ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 245 ശതമാനമായി ഉയര്‍ത്തി; പകരച്ചുങ്കത്തില്‍ ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ് ഭരണകൂടം; പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലെന്ന് വൈറ്റ് ഹൗസ്; തിരിച്ചടി നല്‍കുമെന്ന് ചൈന; ബോയിംഗ് ഓഹരികള്‍ ഇടിയുന്നു; ആഗോളവിപണിയില്‍ വീണ്ടും ആശങ്ക
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 245 ശതമാനമായി ഉയര്‍ത്തി
വാഷിങ്ടണ്‍: പകരച്ചുങ്കത്തില്‍ ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ് ഭരണകൂടം. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതി തീരുവ 245 ശതമാനം വരെയാക്കി വര്‍ധിപ്പിച്ചു. യുഎസിലേക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യണമെങ്കില്‍ ഇപ്പോള്‍ 245% വരെ തീരുവ നല്‍കണം. അമേരിക്കയുടെ ഈ തീരുമാനത്തോടെ വ്യാപാര യുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്ക, ചൈനയ്‌ക്കെതിരെയുള്ള തീരുവ 145 ശതമാനമായി ഉയര്‍ത്തിയത്. ഇതിന് തിരിച്ചടിയായി ചൈന ബോയിംഗ് ജെറ്റുകളുടെ വിതരണം നിര്‍ത്താന്‍ തങ്ങളുടെ വിമാനക്കമ്പനിളോട് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടും താരിഫ് വര്‍ദ്ധന ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് പുതിയ താരിഫ് എര്‍പ്പെടുത്തിയതല്ലെന്നും ചില ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം 245 ശതമാനം താരിഫ് നേരിടേണ്ടിവരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതായത്, ചില ഉത്പന്നങ്ങളുടെ തീരുവ 2025 ന് മുമ്പ് 100 ശതമാനം നിരക്ക്, ഫെന്റനൈല്‍ ലെവിയുടെ 20 ശതമാനം, 125 ശതമാനം പരസ്പര താരിഫ് എന്നിവ സംയോജിപ്പിച്ച് ആകെ 245 ശതമാനം തീരുവയാണ് ഇത് എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഏറെ വലഞ്ഞിരിക്കുന്ന ആഗോള വിപണികളെ വീണ്ടും ആശങ്കയിലാക്കുന്ന നീക്കമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കെതിരെ പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിന് മറുപടിയായാണ് ചൈനയ്ക്കുള്ള തീരുവ കൂട്ടിയത്.
താരിഫ് യുദ്ധം തുടരുന്നതിനിടെ കഴിഞ്ഞദിവസമാണ് ട്രംപ് ഭരണകൂടം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചത്. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉത്പന്നങ്ങളുടെ മേലും ചൈന 145 ശതമാനം നികുതി ചുമത്തുകയും പല യു.എസ് കമ്പനികള്‍ക്കുമേലും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചൈനീസ് വ്യോമയാന കമ്പനികളോട് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് കഴിഞ്ഞദിവസം ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതിനോടുള്ള പ്രതികരണമായാണ് നികുതി ഇരട്ടിയായി യു.എസ് വര്‍ധിപ്പിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി പ്രഖ്യാപിച്ചതോടെ 75 രാജ്യങ്ങള്‍ യു.എസ്സുമായി വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധമായി. ഈ രാജ്യങ്ങള്‍ക്ക് അധിക നികുതി ചുമത്തുന്നത് നടപ്പാക്കുന്നത് 90 ദിവസത്തേക്ക് ട്രംപ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കിയ ചൈനയ്ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നത്.
യു.എസ്- ചൈന വ്യാപാര യുദ്ധത്തേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്, പന്ത് ഇപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ് എന്നാണ് വൈറ്റ് ഹൗസ് മറുപടി നല്‍കിയത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് മണിക്കുറുകള്‍ക്കകമാണ് 245 ശതമാനം നികുതി പ്രഖ്യാപനം വന്നത്. പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലാണ്. ഞങ്ങളുമായി വ്യാപാര കരാറുണ്ടാക്കേണ്ടത് അവരുടെ ആവശ്യമാണ്. ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് പറഞ്ഞത്.
അതേസമയം യുഎസിന്റെ വ്യാപാര യുദ്ധത്തിന് മറുപടി നല്‍കുമെന്ന് ചൈന വ്യക്തമാക്കി കഴിഞ്ഞു. വ്യാപാര യുദ്ധത്തില്‍ ഭയക്കില്ലെന്നും പോരാടുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു. ചൈനയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കാനാണ് യു.എസ് ആഗ്രഹിക്കുന്നതെങ്കില്‍ ഭീഷണിയും സമ്മര്‍ദ്ദം ചെലുത്തുന്നതും നിര്‍ത്തുകയാണ് വേണ്ടത്. തുല്യതയിലും പരസ്പരം ബഹുമാനത്തിലും വേണം ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ട്രംപിന്റെ 'പ്രതികാര ചുങ്കത്തി'നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ചൈന അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന് ചൈനയായിട്ട് മുന്‍കൈ എടുത്ത് മുന്നോട്ട് വരണമെന്നാണ് അമേരിക്കയുടെ നിലപാട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145% തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് മറുപടിയെന്നോണം ബോയിംഗ് വിമാനങ്ങളുടെ ഡെലിവറി നിര്‍ത്താന്‍ ചൈന വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യുഎസ് കമ്പനികളില്‍ നിന്ന് വിമാനവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും പാര്‍ട്‌സുകളും വാങ്ങുന്നത് നിര്‍ത്താന്‍ ചൈനീസ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടത് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു. ചൈന ഓര്‍ഡറുകള്‍ മരവിപ്പിച്ചതോടെ ബോയിംഗ് ഓഹരികള്‍ ഇടിഞ്ഞു. ചൈനയെ പ്രധാന വിപണിയായി കണക്കാക്കുന്ന ബോയിംഗിന് വലിയ പ്രഹരമാണ് ചൈന ഈ നടപടിയിലൂടെ നല്‍കിയത്.
ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം ഇതോടെ കൂടി. ഇന്നലെ ബോയിംഗിന്റെ ഓഹരികള്‍ വ്യാപാരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 3% ഇടിഞ്ഞു. എതിരാളിയായ എയര്‍ബസ് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇതിന് പകരം ചോദിച്ചിരിക്കുകയാണ് ഇപ്പോള്‍ അമേരിക്ക. അമേരിക്കയുമായി വ്യാപാരയുദ്ധം നടത്താന്‍ 'ഭയപ്പെടുന്നില്ല' എന്ന് ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ സമാനമായ തരത്തില്‍ തിരിച്ചും തീരുവ ചുമത്തുമെന്ന് അധികാരത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്ന് പരസ്പര താരിഫുകള്‍ ഏപ്രില്‍ രണ്ടിന് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഏപ്രില്‍ ഒന്‍പതിന് പ്രാബല്യത്തില്‍ വന്നു. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചത്. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവകള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചെങ്കിലും ചൈനയ്ക്ക് യാതൊരു ഇളവും നല്‍കിയിട്ടില്ല.