വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ കൈക്കൂലി പാപി; ആ പാവത്താനെ രക്ഷിക്കാന്‍ 10,000 എണ്ണിയെണ്ണി വാങ്ങി പറ്റിച്ച പോലീസ് ഡ്രൈവര്‍; 2018ലെ പോലീസുകാരന്‍ 2025ല്‍ റിട്ട. എസ് ഐ; ആശാ ബെന്നിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ശ്രീജിത്ത് കസ്റ്റഡി മരണ കേസിലെ പ്രതി; വട്ടപ്പലിശക്കാരന്‍ പോലീസിന് പ്രിയപ്പെട്ടവന്‍; ആ ആത്മഹത്യയും 'സിസ്റ്റം' വീഴ്ച

Update: 2025-08-20 09:44 GMT

കൊച്ചി: വരാപ്പുഴ കോട്ടുവള്ളിയില്‍ വീട്ടമ്മയായ ആശ ബെന്നിയുടെ ആത്മഹത്യയിലും നിറയുന്നത് 'കസ്റ്റഡി മരണ'ക്കറ. കേരളത്തെ നടുക്കിയ സംഭവമായിരുന്നു വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലാവുകയും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത പൊലീസുകാരനായിരുന്നു പ്രദീപ്. ഈ പ്രദീപ് പിന്നീട് പോലീസില്‍ തിരിച്ചെത്തി. എസ് ഐയായി വിരമിച്ചു. വരാപ്പുഴ കോട്ടുവള്ളിയില്‍ വീട്ടമ്മയായ ആശ ബെന്നിയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയിരിക്കുകയാണ് പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരെ.

കോട്ടുവള്ളി പുഴയില്‍ പള്ളിക്കടവ് ഭാഗത്താണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ഉച്ചയോടെ ഇവരെ വീട്ടില്‍നിന്നു കാണാതായിരുന്നു. മരണത്തിനു കാരണക്കാരായവരുടെ പേരുകളടക്കമുള്ള കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തു. പണം ചോദിച്ചെത്തിയവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരാഴ്ചമുന്‍പ് ഇവര്‍ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അയല്‍വാസിയായ പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പേരുകളാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. ഇവരില്‍നിന്നു പലപ്പോഴായി പത്ത് ലക്ഷത്തോളം രൂപ ആശ പലിശയ്ക്ക് കടം വാങ്ങിയിരുന്നതായാണ് വിവരം. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നല്‍കാന്‍ മറ്റിടങ്ങളില്‍നിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട് ആശയുടെ വീട്ടില്‍ കയറി പലിശക്കാര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നു. ഇങ്ങനെ ഭീഷണിപ്പെടുത്തിയത് പ്രദീപ് ആയിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണം നടക്കുമ്പോള്‍ അന്നത്തെ പറവൂര്‍ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപ് കുമാര്‍. മരണം മണക്കുന്ന കൈക്കൂലി പണമാണ് പ്രദീപും ഭാര്യയും വട്ടപ്പലിശയ്ക്ക് കൊടുത്തത്. ഈ പണം കൊടുത്തു തീര്‍ത്തിട്ടും പ്രദീപിനും ഭാര്യയ്ക്കും ആര്‍ത്തി തീര്‍ന്നില്ല. 2018 ഏപില്‍ ഒന്‍പതിനായിരുന്നു വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ ഒരു വീടാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അന്നത്തെ റൂറല്‍ എസ്പി രൂപീകരിച്ച 'റൂറല്‍ ടൈഗര്‍ ഫോഴ്‌സ്' എന്ന സ്‌ക്വാഡ് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില മോശമായതോടെ, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടനിലക്കാര്‍ വഴി വീട്ടുകാര്‍ തിരക്കിയപ്പോഴാണ് അന്നത്തെ സിഐയുടെ ഡ്രൈവറായ പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപയാണ് പ്രദീപ് ചോദിച്ചത്. എന്നാല്‍ 15,000 രൂപ നല്‍കിയെന്നാണ് ശ്രീജിത്തിന്റെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ഈ കേസില്‍ ഇയാള്‍ അകത്തായി. പക്ഷേ 'സിസ്റ്റം' വിട്ടു. കൈക്കൂലി പണം വട്ടപ്പലിശയ്ക്കും കൊടുത്തു. ഇതാണ് ആശയുടെ ജീവനും എടുത്തത്.

വട്ടിപ്പലിശയ്ക്ക് ഇവരില്‍ നിന്നെടുത്ത പണം തിരിച്ചടച്ചിട്ടും നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അതിനിടെ, ആശ ബെന്നിയുടെ മരണം അന്വേഷിക്കാന്‍ മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിട്ടും പ്രദീപിന് കുലുക്കമൊന്നും ഉണ്ടായില്ല. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതോടെ അഭിഭാഷകര്‍ വഴി പ്രദീപ് ബന്ധുക്കള്‍ക്ക് പണം തിരിച്ചു നല്‍കി. സംഭവം പുറത്തു വരികയും അന്വേഷണത്തിനൊടുവില്‍ പ്രദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സര്‍വ്വീസില്‍ തിരിച്ചെത്തിയ പ്രദീപ് കൂടുതല്‍ കരുത്തനെ പോലെ ഇടപെടല്‍ നടത്തി. ഇതാണ് വട്ടിപ്പലിശയ്ക്ക് പിന്നിലെ സാമ്പത്തികകരുത്തും.

ആശ ആത്മഹത്യ ചെയ്ത സംഭവത്തിലും പൊലീസില്‍ നിന്നു പ്രദീപിനെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത് എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതായത് പോലീസില്‍ ഇപ്പോഴും പ്രദീപിന്റെ ശിഷ്യരുണ്ട്. ഇയാളുടെ പണത്തോടുള്ള ആര്‍ത്തി അറിയാവുന്നവരാണ് അവര്‍. എന്നിട്ടും ആശയ്ക്ക് അവര്‍ നീതി കൊടുത്തില്ല. പൊലീസില്‍ പരാതി നല്‍കിയ ശേഷവും പ്രദീപും ഭാര്യയും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആശയുടെ ഭര്‍ത്താവ് ബെന്നി പറയുന്നത്. നേരത്തേ നല്‍കിയ പരാതി പോലീസ് ചവട്ടുകൂറ്റയില്‍ എറിഞ്ഞു. ആദ്യ പരാതി സമയത്ത് തന്നെ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് ബന്ധുവായ അനീഷ് പറയുന്നു.

ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി എസ്പി ഓഫിസില്‍ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയപ്പോഴും പ്രദീപ് ഭീഷണിപ്പെടുത്തിയെന്ന് ആശ ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. അതായത് ആലുവ എസ് പി ഓഫിസിലുള്ളവര്‍ക്ക് പോലും പ്രദീപിനെ ഇപ്പോഴും ഭയമാണ്. ആശയുടെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ അന്വേഷണ സംഘത്തില്‍ വരാപ്പുഴ, പറവൂര്‍, മുനമ്പം എസ്എച്ച്ഒമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോലീസ് കസറ്റഡിയിലിരിക്കേയാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്ത് മരിക്കുന്നത്. വരാപ്പുഴ ദേവസ്വംപാടത്ത് സി.പി.എം. അനുഭാവിയായ വാസുദേവന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. അടിവയറ്റിനേറ്റ ഗുരുതര പരിക്ക് മൂലമാണ് ശ്രീജിത്ത് മരിച്ചതെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയത്. മര്‍ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞുപോയിരുന്നു. ഇത്തരത്തില്‍ മാരക ക്ഷതമേറ്റ ഒരാള്‍ക്ക് പരമാവധി ആറു മണിക്കൂര്‍ മാത്രമേ സാധാരണ പോലെ പെരുമാറാന്‍ പറ്റുകയുള്ളൂ. പോലീസ് ഡ്രൈവറായിരുന്ന പ്രദീപിനെ 2018 ജൂണിലാണ് ശ്രീജിത്ത് കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീടാക്രമണക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദീപിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. ശ്രീജിത്തിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയത്. രണ്ട് തവണയായി 5000 വീതമാണ് കൈക്കൂലിയായി നല്‍കിയത്. എന്നാല്‍ ഇതിനിടെ കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് മരിച്ചു. സംഭവം കൈവിട്ടുപോയതോടെ അഭിഭാഷകര്‍ മുഖേനെ ഈ പണം ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി.

ആശയുടെ ആത്മഹത്യയ്ക്ക് പിന്നിലും ഇതേ പ്രദീപാണ്. മുതലും പലിശയും മടക്കികൊടുത്തിട്ടും ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ഭര്‍ത്താവ് ബെന്നി ആരോപിച്ചു. തിങ്കളാഴ്ച ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതെ തുടര്‍ന്ന് നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പലിശക്കാര്‍ ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു ആത്മഹത്യ ശ്രമം. അന്ന് എസ്.പി. ഓഫീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും ഭീഷണി തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് പോലീസ് ഇവരെ വിട്ടത്.

കഴിഞ്ഞ ദിവസവും പ്രദീപും ബിന്ദുവും രാത്രി ഇവരുടെ വീട്ടില്‍ വന്ന് ബഹളം വയ്ച്ചു. ആശയെയും കുടുംബത്തെയും ഒരുപാട് ഭീഷണിപ്പെടുത്തിയെന്നും മകളെയും മകനെയുമടക്കം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായി ബെന്നി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

Tags:    

Similar News