താത്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം; ഗവര്‍ണര്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി; ഹര്‍ജി തള്ളി ഹൈക്കോടതി; സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു; വിസി നിയമന കാര്യങ്ങളില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരു തുടരവേ നിര്‍ണായക വിധി; നിയമ പോരാട്ടം സുപ്രീംകോടതിയിലേക്കും നീണ്ടേക്കും
താത്കാലിക വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം
കൊച്ചി: വി സിമാരുടെ നിയമനങ്ങളില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരു തുടരവേ സര്‍ക്കാറിന് ആശ്വാസമായി കേരളാ ഹൈക്കോടതിയുടെ വിധി. രണ്ട് സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചാന്‍സിലറായ ഗവര്‍ണറുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
താല്‍ക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സ്ഥിര വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
താത്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്നായിരുന്നു സിംഗില്‍ ബെഞ്ച് ഉത്തരവ്. ചാന്‍സലറായ ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ വിസിമാരെ നിയമിക്കാമെന്ന കാര്യം നടക്കില്ലെന്നാണ് ഇപ്പോഴത്തെ വിധിയില്‍ വ്യക്തമാകുന്നത്. അതേസമയം ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റെങ്കിലും സുപ്രംകോടതിയിലേക്ക് ഗവര്‍ണര്‍ പോയേക്കുമെന്ന സൂചനയുണ്ട്.
അപ്പീലില്‍ അന്തിമ തീരുമാനം വരുന്നത് വരെ, വിസി മാര്‍ക്ക് താല്‍ക്കാലികമായി തുടരാമെന്ന് ഡിവിഷന്‍ ബഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ നയപരമായ തീരുമാനം എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, വി.പി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വൈസ് ചാന്‍സലരുടെ നിയമനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ റദ്ദാകുന്നത്. സാങ്കേതിക സര്‍വകലാശാല വി സി ഡോ. കെ ശിവപ്രസാദിനും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനും ഹൈക്കോടതി ഉത്തരവോടെ ഇനി ഈ പദവിയില്‍ തുടരാന്‍ സാധിക്കില്ല.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്താണ് കെ.ടി.യുവിലും കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലും സര്‍ക്കാര്‍ സമര്‍പ്പിച്ച പാനല്‍ തള്ളി സ്വന്തം നിലക്ക് വി.സി നിയമനം നടത്തിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഷിപ് ടെക്‌നോളജി വകുപ്പിലെ പ്രഫസറായ ഡോ. കെ. ശിവപ്രസാദാണ് കെ.ടി.യു വി.സി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ മുന്‍ സീനിയര്‍ ജോയന്റ് ഡയറക്ടറും നേരത്തെ കെ.ടി.യു വി.സിയുടെ ചുമതല വഹിക്കുകയും ചെയ്ത ഡോ. സിസ തോമസിനാണ് ഡിജിറ്റല്‍ സര്‍വകലാശാലയില്‍ വി.സിയുടെ ചുമതല നല്‍കിയത്.
കെ.ടി.യുവില്‍ ഡോ. സജി ഗോപിനാഥ്, ഡോ.പി.ആര്‍. ഷാലിജ്, ഡോ. വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പേരും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. എം.എസ്. രാജശ്രീയുടെ പേരും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷം സര്‍ക്കാര്‍ പാനല്‍ തള്ളി ഗവര്‍ണര്‍ താല്‍ക്കാലിക വി.സിമാരുടെ നിയമനം നടത്തുകയായിരുന്നു.
വി.സി നിയമനത്തിന് ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് കണ്ണൂര്‍ വി.സി പുനര്‍നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍.
സര്‍ക്കാര്‍ പാനല്‍ സമര്‍പ്പിച്ചതോടെയാണ് ഗവര്‍ണര്‍ ഹൈകോടതിയില്‍ നിന്ന് വ്യക്തത തേടിയതും പാനല്‍ തള്ളി വി.സി നിയമനം നടത്തിയതും.