കാറിന് അരികിലൂടെ അലക്ഷ്യമായി പോയ സ്വകാര്യ ബസ്; പിന്തുടര്‍ന്ന് സ്റ്റാന്‍ഡിലെത്തി ഷോ കാട്ടിയ വ്‌ളോഗര്‍ തൊപ്പി; എയര്‍ പിസ്റ്റള്‍ ചൂണ്ടി 'എമ്പുരാന്‍ സൈറ്റല്‍' ഭീഷണി; വളഞ്ഞു പിടിച്ച് പോലീസിന് കൈമാറി ജീവനക്കാര്‍; പക്ഷേ ആരും പരാതി എഴുതി നല്‍കിയില്ല; കേസ് പോലും എടുക്കാതെ വിട്ട് പോലീസ്; ക്ലൈമാക്‌സില്‍ തൊപ്പി വീണ്ടും സേഫ്; വടകരയില്‍ സംഭവിച്ചത്

Update: 2025-04-16 04:53 GMT

വടകര: സ്വകാര്യ ബസ് തൊഴിലാളികളുമായുള്ള വാക്കേറ്റത്തിനിടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ തൊഴിലാളികള്‍ക്കുനേരെ എയര്‍ പിസ്റ്റള്‍ ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ പോലീസ് വിട്ടയച്ചു. വ്‌ലോഗറും കണ്ണൂര്‍ കല്യാശേരി സ്വദേശിയുമായ മുഹമ്മദ് നിഹാലി (തൊപ്പി)നെയും മറ്റ് രണ്ടുപേരെയും വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വ വൈകിട്ട് 5.30ഓടെയാണ് സംഭവം.

ദേശീയപാതയില്‍ വടകരയ്ക്കടുത്ത് കൈനാട്ടിയില്‍ മുഹമ്മദ് നിഹാലും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി അടുത്തു. സ്വകാര്യ ബസിനെ പിന്തുടര്‍ന്ന് 'തൊപ്പി'യും കാര്‍ യാത്രക്കാരായ രണ്ടുപേരും വടകര ബസ് സ്റ്റാന്‍ഡില്‍ എത്തി. സ്വകാര്യ ബസുകാരുമായി വാക്കേറ്റമുണ്ടാവുകയും ഇതിനിടെ തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ ബസ് തൊഴിലാളികള്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണ് ബസ് തൊഴിലാളികള്‍ക്കുനേരെ ചൂണ്ടിയതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി ലഭിച്ചാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. ശരത് എസ് നായര്‍, മുഹമ്മദ് ഷമീര്‍ എന്നിവരാണ് കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍. പരാതി ഇല്ലാത്തതു കൊണ്ടാണ് വിട്ടയച്ചത്.

വടകര - കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു മുഹമ്മദ് നിഹാല്‍. കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്റില്‍ എത്തിയതും വിവാദങ്ങളുണ്ടായതും. പരാതിയില്ലാത്തതിനാല്‍ സംഭവത്തില്‍ കേസ് എടുത്തതുമില്ല.

വിവാദങ്ങളിലെ സ്ഥിരം നായകനാണ് തൊപ്പി. മലപ്പുറം വളാഞ്ചേരിയില്‍ കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങള്‍നടത്തിയതിന് തൊപ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. അന്ന് പൊലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് തൊപ്പിയെ പൊക്കിയത്. ഫ്‌ലാറ്റിനു പുറത്തെത്തി വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും വാതില്‍ തുറക്കാന്‍ നിഹാദ് തയ്യാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ തൊപ്പിയുടെ വീട്ടില്‍ നിന്നും പാലാരിവട്ടം പൊലീസ് എംഡിഎംഎ പിടികൂടിയിരുന്നു. തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സഫ് സംഘം റെയ്ഡ് നടത്തിയാണ് രാസലഹരി പിടികൂടിയത്. മൂന്ന് പെണ്‍ സുഹൃത്തുക്കളെ പ്രതികളാക്കി പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് പ്രതിയല്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു.

'തൊപ്പി' എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി നിഹാദ് യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്നും നിഹാദ് വീഡിയോയില്‍ പറഞ്ഞിരുന്നു. ആറ് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സാണ് യൂട്യൂബില്‍ തൊപ്പിക്കുള്ളത്. ഇതില്‍ ഏറിയ പങ്കും കുട്ടികളാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് തൊപ്പിയുടെ കൂടുതല്‍ ആരാധകരും. സ്ത്രീ വിരുദ്ധതയും കേട്ടാലറയ്ക്കുന്ന അശ്ലീല ഭാഷയിലുള്ള വിഡിയോകളിലൂടേയം ശ്രദ്ധേയനായ നിഹാദിനെ നിയന്ത്രിക്കണമെന്ന ആവശ്യവും നേരത്തെ ശക്തമായിരുന്നു. വളരെയേറെ നിയന്ത്രണങ്ങളുള്ള ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന് നിഹാദ് തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലത്ത് പാട്ടു കേള്‍ക്കുന്നതിനും സിനിമ കാണുന്നതിനുമൊക്കെ വീട്ടില്‍ വിലക്കുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യത്തിന് പണം ചോദിച്ചാല്‍ തരില്ല. ഒന്‍പതാം വയസ്സില്‍ ഗെയിമിനു വേണ്ട പണത്തിനായി ഒരു കടയില്‍ മോഷണം നടത്തി. പണവും എടുത്ത് ഓടുന്നതിനിടെ നാട്ടുകാര്‍ ഓടിച്ചിട്ടുപിടിച്ച് കെട്ടിയിട്ടു. ഇതുകണ്ട ഉമ്മ ബോധം കെട്ടുവീണെന്നും നിഹാദ് തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

പത്താംക്ലാസില്‍ പഠനം നിര്‍ത്തി. 14 വയസ്സുമുതല്‍ വാപ്പ തന്നോട് മിണ്ടാറില്ലെന്നും നിഹാദ് വെളിപ്പെടുത്തിയിരുന്നു. വീട്ടീല്‍ നിന്നും അധികം പുറത്തിറങ്ങാതായതോടെ ഓണ്‍ലൈന്‍ ഗെയിമിങ്ങിലായിരുന്നു നിഹാദിന്റെ പിന്നീടുള്ള പൂര്‍ണ്ണ ശ്രദ്ധ. രാവിലെ എഴുന്നേല്‍ക്കും, ഗെയിം ലൈവ് സ്ട്രീം ചെയ്യും, ഭക്ഷണം കഴിക്കും, കിടന്നുറങ്ങും ഇതാണ് നിഹാദിന്റെ രീതി. കൂട്ടൂകാര്‍ വളരെ കുറവ്. അടുത്ത കൂട്ടൂകാരനായിരുന്ന ഒരു വ്യക്തി ആത്മഹത്യ ചെയ്തതും ഏറെ തളര്‍ത്തി. തുടര്‍ന്നുണ്ടായ വിഷാദ രോഗവും അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതാണ്.

Tags:    

Similar News