മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് തന്നെ നല്‍കും; വിവാദങ്ങള്‍ കാര്യമാക്കില്ല; മേല്‍നോട്ടം കിഫ്ബിയ്ക്ക് തന്നെ; നിര്‍മ്മാണ മികവ് ചര്‍ച്ചയാക്കി ഊരാളുങ്കലിനെ വീണ്ടും തുണയ്ക്കാന്‍ പിണറായി; ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നീക്കം നിര്‍ണ്ണായകം
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് തന്നെ നല്‍കും. കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സി വിഭാഗമായ കിഫ്‌കോണിനാവും മേല്‍നോട്ട ചുമതല. ഇതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഇത് നിശ്ചയിക്കാനാണ് ഇന്ന് മന്ത്രിസഭാ യോഗം ചേരാനിരുന്നത്. എംടിയുടെ മരണത്തെ തുടര്‍ന്ന് ഇത് മാറ്റിവച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗം തീരുമാനം എടുക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള രണ്ട് ടൗണ്‍ഷിപ്പുകളാണ് പണിയാന്‍ ഉദ്ദേശിക്കുന്നത്. നിര്‍മാണ മേല്‍നോട്ടവും നിര്‍മാണവും രണ്ട് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. സര്‍ക്കാര്‍ തയാറാക്കുന്ന പ്ലാനില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീതം വിസ്തീര്‍ണമുള്ള ഒറ്റനില വീടുകളാവും നിര്‍മിക്കുക. കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സി വിഭാഗമായ കിഫ്‌കോണിനെ നിര്‍മാണ മേല്‍നോട്ടം ഏല്‍പ്പിച്ച് നിര്‍മാണ ചുമതല ഊരാളുങ്കലിന് കൈമാറാനാണ് ആലോചന. ഇതിലൂടെ ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഒഴിവാക്കും. ഭാവിയില്‍ ആരോപണങ്ങള്‍ക്കും ഇത് വഴിയൊരുക്കിയേക്കും. എന്നാല്‍ ഊരാളുങ്കലിന്റെ നിര്‍മ്മാണ മികവാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ദേശീയ, രാജ്യാന്തര തലത്തിലെ ഏജന്‍സികളെ പരിഗണിക്കേണ്ടതില്ലേ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. നൂറുവീടുകള്‍ വാഗാദാനം ചെയ്തിട്ടുള്ളത് കര്‍ണാടക, തെലങ്കാന സര്‍ക്കാരുകളും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുമാണ്. അവരുടെ അഭിപ്രാവും പരിഗണിക്കേണ്ടി വരും. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് കണ്ടെത്തിയ നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളിലെ ഭൂമി തര്‍ക്കത്തില്‍ 27ന് ഹൈക്കോടതി വിധി പറയും. അതിന് ശേഷം തുടര്‍നടപടികള്‍ ആരംഭിക്കും. അതു കഴിഞ്ഞാല്‍ ഉടന്‍ നിര്‍മ്മാണത്തിലേക്ക് പോകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ ടെന്‍ഡറില്‍ സാമ്പത്തിക മുന്‍ഗണന നല്‍കുന്ന ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസ്സമ്മതിച്ച സുപ്രീംകോടതി വിധി അടക്കം സര്‍ക്കാര്‍ അനുകൂലമായി കണ്ടാണ് വയനാട്ടിലെ നിര്‍മ്മാണവും ഊരാളുങ്കലിന് നല്‍കുന്നത്.
ഊരാളുങ്കലിന് ദുരന്ത പുനരധിവാസ ടൗണ്‍ ഷിപ്പ് നല്‍കുന്നതില്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ ടെന്‍ഡറില്‍ സാമ്പത്തിക മുന്‍ഗണന നല്‍കുന്നത് ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്തുകൊണ്ടാണ് ഈ പ്രത്യേക പരിഗണനയെന്ന് വിശദീകരിക്കപ്പെട്ടിട്ടില്ല. എല്ലാവര്‍ക്കും തുല്യ അവസരമാണ് ലഭിക്കേണ്ടതെന്നും സംഘടനയ്ക്കുവേണ്ടി ഹാജരായവര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. പക്ഷേ അത് ആദ്യ ഘട്ടത്തില്‍ അംഗീകരിക്കപ്പെട്ടില്ല.
സോഷ്യലിസ്റ്റ് ചിന്താധാരയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ ഒരു ലേബര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയായി കണക്കാക്കാന്‍ പോലും കഴിയില്ല എന്നാണ് ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാദം. 10% സാമ്പത്തിക മുന്‍ഗണന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു 280.73 കോടി രൂപയുടെ നിര്‍മാണ കരാറുകള്‍ ലഭിച്ചെന്നും സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.