ഇടതു വിമതനെ പിന്തുണച്ചാല്‍ വെറുതേ വിടില്ലെന്ന മുന്നറിയിപ്പോ? എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്; ഭീഷണി എത്തിയത് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണന്‍ രചിച്ച 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം ഏറ്റുവാങ്ങിയതിന് പിന്നാലെ

എഴുത്തുകാരന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്;

Update: 2026-02-19 02:23 GMT

കണ്ണപുരം: കണ്ണൂരില്‍ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഭീഷണിപ്പെടുത്തുന്ന വഴികളില്‍ ഒന്നാണ് റീത്തുകള്‍ വെക്കുക എന്നത്. ഇത്തരത്തില്‍ റീത്ത് രാഷ്ട്രീയം പലപ്പോഴും കണ്ണൂരില്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരം ഭീഷണികള്‍ അവര്‍ത്തിക്കുകയാണ്. എഴുത്തുകാരനും കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസസ് മുന്‍ ഡീനുമായ വി.എസ്. അനില്‍കുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നില്‍ അജ്ഞാതര്‍ റീത്ത് വെച്ചു.

അന്തരിച്ച പ്രൊഫസര്‍ എം.എന്‍. വിജയന്റെ മകനായ അനില്‍കുമാറിന് നേരെ നടന്ന ഈ ഭീഷണി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ഇന്ന് രാവിലെ മകനെ ഫുട്‌ബോള്‍ കോച്ചിംഗിനായി അയക്കാന്‍ വാതില്‍ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വെച്ചിരിക്കുന്നത് അനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുമ്്.

പയ്യന്നൂരിലെ സി.പി.എം വിമതന്‍ വി. കുഞ്ഞികൃഷ്ണന്‍ രചിച്ച 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം ഏറ്റുവാങ്ങിയത് വി.എസ്. അനില്‍കുമാറായിരുന്നു. ഈ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതിനപ്പുറം, സി.പി.എം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അദ്ദേഹം നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍, പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാകാം റീത്ത് വെക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിലല്ലാതെ ആര്‍ക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളൊന്നും ഇല്ലെന്നാണ് വിവരങ്ങള്‍. സിപിഎമ്മിനെതിരെ വിമര്‍ശനങ്ങള്‍ അന്ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സിപിഎം പ്രവര്‍ത്തകരായിരിക്കും ഇതിന് പിന്നിലെന്നാണ് സംശയം.

'നേതൃത്വത്തെ ജനങ്ങള്‍ തിരുത്തണം' എന്ന പുസ്തകത്തിലെ ഉള്ളടക്കത്തിലെ പുറത്തു വന്നിരുന്നു. ടി.ഐ. മധുസൂദനന്‍ എംഎല്‍എ ഏരിയ സെക്രട്ടറി ആയത് മുതലാണ് പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ നീക്കം തുടങ്ങിയതെന്നാണ് പുസ്തകത്തില്‍ പറയുന്നത്. പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം ടി.ഐ. മധുസൂദനന്‍ നടത്തി. ക്യാംപെയ്ന്‍ നടത്താന്‍ ആശ്രിതരെ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ചെറു ഗ്രൂപ്പുകള്‍ പലയിടത്തും ഉണ്ടാക്കി.

സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള്‍ നല്‍കുമ്പോള്‍ ഇത് താന്‍ നല്‍കിയതാണ്, അല്ലാതെ പാര്‍ട്ടിയല്ല എന്ന ബോധം വളര്‍ത്താന്‍ ശ്രമം നടന്നു. എതിര്‍ക്കുന്നവരോട് മരണം വരെ പക വച്ചു പുലര്‍ത്തുന്ന ആളാണ് മധുസൂദനന്‍. ഞാനാണ് പാര്‍ട്ടി, ഞാന്‍ പറയുന്നതേ നടക്കൂ എന്ന മനോഭാവമാണ്. ഇക്കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് ചോദ്യം ചെയ്തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

Tags:    

Similar News