ചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് എന്ന് എഴുതിയതിനെ തിരുത്തി ചെമ്പില്‍ സ്വര്‍ണ്ണം പൂശിയെന്ന് രേഖകളില്‍ കൊണ്ടു വന്നത് ശ്യാംപ്രകാശ്; ഈ തിരുത്തലിന് 'വെറുമൊരു' ക്ലാര്‍ക്കിനെ അസിസ്റ്റന്റ് കമ്മീഷണറാക്കി; വിജിലന്‍സിനെ വരുതിയിലാക്കന്‍ അവിടേയും നിയോഗിച്ചു; ഒടുവില്‍ എല്ലം തകര്‍ത്ത് അദൃശ്യ ഇടപെടല്‍; വാസു കുടുങ്ങിയത് എങ്ങനെ

Update: 2025-11-11 12:49 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ എന്‍ വാസുവിന് കുരുക്കായത് ശ്യാംപ്രകാശിന്റെ മൊഴി. ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസുവിനായി 2019ല്‍ സ്വര്‍ണപ്പാളികളെ ചെമ്പുപാളികളാക്കി ദേവസ്വം രേഖയില്‍ എഴുതിയ ഓഫീസ് ക്ലാര്‍ക്ക് ശ്യാംപ്രകാശ്. സ്വര്‍ണക്കൊള്ള അന്വേഷിച്ച വിജിലന്‍സ് സംഘത്തില്‍ ഇയാളെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്വര്‍ണപ്പാളികള്‍ ചെമ്പെന്നു രേഖപ്പെടുത്തിയത് താനാണെന്നു ദേവസ്വം എസ്പി സുനില്‍ കുമാറിനോട് ഇയാള്‍ വെളിപ്പെടുത്തിയതിനാല്‍ പിന്നീട് സംഘത്തില്‍ നിന്നു മാറ്റി. ശ്യാംപ്രകാശ് അവധിയിലാണ്. ബോര്‍ഡിലെ ഇടതു സംഘടനാ നേതാവാണ് ശ്യാംപ്രകാശ്. ഹൈക്കോടതി നിയമിക്കുന്ന എസ്പി, രണ്ട് എസ്‌ഐമാര്‍, മൂന്നു സിപിഒമാര്‍, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ദേവസ്വം വിജിലന്‍സില്‍. വെറും ക്ലാര്‍ക്കായ ശ്യാംപ്രകാശിനു സ്ഥാനക്കയറ്റമേകി അസിസ്റ്റന്റ് കമ്മിഷണറാക്കി വിജിലന്‍സില്‍ തിരുകിയതും വാസുവിന്റെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഈ ശ്യാംപ്രകാശിന്റെ മൊഴിയാണ് ഇപ്പോള്‍ വാസുവിന് സ്വര്‍ണ്ണ കൊള്ള കേസില്‍ കുരുക്കാകുന്നത്.

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകരുടെ പീഠങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട് ഏകദേശം 4.5 കിലോഗ്രാമിലധികം സ്വര്‍ണ്ണം നഷ്ടമായെന്ന് തെളിഞ്ഞിരുന്നു. ഈ വിഷയത്തില്‍ ശ്യാംപ്രകാശിനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് വാസു പറഞ്ഞിട്ടാണ് താന്‍ എല്ലാം ചെയ്യതെന്ന് ശ്യാംപ്രകാശ് മൊഴി നല്‍കിയത്. ഇതോടെയാണ് വാസുവിലേക്ക് എല്ലാ അര്‍ത്ഥത്തിലും അന്വേഷണം എത്തുന്നത്. പിന്നാലെ വാസുവിനെ ചോദ്യം ചെയ്തു. ശ്യാംപ്രകാശ് സിഐടിയു ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ പ്രവര്‍ത്തകനാണ്. സ്വര്‍ണം ചെമ്പാക്കിയ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു കുറച്ചു കാലം മുമ്പാണ് ഐഎന്‍ടിയുസി അനുകൂല സംഘടനയില്‍ നിന്നു രാജിവച്ചു ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷനില്‍ ചേര്‍ന്നത്. സ്വര്‍ണക്കൊള്ള പുറത്തുവരുന്നതിനു തൊട്ടുമുമ്പായിരുന്നു ഇത്. ഇതും ദുരൂഹമായി പലരും കാണുന്നുണ്ട്. ശ്യാംപ്രകാശും മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും വാസുവിന്റെ വിശ്വസ്തരായിരുന്നു. ചെമ്പില്‍ സ്വര്‍ണ്ണം പൊതിഞ്ഞത് എന്ന് എഴുതിയതിനെ തിരുത്തി ചെമ്പില്‍ സ്വര്‍ണ്ണം പൂശിയെന്ന് രേഖകളില്‍ കൊണ്ടു വന്നത് ശ്യാംപ്രകാശാണ്. ഇത് വാസുവിന്റെ നിര്‍ദ്ദേശ പ്രകാരമെന്ന മൊഴി അതിനിര്‍ണ്ണായകമാണ്. ഇതാണ് വാസുവിനെ കുടുക്കാന്‍ പോകുന്നതും. ഫയലിലെ എഴുത്ത് ശ്യാംപ്രകാശിന്റേതാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീപ്രവേശനം ഉറപ്പാക്കിയത് അടക്കം വാസുവായിരുന്നു. അന്ന് കോടതിയില്‍ സര്‍ക്കാര്‍ നിലപാടുമായി പോയതെല്ലാം കമ്മീഷണറായിരുന്ന വാസുവാണ്.

ശ്രീകോവിലിന്റെ പ്രധാന വാതിലിന്റെ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തട്ടിപ്പ് തുടങ്ങുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് വാതില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കുന്നത്. 2519.70 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം 1999 ല്‍ പൊതിഞ്ഞിട്ടുള്ള വാതിലായിരുന്നു ഇത്. അനുമതി ലഭിച്ചതിന് പിന്നാലെ നന്ദന് എന്ന മരപ്പണിക്കാരന്‍ സന്നിധാനത്ത് എത്തി വാതിലിന്റെ അളവ് എടുത്തു. കീഴ് ശാന്തിയാണ് വാതില്‍ അഴിച്ച് കൈമാറിയത്. ഇതിന് ശേഷം തൃശ്ശൂരില്‍ നിന്ന് തടി വാങ്ങി ബെംഗളൂരിവിലെ ശ്രീരാമപുരം അയ്യപ്പ ക്ഷേത്രത്തിലെത്തിച്ച് പുതിയ വാതില്‍ നിര്‍മ്മിച്ചു. ഹൈദരാബാദിലെത്തിച്ച് ചെമ്പ് പാളികള്‍ പിടിപ്പിക്കുകയും പിന്നീട് ചെന്നൈയിലെത്തിച്ച് സ്വര്‍ണ്ണം പൂശുകയും ചെയ്തു. ഇതിനിടയില്‍ പലതവണ അളവ് ഉറപ്പാക്കാനായി സന്നിധാനത്ത് എത്തിച്ചു. 324.400 ഗ്രാം സ്വര്‍ണ്ണമാണ് വാതിലില്‍ പൂശാനായി ഉപയോഗിച്ചത്. 2019 മാര്‍ച്ച് മൂന്നാം തീയതി ചെന്നൈയില്‍ നിന്ന് സ്വര്‍ണ്ണം പൂശി നല്‍കിയ വാതില്‍ സന്നിധാനത്ത് എത്തിച്ചത് മാര്‍ച്ച് 11 നാണ്. ഇതിനിടയില്‍ കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തിലടക്കം വാതില്‍ എത്തിച്ചു. നടനും അന്നത്തെ ദേവസ്വം പ്രസിഡന്റുമൊക്കെ ഇവിടെ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

വാതിലിന്റെ അറ്റകുറ്റപ്പണി ദേവസ്വം മരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു നടത്തേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ലഭിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചത് പൂര്‍ണമായും അലക്ഷ്യമായ നടപടികളാണ്. ഇതാണ് വാസുവിന്റെ അറസ്റ്റിലും നിറയുന്നത്. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ച നടന്ന 2019ല്‍ ദേവസ്വം കമ്മിഷണര്‍ ആയിരുന്നു എന്‍.വാസു. സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം കമ്മിഷണറെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഈ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. കേസിലെ നാലാം പ്രതി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടും മൂന്നാം പ്രതിയെ കസ്റ്റഡിയിലെടുക്കാതിരുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ആദ്യമായി ചെമ്പാണെന്നു രേഖപ്പെടുത്തിയത് ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസു ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയ കത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2019 ഫെബ്രുവരി 26ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് പോറ്റിയുടെ കൈയില്‍ പാളികള്‍ കൊടുത്തുവിടാന്‍ തീരുമാനം എടുത്തത്. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികള്‍ കടത്തിയത്. എന്‍.വാസു അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തി കാരണമാണ് സ്വര്‍ണം നഷ്ടപ്പെട്ടതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Tags:    

Similar News