സുരേഷ് ഗോപിയ്ക്കായി ആംബുലന്‍സ് വിളിച്ചു വരുത്തിയത് പ്രചരണത്തിന്റെ പിന്നണിയിലുണ്ടായിരുന്ന വരാഹി പി.ആര്‍ ഏജന്‍സിയിലെ അഭിജിത്ത്; മൊഴി രേഖപ്പെടുത്തിയത് രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍; പൂരം കലക്കലില്‍ അന്വേഷണം പുതിയ തലത്തിലേക്ക്
തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ പൊലീസ് അന്വേഷണം പുതിയ തലത്തിലേക്ക്. വരാഹി പി.ആര്‍ ഏജന്‍സിയിലെ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയത് ആംബുലന്‍സില്‍ രാഷ്ട്രീയം എത്തിക്കാനാണ്. വരാഹി ഏജന്‍സി കോഡിനേറ്റര്‍ അഭിജിത്തിനെ മൊഴിയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത്. സുരേഷ് ഗോപിയെ പൂരം ദിവസം രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിച്ചത് അഭിജിത്താണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ നേരത്തെ മൊഴിനല്‍കിയിരുന്നു. ഇതോടെ രാഷ്ട്രീയ ലക്ഷ്യം ആംബുലന്‍സ് യാത്രയ്ക്ക പിന്നിലുണ്ടെന്ന വാദം സജീവമാകുകയാണ്. സി.പി.ഐ നേതാവിന്റെ പരാതിയിലാണ് പൂര നഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും മോട്ടോര്‍ വാഹന നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ള ആംബുലന്‍സ് മനുഷ്യന് ജീവഹാനി വരാന്‍ സാധ്യതയുള്ള വിധത്തില്‍ ജനത്തിരക്കിനിടയിലേക്ക് ഓടിച്ച് കയറ്റിയെന്നാണ് കേസ്. അടിയന്തര ആവശ്യങ്ങള്‍ക്കും രോഗികള്‍ക്കും യാത്ര ചെയ്യേണ്ട വാഹനമാണ് ആംബുലന്‍സ്. എന്നാല്‍, സുരേഷ് ഗോപി വാഹനം ദുരുപയോഗം ചെയ്തു. ഇതിന് പുറമെ പൂര സമയത്ത് ആംബുലന്‍സുകള്‍ക്കെല്ലാം പോകാന്‍ കൃത്യമായ റൂട്ട് മുന്‍കൂട്ടി രേഖപ്പെടുത്തി വെച്ചിരുന്നു.
മന്ത്രിമാര്‍ക്ക് പോലും പൂര നഗരിയിലേക്ക് എത്താന്‍ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. ഇതെല്ലം ലംഘിച്ചാണ് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയതെന്നും മനുഷ്യന്റെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ വാഹനമോടിച്ചെന്നുമാണ് പരാതിയിലുള്ളത്.