വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനെ ചൊല്ലി വണ്ടന്‍മേട് പഞ്ചായത്തില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്കേറ്റവും കൈയാങ്കളിയും; സിപിഎം ചേര്‍ത്ത വോട്ടുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത് പ്രകോപന കാരണം

Update: 2025-08-15 07:31 GMT

വണ്ടന്‍മേട്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനുള്ളില്‍ സംഘര്‍ഷം. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകളുടെ പരിശോധനയുടെ അവസാന ദിവസമായ ഇന്നലെ സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ചേര്‍ക്കാന്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നാലെ ചെന്ന് അപേക്ഷകള്‍ പരിശോധിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

വാക്കേറ്റം കൈയാങ്കളിയിലേക്കു മാറി. പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് ഹാളിലാണ് സംഘര്‍ഷമുണ്ടായത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമായ രാജാ മാട്ടുക്കാരന്‍, അനന്തരവന്‍ മുരുകന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമായ സിബി എബ്രഹാം, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി. കണ്ണന്‍ എന്നിവരാണ് ഏറ്റുമുട്ടിയത്. അതേസമയം, ഏതാനും മാസം മുമ്പ് നടന്ന വണ്ടന്‍മേട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചു നല്‍കാമെന്ന തരത്തിലുള്ള സിബി എബ്രഹാമും രാജാ മാട്ടുക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു.

ഫോണ്‍ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ സിപിഎമ്മിലെ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതാണ് കൈയാങ്കളിക്ക് കാരണമെന്ന സംശയവും ഉയരുന്നുണ്ട്.

Similar News