ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ നിയമനം: വി.എസിന്റെ മകന്‍ വി എ അരുണ്‍ കുമാറിന് യോഗ്യത ഇല്ലെന്ന് എഐസിടിഇ സത്യവാങ്മൂലം ഹൈക്കോടതിയില്‍; വെളിപ്പെടുത്തല്‍ യോഗ്യതകളില്‍ ഇളവ് വരുത്തി അഭിമുഖം നടത്തി എന്ന ആക്ഷേപം നിലനില്‍ക്കെ
വി.എസിന്റെ മകന്‍ വി എ അരുണ്‍ കുമാറിന് യോഗ്യത ഇല്ലെന്ന് എഐസിടിഇ സത്യവാങ്മൂലം
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെ ഐ എച്ച് ആര്‍ ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തിയതായി ആക്ഷേപം നിലനില്‍ക്കെ, അരുണ്‍കുമാറിന് ഡയറക്ടര്‍ക്കുള്ള മിനിമം യോഗ്യതയില്ലെന്ന് വെളിപ്പെടുത്തല്‍. എഐസിടിഇ സ്റ്റാന്‍ഡിങ് കൗണ്‍സലാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. തിരുവനന്തപുരത്ത് നടന്ന ഇന്റര്‍വ്യുവില്‍ വി.എ. അരുണ്‍ കുമാറിനെ കൂടാതെ അഞ്ചുപേര്‍ പങ്കെടുത്തു. 10 പേരായിരുന്നു അപേക്ഷകരായുണ്ടായിരുന്നത്.
ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വിസി, കുസാറ്റ് മുന്‍ വിസി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ അഡിഷണല്‍ സെക്രട്ടറി എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍. അരുണ്‍കുമാര്‍ ഒഴികെ, ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത വരെല്ലാം തന്നെ ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായും സീനിയര്‍ പ്രൊഫസര്‍മാരായും സേവനം അനുഷ്ഠിച്ചവരാണ്.
ഐഎച്ച്ആര്‍ഡിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ആരാഞ്ഞത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ രണ്ട് പേര്‍ക്ക് മാത്രമേ എഐസിടിഇയുടെ പുതിയ റെഗുലേഷന്‍ പ്രകാരം യോഗ്യതയുള്ളൂവെന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറും. അരുണ്‍കുമാറിന് ഡയറക്ടറുടെ ചുമതല നല്‍കിയ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.
സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറുടെ തസ്തികയ്ക്ക് തത്തുല്യമായ ഐഎച്ച്ആര്‍ഡി ഡയറക്ടറുടെ യോഗ്യതകളില്‍ ഇളവ് വരുത്തിയത് അടിയന്തിരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. വി.എ.അരുണ്‍ കുമാറിനെ നിയമിക്കുന്നതിനാണ് എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളില്‍ ഇളവ് വരുത്തി തിടുക്കത്തില്‍ സ്‌പെഷ്യല്‍ റൂള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തത് എന്നാണ് ആരോപണം.
ഐഎച്ച്ആര്‍ഡി നിയമാവലി പ്രകാരം യോഗ്യതകളില്‍ ഭേദഗതി വരുത്താന്‍ ഗവേണിംഗ് ബോഡിക്ക് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരിട്ട് യോഗ്യതകളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. എഐസിടിഇ വ്യവസ്ഥപ്രകാരം എഞ്ചിനീറിങ്ങില്‍ ബിരുദാനന്തര ബിരുദ വും, 15 കൊല്ലത്തെ അധ്യാപന പരിചയവും, പിഎച്ച്ഡി ഗൈഡ് ഷിപ്പും,രണ്ടുപേരെ ഗൈഡ് ചെയ്ത പരിചയവും, യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളപ്പോഴാണ്, പകരമായി ഏഴു വര്‍ഷത്തെ അഡിഷണല്‍ ഡയറക്ടര്‍ പരിചയം കൂടി ഡയറക്ടര്‍ നിയമനത്തിനുള്ള പുതിയ യോഗ്യതയായി കൂട്ടിചേര്‍ത്ത ത്. ഡയറക്ടര്‍ക്ക് നിശ്ചയിച്ചിട്ടുള്ള എഞ്ചിനീയറിംഗ് ബിരുദത്തിന് പകരം അരുണ്‍കുമാറിന് എം സി എ ബിരുദമാണുള്ളത് .
1997ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ചട്ടവിരുദ്ധമായി അസിസ്റ്റന്റ് ഡയറക്ടറായി ഐ എച്ച് ആര്‍ ഡിയില്‍ നേരിട്ട് നിയമനം ലഭിച്ച അരുണ്‍ കുമാറിന് '99 മുതല്‍ 2001 വരെ കയര്‍ഫെഡിന്റെ എംഡി യായും തുടര്‍ന്ന് 2008 ല്‍ ഐ എച്ച് ആര്‍ ഡിയില്‍ ജോയിന്റ് ഡയറക്ടറായും നിയമനം നല്‍കി. 2010 ല്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ഐ.സി.ടി അക്കാദമി പുതുതായി രൂപീകരിച്ചു് മുഖ്യമന്ത്രി തന്നെ മകനെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത് വലിയ വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
2016 ല്‍ പിണറായി സര്‍ക്കാര്‍ സീനിയര്‍ പ്രിന്‍സിപ്പലായിരുന്ന ഡോ: പി.സുരേഷ് കുമാറിന് ഐഎച്ച്ആര്‍ഡി ഡയറക്ടറായും അരുണ്‍ കുമാറിന് അഡിഷണല്‍ ഡയറക്ടറായും നിയമനം നല്‍കിയിരുന്നു . ഡയറക്ടര്‍ തസ്തികയില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ഡോ:സുരേഷ് കുമാറിനെ മെയ് 2023ല്‍, സി ആപ്റ്റിന്റെ ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച ശേഷം അരുണ്‍ കുമാറിന് ഡയറക്ടറുടെ ചുമതല നല്‍കുകയായിരുന്നു
ഡയറക്ടറുടെ താല്‍ക്കാലിക ചുമതല 3-6-2023 മുതല്‍ ലഭിച്ച അരുണ്‍കുമാര്‍ ഐ എച്ച് ആര്‍ ഡി യുടെ ജനറല്‍ ബോഡിയുടെ അനുമതി കൂടാതെ യോഗ്യതകളില്‍ തനിക്ക് അനുസൃതമായി ഇളവ് വരുത്തി 20-11-2023 ല്‍ സര്‍ക്കാരിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറിയ്ക്ക് പകരം അഡിഷണല്‍ സെക്രട്ടറിഒപ്പ് വച്ചാണ് '23 ഡിസംബറില്‍ ഉത്തരവ് ഇറക്കിയത്. സ്‌പെഷ്യല്‍ റൂളില്‍ വരുത്തിയ ഭേദഗതിയും, അരുണ്‍കുമാറിന് നല്‍കിയ ഡയറക്ടറുടെ ചുമതലയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലിരിക്കുമ്പോണ് തിരക്കിട്ട് അഭിമുഖം നടത്തിയത്.