പോറ്റിയ്ക്ക് ഏറ്റവും കരുത്തായത് ബംഗ്ലൂരുവിലെ സ്വര്‍ണ്ണക്കട മുതലാളി; ആ ശതകോടീശ്വരനെ എസ് എ ടി തൊടില്ലേ? മൊഴികളൊന്നും ആരും നല്‍കാത്തതും ശ്രദ്ധേയം; ശബരിമലയിലെ കൊള്ള മുതല്‍ ഉപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് ഉയര്‍ച്ച; മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; സ്വര്‍ണ്ണ പാളിയില്‍ ഇനി മൂന്നാം ഘട്ടം

Update: 2025-10-27 01:06 GMT

തിരുവനന്തപുരം: സ്വര്‍ണ്ണ കൊള്ളയിലെ യഥാര്‍ത്ഥ മാഫിയയിലേക്ക് അന്വേഷണം നീങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് സാമ്പത്തിക കരുത്തായ ബംഗ്ലൂരുവിലെ പ്രമുഖ മലയാളി ബന്ധമുള്ള സ്വര്‍ണ്ണ വ്യവസായിയെ തൊടാന്‍ അന്വേഷണ സംഘം മടിക്കുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി വഴിപാടുകളും നേര്‍ച്ചകളും ശബരിമലയില്‍ നടത്തിയിട്ടുണ്ട്. ഈ പ്രമുഖനിലേക്ക് പക്ഷേ അന്വേഷണം നീളുന്നില്ല. ആരും ഇയാള്‍ക്കെതിരെ മൊഴി കൊടുക്കാത്തതും അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കേരളത്തിനു പുറത്തു നടത്തിയ തെളിവെടുപ്പു പൂര്‍ത്തിയായി.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള വഴി ലഭിച്ച പണം കര്‍ണാടകയിലടക്കം ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടാനായി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ശ്രമിച്ചതായി പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരു ശ്രീറാം പുരയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സംഘാംഗങ്ങളുടെയും നേതൃത്വത്തില്‍ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ലഭിച്ചതായാണു വിവരം. അപ്പോഴും വമ്പന്‍ സ്രാവിലേക്ക് അന്വേഷണം നീളും.

ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സംഘാംഗങ്ങള്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്ന നടപടി തുടങ്ങും. പോറ്റി സ്വര്‍ണം വില്പന നടത്തിയ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധനന്‍, നേരത്തെ ചോദ്യംചെയ്ത ശേഷം വിട്ടയച്ച പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യം, സഹ സ്‌പോണ്‍സര്‍ രമേശ് തുടങ്ങിയവരെയാണു ചോദ്യംചെയ്യുക. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 176 ഗ്രാം സ്വര്‍ണമാണു കണ്ടെടുത്തത്.

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെന്പാണെന്ന് റിപ്പോര്‍ട്ട് എഴുതിയ അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ അടുത്ത ദിവസം പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. 30 വരെ പോലീസ് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. സ്വര്‍ണക്കൊള്ളയില്‍ മുരാരി ബാബുവിന്റെ പങ്കു സംബന്ധിച്ചും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ ചോദ്യം ചെയ്യലിന് ശേഷം മൂന്നാം ഘട്ട അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ പോകും.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. കൂടുതല്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ അറസ്റ്റ ്ചെയ്യാനാണ് സാധ്യത. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയുടെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തിയ 400 ഗ്രാം സ്വര്‍ണം ദ്വാരപാലക ശില്‍പ്പത്തിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്ലാറ്റില്‍ നിന്നും കണ്ടെടുത്ത ഭൂമിയിടപാട് രേഖകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനം. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ശബരിമലയിലെ ഇടപാടുകള്ളും അന്വേഷിക്കും. ഇതിനൊപ്പം മറ്റ് പ്രതികളേയും അറസ്റ്റു ചെയ്യും.

ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്റെ ജ്വല്ലറിയിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് എസ്ഐടി നടത്തിയത്. ബംഗളൂരുവിലും ഉണ്ണികൃഷ്ണന്‍ പോറ്റി കോടികളുടെ ഭൂമിയിടപാടുകള്‍ നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബംഗളൂരുവില്‍ പണം പലിശയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് മനസ്സിലാക്കി. കേരളത്തിലും ഇടപാടുകള്‍ നടത്തി. ഇതെല്ലാം സ്ഥിരീകരിക്കാനും ശ്രമിക്കും. ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കവര്‍ന്നതെന്നു സംശയിക്കുന്ന സ്വര്‍ണം കണ്ടെത്തിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്റെ കൂടുതല്‍ ഇടപാടുകള്‍ പരിശോധിക്കുകയാണ് എസ്ഐടി. വാതില്‍പ്പാളികളിലും കട്ടിള യിലും സ്വര്‍ണം പൂശിയത് താന്‍ ആണെന്നാണ് ഗോവര്‍ദ്ധന്റെ മൊഴി. ദേവസ്വം ബോര്‍ഡിന് സ്പോണ്‍സര്‍ഷിപ്പിന്റെ രേഖകള്‍ നല്‍കിയിരുന്നു. സന്നിധാനത്തെത്തി ബോര്‍ഡ് അംഗങ്ങളെയും കണ്ടിരുന്നുവെന്നും ഔദ്യോഗിക രേഖകള്‍ വന്നപ്പോള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയായി മാറിയെന്നും ഗോവര്‍ദ്ധന്റെ മൊഴി .

എന്നാല്‍ സ്വര്‍ണം പൂശാനുള്ളത് നിയോഗമായി കരുതിയതിനാല്‍ കാര്യമാക്കിയില്ലെന്നും മൊഴിയിലുണ്ട് . ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കണ്ടെത്തിയാല്‍ ഗോവര്‍ധനെ സാക്ഷിയാക്കാന്‍ എസ്ഐടി നിയമോപദേശം തേടും.

Tags:    

Similar News