സുന്ദരിയെന്നും ശ്രദ്ധേയയെന്നും ട്രംപ്; വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ കുതിപ്പില്‍ ട്രംപ്കാര്‍ഡായി മാറിയ ഇന്ത്യന്‍ വംശജ; യു എസിന്റെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ്; യു എസ് തെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ സാന്നിദ്ധ്യമായി ഇലിനോയിസില്‍ നിന്നും ജയിച്ചുകയറിയ രാജ കൃഷ്ണമൂര്‍ത്തിയും
യു എസിന്റെ സെക്കന്റ് ലേഡിയായി ഉഷ വാന്‍സ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ കമല ഹാരിസ് പരാജയപ്പെട്ടെങ്കിലും യു എസിന്റെ ഭരണ സിരാ കേന്ദ്രങ്ങളില്‍ ശക്തമായ സാന്നിധ്യമായി മറ്റൊരു ഇന്ത്യന്‍ വനിത ഉണ്ടാകും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാന്‍സിന്റെ ആന്ധ്രപ്രദേശുകാരിയായ ഭാര്യ ഉഷ വാന്‍സാണ് വിദേശ മാധ്യമങ്ങളിലടക്കം ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ഒപ്പം യു.എസ് ജനപ്രതിനിധി സഭയില്‍ ഇലിനോയിസില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാജ കൃഷ്ണമൂര്‍ത്തിയും അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യന്‍ നിറസാന്നിദ്ധ്യമാണ്.
തന്റെ വിജയം ഉറപ്പാക്കിയ ശേഷം നടത്തിയ പ്രസംഗത്തില്‍ ഡോണള്‍ഡ് ട്രംപ് വാന്‍സിനെയും ഉഷ വാന്‍സിനെയും അഭിനന്ദിച്ചിരുന്നു. സുന്ദരിയെന്നും ശ്രദ്ധേയയെന്നുമാണ് ഉഷയെ പ്രസംഗത്തില്‍ ട്രംപ് വിശേഷിപ്പിച്ചത്. വിജയത്തിനുശേഷം പാം ബീച്ച് കൗണ്ടി കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് രണ്ട് പേരുകള്‍ ട്രംപ് എടുത്തുപറഞ്ഞത്. ഒന്ന് ഭാവി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. മറ്റൊന്നാകട്ടെ അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷാ വാന്‍സും.
ഇതില്‍ ഉഷാ വാന്‍സിനേക്കുറിച്ചും ട്രംപിന്റെ പ്രചാരണങ്ങളില്‍ അവര്‍ വഹിച്ച പങ്കിനേക്കുറിച്ചും എടുത്തുപറയണം. ഉഷ ചിലുകുറി എന്നാണ് യഥാര്‍ത്ഥ പേര്. ആന്ധ്രാപ്രദേശിലെ വട്‌ലൂര്‍ ആണ് സ്വദേശം. ഇന്ത്യയില്‍നിന്ന് അമേരിക്കയില്‍ കുടിയേറിയ കുടുംബത്തില്‍നിന്നാണ് ഉഷയുടെ വരവ്. സാന്‍ഫ്രാന്‍സിസ്‌കോയിലായിരുന്നു ബാല്യകാലം.
യെയ്ല്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്ര ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. നിയമത്തിന്റെ വഴിയേ പോകാനായിരുന്നു പിന്നീട് ഉഷയുടെ തീരുമാനം. തിരഞ്ഞെടുത്ത വഴി തെറ്റിയില്ലെന്ന് ഉഷ തെളിയിക്കുകയായിരുന്നു പിന്നീട്. സുപ്രീംകോടതി ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സിനും ബ്രെറ്റ് കവനോവിനുമൊപ്പം ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. കരിയറിന്റെ തുടക്കത്തില്‍ത്തന്നെയായിരുന്നു ഈ പ്രവര്‍ത്തനപരിചയം എന്നതാണ് ഏറെ ശ്രദ്ധേയം.
യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒഹിയോ സെനറ്റര്‍ ജെ.ഡി. വാന്‍സിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചത് പിന്നാലെ ഇന്റര്‍നെറ്റില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ പേരായിരുന്നു ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരി വാന്‍സിന്റേത്. വാന്‍സിന്റെ ഭാര്യയാണ് യു.എസ് സര്‍ക്കാറില്‍ അറ്റോര്‍ണിയായ ഉഷ ചിലുകുരി വാന്‍സ്.
ആന്ധ്രയില്‍ വേരുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായ ഉഷ ചിലുകുരി അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ജനിച്ചത്. സാന്റിയാഗോയില്‍ കുട്ടിക്കാലം ചെലവഴിച്ച ഉഷ റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലാണ് പഠിച്ചത്. 2013ല്‍ യേല്‍ ലോ സ്‌കൂളില്‍ നിയമപഠനം പൂര്‍ത്തിയാക്കി. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉഷ ചിലുകുരിയുടെ കുടുംബം ആന്ധ്രപ്രദേശിലെ വട്ലുരു എന്ന ഗ്രാമത്തില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നത്.
ഉഷ കാലിഫോര്‍ണിയയിലാണ് ജനിച്ചത്. ക്രിഷ്, ലക്ഷ്മി ചിലുകുരി എന്നിവരാണ് മാതാപിതാക്കള്‍. എഞ്ചിനീയറും യൂണിവേഴ്സിറ്റി അധ്യാപകനുമായിരുന്നു ഉഷയുടെ പിതാവ്. അമ്മ ലക്ഷ്മി ബയോളജിസ്റ്റായിരുന്നു. മതപരമായ ചുറ്റുപാടുകളിലാണ് താന്‍ വളര്‍ന്നതെന്നും തന്റെ മാതാപിതാക്കള്‍ ഹിന്ദുക്കളാണെന്നും ഉഷ അടുത്തിടെ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ലീഡര്‍ എന്നും പുസ്തകപ്പുഴുവെന്നുമൊക്കെയായിരുന്നു ഉഷയെ കൂട്ടുകാര്‍ കുഞ്ഞുനാളില്‍ വിളിച്ചിരുന്നത്. ബുദ്ധിമതിയായ, അംബീഷ്യസായ ആ പെണ്‍കുട്ടി പിന്നീട് യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പഠനകാലയളവിലാണ് ലിബറല്‍, ഇടതുപക്ഷ സര്‍ക്കിളുകളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നത്. 2014ല്‍ രജിസ്റ്റേഡ് ഡെമോക്രാറ്റ് ആയി. എന്നാല്‍, 2018 മുതല്‍ ഒഹിയോയില്‍ റിപ്പബ്ലിക്കന്‍ ആയാണ് വോട്ട് രേഖപ്പെടുത്തിയത്.
യേല്‍ സര്‍വകലാശാലയില്‍ വച്ചാണ് വാന്‍സും ഉഷയും പരസ്പരം കണ്ടുമുട്ടുന്നത്. 2014ല്‍ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണ് വിവാഹ ചടങ്ങിന് കാര്‍മികത്വം വഹിച്ചത് എന്നത് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ എടുത്ത് പറയുന്നുണ്ട്. ദമ്പതികള്‍ക്ക് മൂന്ന് മക്കളുമുണ്ട്. ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്ന് പറയുന്നത് പോലെ വാന്‍സിന്റെ വളര്‍ച്ചയില്‍ ഉഷയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.
2016-ല്‍ ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച വാന്‍സിന്റെ 'ഹില്‍ബില്ലി എലജി' എന്ന ഓര്‍മക്കുറിപ്പ് എഴുതുന്നതില്‍ ഉഷയുടെ പങ്ക് നിര്‍ണായകമായിരുന്നു. 2016, 2022 വര്‍ഷങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന അവര്‍ വാന്‍സിന്റെ രാഷ്ട്രീയ പരിപാടികള്‍ക്ക് എല്ലാ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കാറുണ്ട്.
സുപ്രീംകോടതിയിലെ പ്രമുഖ ജഡ്ജിമാരുടെ കീഴില്‍ ലോ ക്ലര്‍ക്ക്, സുപ്രീംകോടതി അഭിഭാഷക ക്ലിനിക്, മീഡിയ ഫ്രീഡം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആക്സസ് ക്ലിനിക്, ഇറാഖി അഭയാര്‍ഥി സഹായ പദ്ധതി തുടങ്ങി വിവിധ മേഖലകളില്‍ ഉഷ ചിലുകുരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉഷയും ജെ.ഡി.വാന്‍സും
യെയ്ല്‍ ലോ സ്‌കൂളില്‍വെച്ചാണ് ജെ.ഡി. വാന്‍സും ഉഷയും പരിചയപ്പെടുന്നത്. ഈ പരിചയം 2014-ല്‍ വിവാഹത്തില്‍ കലാശിച്ചു. നിയമപഠനത്തിന്റെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ അവര്‍ ഈ സമയം. ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്നുമക്കളുണ്ട്.
പൊതുപരിപാടികളിലും മറ്റും അത്ര സജീവമായിരുന്നില്ലെങ്കിലും ഭര്‍ത്താവിന്റെ രാഷ്ട്രീയ യാത്രയില്‍ ഉഷയുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. ഗ്രാമീണ അമേരിക്കയിലെ സാമൂഹിക സമരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ ജെ.ഡി. വാന്‍സിനെ സഹായിക്കുന്നതില്‍ ഉഷ ഒരു പ്രധാന പങ്കുവഹിച്ചു. ഇതുപിന്നീട് വാന്‍സിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഓര്‍മ്മക്കുറിപ്പായ ഹില്‍ബില്ലി എലിജിയുടെ അടിത്തറയായി. ഈ പുസ്തകത്തെ ആസ്പദമാക്കി റോണ്‍ ഹോവാര്‍ഡ് 2020-ല്‍ ഇതേപേരില്‍ ഒരു സിനിമയും ഇറക്കി.
ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഉഷയ്ക്ക് ആഴത്തില്‍ അറിവുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞത് അമേരിക്കക്കാരനായ വ്യവസായിയും ട്രംപിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന എ.ഐ. മാഡിസണായിരുന്നു. ഉഷ വാന്‍സ് വളരെ പ്രഗത്ഭയായ അഭിഭാഷകയും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളുമാണെന്നും അവരുടെ ഭര്‍ത്താവ് ട്രംപിന്റെ ടീമിലേക്ക് യുവത്വവും വൈവിധ്യവും കൊണ്ടുവരുന്നുവെന്നുമാണ് മാഡിസണ്‍ പറഞ്ഞത്. ഉഷയ്ക്ക് ഇന്ത്യന്‍ സംസ്‌കാരത്തേക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അറിയാം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള മഹത്തായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ അഭിഭാഷകയായ അവര്‍ അവരുടെ ഭര്‍ത്താവിന് വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. നേരത്തെ, 2016-ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവര്‍ഷം പൂര്‍ത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു. 2016 ന് പുറമെ 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് എത്തുന്നതോടെ തുടര്‍ച്ചയായല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറുകയും ചെയ്തു. 127 വര്‍ഷത്തിന് ശേഷമാണ് ആ ചരിത്രം തിരുത്തപ്പെടുന്നത്. ഇതിന് മുമ്പ് മുന്‍പ് ഗ്രോവന്‍ ക്ലീന്‍ ലന്‍ഡായിരുന്നു ഈ റെക്കോര്‍ഡിന് ഉടമ.
രാജ കൃഷ്ണമൂര്‍ത്തി
യു.എസ് ജനപ്രതിനിധി സഭയില്‍ ഇലിനോയിസില്‍ നിന്ന് രാജ കൃഷ്ണമൂര്‍ത്തി എട്ടാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 57.1ശതമാനം വോട്ടു നേടിയാണ് കൃഷ്ണമൂര്‍ത്തി റിപ്പബ്ലിക്കന്‍ എതിരാളി മാര്‍ക്ക് റൈസിനെ പരാജയപ്പെടുത്തിയത്.
മാര്‍ക്ക് റൈസ് 42.9 ശതമാനം വോട്ടാണ് കരസ്ഥമാക്കിയത്. 2016ലാണ് ആദ്യമായി കൃഷ്ണമൂര്‍ത്തി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തേ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹൗസ് സെലക്ട് കമ്മിറ്റിയില്‍ റാങ്കിംഗ് ഡെമോക്രാറ്റിക് അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. ദേശീയ സുരക്ഷയിലും സാമ്പത്തിക നയത്തിലും വൈദഗ്ധ്യത്തിന് പേരുകേട്ടയാളാണ് കൃഷ്ണമൂര്‍ത്തി.
ഷികാഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളും നിരവധി പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന മണ്ഡലത്തെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. ഹാവാര്‍ഡില്‍നിന്ന് വിദ്യാഭ്യാസം കരസ്ഥമാക്കിയ അഭിഭാഷകനായ അദ്ദേഹം ഇലിനോയിസില്‍ ഡെപ്യൂട്ടി സ്റ്റേറ്റ് ട്രഷററായും ബറാക് ഒബാമയുടെ ഭരണത്തില്‍ പോളിസി ഡയറക്ടറായും വിവിധ റോളുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.