വരാപ്പുഴയില്‍ സ്‌കൂള്‍ ബസ് മീഡിയനില്‍ ഇടിച്ചുമറിഞ്ഞു; 13 വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്; അപകടത്തില്‍ പെട്ടത് കബഡി താരങ്ങള്‍ സഞ്ചരിച്ച ബസ്; ഏറെ പേര്‍ക്കും ബസിന്റെ ചില്ലുകള്‍ കൊണ്ട് മുറിവേറ്റുള്ള പരിക്ക്
വരാപ്പുഴയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
വരാപ്പുഴ: വരാപ്പുഴയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 13 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. കബഡി താരങ്ങളായ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. ബസ് മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു.
ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം നടന്നത്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ ബസ്സിന്റെ ചില്ലുതകര്‍ത്താണ് പുറത്തെടുത്തത്. നാലു പേരൊഴികെ മറ്റാരുടെയും പരിക്ക് സാരമുള്ളതല്ല. ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ ശിഖ, മിഥുന, മാല്യങ്കര എസ്എന്‍എം കോളേജ് വിദ്യാര്‍ത്ഥിനി വന്ദന, കോട്ടുവള്ളിക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നേഹ എന്നിവര്‍ക്കാണ് പരിക്കുള്ളത്.
ബസിലുണ്ടായിരുന്ന ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അലീന, സനൂപ, ദിയ, അനയ, സൗപര്‍ണിക, അവന്തിക, എഡ്വീന, വിസ്മയ എന്നിവരുടെ പരിക്കു സാരമുള്ളതല്ല. ബസ്സിന്റെ ഡ്രൈവര്‍ പറവൂര്‍ സ്വദേശി അശോകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കു പുറമെ കായികാധ്യാപകന്‍ ഒമര്‍ ഷെരിഫാണ് ബസില്‍ ഉണ്ടായിരുന്നത്.
ഒമര്‍ ഷെരീഫിനു പരിക്കുകളൊന്നുമില്ല. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ചില്ലുകള്‍ കൊണ്ടു മുറിവേറ്റുള്ള പരിക്കാണ് ഏറെ പേര്‍ക്കുമുള്ളത്. അപകടത്തെ തുടര്‍ന്ന് വരാപ്പുഴ പാലത്തില്‍ മണിക്കൂറുകളോളം ഗതാഗതം കുരുക്കിലായി.