ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും; പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നുണ്ടെന്ന് എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്നും രാജേഷ്; തിരുവനന്തപുരം മേയര്‍ ആദ്യം ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുടെ ഫയലില്‍; 50 ലക്ഷം രൂപ അനുവദിച്ചു

ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും

Update: 2025-12-26 14:55 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയര്‍ വി വി രാജേഷും, ഡെപ്യൂട്ടി മേയര്‍ ആശ നാഥും ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രധാനപ്പെട്ട നേതാക്കളെ ഒക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കമെന്നും രാജേഷ് പ്രതികരിച്ചു. എല്ലാവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടു പോകുമെന്നാണ് രാജേഷിന്റെ നിലപാട്. ആരോഗ്യ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളെ പറ്റി ഡോക്ടര്‍ സേതുനാഥിനോടും സംസാരിച്ചുവെന്നും എല്ലാ പ്രവര്‍ത്തനങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനിടെ കൗണ്‍സില്‍ ഹാളില്‍ നിന്ന് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ശ്രീലേഖ ഇറങ്ങിപ്പോയയത് ചര്‍ച്ചയായിരുന്നു. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് ഇരുവരുടെയും സന്ദര്‍ശനം. മേയര്‍ ചര്‍ച്ചകളില്‍ വിവി രാജേഷിന്റെ പേരിനൊപ്പം ഉയര്‍ന്നുവന്ന പേരായിരുന്നു ആര്‍ ശ്രീലേഖയുടേത്. എന്നാല്‍, രാഷ്ട്രീയ പരിചയസമ്പത്തും തലസ്ഥാന നഗരിയിലുള്ള സ്വാധീനവുമാണ് നറുക്ക് രാജേഷിന് തന്നെ വീഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മേയറെ തീരുമാനിക്കുന്നതില്‍ ആര്‍എസ്എസിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ആര്‍എസ്എസിന്റെ പിന്തുണ വി.വി. രാജേഷിനായിരുന്നു.

അതേസമയം തിരുവനന്തപുരം മേയറായി ചരിത്രം കുറിച്ച ബിജെപി നേതാവ് വി.വി. രാജേഷ് ചുമതലയേറ്റതിന് ശേഷം ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിലാണ്. 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് വയോമിത്രം പദ്ധതിയുടെ ഫയലില്‍ വി.വി. രാജേഷ് ഒപ്പുവെച്ചത്.

കഴിഞ്ഞ കൗണ്‍സില്‍ വയോമിത്രം പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ആദ്യഗഡുവായാണ് 50 ലക്ഷം രൂപ അനുവദിച്ചത്. തിരുവനന്തപുരം നഗരസഭയില്‍ ചരിത്രം കുറിച്ചാണ് 50 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തിയത്. സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്റെ വോട്ടു കൂടി ലഭിച്ചതോടെ 51 വോട്ടുകള്‍ക്കാണ് വി.വി. രാജേഷ് മേയര്‍ സ്ഥാനത്തേക്കെത്തുന്നത്. ജി.എസ്. ആശാനാഥാണ് ഡെപ്യൂട്ടി മേയര്‍.

അതിനിടെ മേയര്‍ തിരഞ്ഞെടുപ്പില്‍ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയിലേക്ക് നീങ്ങുകയാണ്. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങള്‍ ചട്ടം ലംഘിച്ചുവെന്നാണ് സിപിഎമ്മിന്റെ പരാതി. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ സിപിഎം പ്രതിഷേധിച്ചിരുന്നു.

ബലിദാനിയുടെ പേരില്‍ ഉള്‍പ്പെടെ സത്യപ്രതിജ്ഞ ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം നേതാവ് എസ്പി ദീപക് പറഞ്ഞു. ചട്ടപ്രകാരം പ്രതിജ്ഞ ചെയ്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ 20പേര്‍ ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു. ചട്ടം ലംഘിച്ചവരെ മാറ്റിനിര്‍ത്തി വോട്ടെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

തിരുവനന്തപുരം തിലകമണിഞ്ഞെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. എം ആര്‍ ഗോപനാണ് വി വി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന്റെ രണ്ട് വോട്ട് അസാധുവാണ്. 97 ആണ് സാധു വോട്ട്. ഒപ്പ് ഇട്ടതിലെ പിഴവ് മൂലമാണ് വോട്ട് അസാധുവായത്. കെ ആര്‍ ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടാണ് അസാധുവായത്. കൗണ്‍സിലിലെ മുതിര്‍ന്ന അംഗമാണ് ക്ലീറ്റസ്.

അതേസമയം തിരുവനന്തപുരത്തെ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം വി വി രാജേഷ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനുള്ളില്‍ തലസ്ഥാനത്ത് വരും. അത് ഉറപ്പ് നല്‍കുന്നു. അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും. അതാണ് ലക്ഷ്യം. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്നും വി വി രാജേഷ് പ്രതികരിച്ചു.

Tags:    

Similar News