ഉച്ചമയക്കത്തിനിടെ മലയിൽ നിന്ന് കലി തുള്ളിയെത്തിയ പ്രളയജലം; നിമിഷ നേരം കൊണ്ട് ഒരു പ്രദേശത്തെ മുഴുവൻ വിഴുങ്ങി; മണ്ണിനടിയിൽപ്പെട്ട ആ പുരാതന ശിവക്ഷേത്രവും ഇനി ഓർമ; എങ്ങും വേദനിപ്പിക്കുന്ന കാഴ്ചകൾ; രക്ഷാപ്രവർത്തനം തുടരുന്നു; മിന്നൽ പ്രളയം ഉത്തരകാശിയെ വിറപ്പിക്കുമ്പോൾ
ഉത്തരകാശി: ഇന്നലെ ഉച്ചയ്ക്കാണ് ധരാലിയിൽ മിന്നൽ പ്രളയം ഉണ്ടായത്. ആ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ സഹിതം വൈറലാണ്. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഗംഗോത്രി തീർഥാടനപാതയിലെ പ്രധാന ഗ്രാമമായ ധരാലിയെയാണ് പൂർണമായും തകർത്ത് മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടയായത്. നിരവധിപേരെ കാണാതായിട്ടുണ്ട് വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഗംഗോത്രി യാത്രയ്ക്കിടെ വിശ്രമിക്കാൻ നിർത്തുന്ന സ്ഥലമാണിത്. 7 കിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാംപ് തകർന്ന് 8 സൈനികരെ കാണാതായെന്നും വിവരങ്ങൾ ഉണ്ടായിരിന്നു. ഇപ്പോഴിതാ, പുരാതന ശിവക്ഷേത്രവും മണ്ണിനടിയിൽപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്.
ഖീർ ഗംഗ നദിയിൽ ഉടലെടുത്ത മിന്നൽ പ്രളയത്തിൽ പുരാതന കൽപ് കേദാർ ക്ഷേത്രമാണ് മണ്ണിനടിയിൽ പെട്ടത്. ഒഴുകിയെത്തിയ അവശിഷ്ടങ്ങൾക്കടിയിലാണ് ഇപ്പോൾ ക്ഷേത്രം ഉള്ളത്. മുമ്പ് സംഭവിച്ച പ്രളയത്തിലോ മണ്ണിടിച്ചിലിലോ ക്ഷേത്രം ഏറെക്കാലം മണ്ണിനടിയിലായിരുന്നു. 80 വർഷം മുമ്പാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നതും ക്ഷേത്രം നവീകരിക്കാനുള്ള ശ്രമം തുടങ്ങിയതും.
കത്യുരി ശൈലിയിൽ നിർമ്മിച്ച ഈ ശിവക്ഷേത്രത്തിന്റെ വാസ്തുവിദ്യ കേദാർനാഥ് ധാമിന് സമാനമാണ്. 1945-ൽ നടത്തിയ ഖനനത്തിലാണ് ക്ഷേത്രം കണ്ടെത്തിയത്. ഭൂനിരപ്പിൽ നിന്ന് ഏതാനും അടി താഴ്ചയിൽ ഖനനം നടത്തിയപ്പോൾ, കേദാർനാഥ് ക്ഷേത്രത്തിന് സമാനമായ ഘടനയോടു കൂടിയ പുരാതന ശിവക്ഷേത്രം കണ്ടെത്തുകയായിരുന്നു.
ഭൂനിരപ്പിൽ നിന്ന് താഴെയായിരുന്ന ക്ഷേത്രം ഉണ്ടായിരുന്നത്. ഭക്തർ താഴേക്ക് ഇറങ്ങിച്ചെന്നാണ് പ്രാർത്ഥന നടത്തിയിരുന്നത്. ഖീർ ഗംഗയിലെ ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ള 'ശിവലിംഗ'ത്തിൽ പതിക്കുന്നതിനായി ഒരു പ്രത്യേക വഴി ഒരുക്കിയിരുന്നുവെന്നും അതിലൂടെ വെള്ളം പതിവായി ഒഴുകിയെത്തിയിരുന്നുവെന്നും പറയുന്നു. ക്ഷേത്രത്തിന് പുറത്ത് ശിലാ ശില്പങ്ങളുണ്ട്. ശ്രീകോവിലിലെ 'ശിവലിംഗം' കേദാർനാഥ് ക്ഷേത്രത്തിലെന്ന പോലെ നന്തിയുടെ പുറംഭാഗത്തിന്റെ ആകൃതിയിലാണ് ഉണ്ടായിരുന്നത്.
അതേസമയം, രക്ഷാപ്രവർത്തനം തുടരുകയാണ്. സുക്കി മേഖലയിലും മേഘവിസ്ഫോടനമുണ്ടായി. ഉച്ചകഴിഞ്ഞ് 1.45 ന് മലയിൽനിന്നു കുത്തിയൊഴുകിവന്ന പ്രളയജലത്തിൽ ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോകുകയായിരുന്നു. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കിൽപെട്ടു. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. നിരവധി വീടുകളും ഹോട്ടലുകളും ഒഴുകിപ്പോയിട്ടുണ്ട്. പ്രളയത്തിൽ പെട്ട കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
ഖീർഗംഗ നദിയുടെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നായിരുന്നു പ്രളയം. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെയും രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇന്തോ–ടിബറ്റൻ ബോർഡർ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സംഘങ്ങളും കരസേനയും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. സൈന്യവും എത്തിയിട്ടുണ്ട്. മണ്ണിനടിയിൽ പെട്ടെന്നു സംശയിക്കുന്നവർക്കായി തിരച്ചിൽ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.