുലോം കുറവാണെങ്കില്‍, എ.ഡി.എം, ഡെപ്യൂട്ടി കളക്ടര്‍ തസ്തികകളിലേക്ക് നാമനിര്‍ദ്ദേശങ്ങള്‍ (Nominations) പോലും ലഭിക്കാത്ത അവസ്ഥയാണ്. ഭരണസംവിധാനത്തിന്റെ നട്ടെല്ലായ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയ താഴെത്തട്ടിലെ ഉദ്യോഗസ്ഥരിലും അവാര്‍ഡിനോട് കടുത്ത വിമുഖതയാണ് പ്രകടമാകുന്നത്.
ഫെബ്രുവരി 24-ന് വിതരണം ചെയ്യേണ്ട അവാര്‍ഡുകളുടെ കാര്യം ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.എന്നാല്‍ വരുന്ന ഫെബ്രുവരി 24ന് അവാര്‍ഡ് വിതരണത്തിനായി മുഖ്യമന്ത്രിയുടെ സമയം നിശ്ചയിച്ചു കഴിഞ്ഞതിനാല്‍ അവാര്‍ഡ് വിതരണത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ ആകില്ലെന്നാണ് മന്ത്രിയുടെ പക്ഷം.
