നിലമ്പൂരില്‍ നിന്നും മധ്യപ്രദേശിലെ കടുവാ സങ്കേതത്തിലേക്കെത്തിയത് 1971 ല്‍; സങ്കേതത്തിലെ നേതാവായി വനത്തിന്റെ കാവലാളായി പിന്നിട്ടത് നൂറ്റാണ്ടുകള്‍; നൂറു വയസ്സ് പിന്നിട്ട ഏഷ്യയിലെ തന്നെ ഏക ആന; ഏഷ്യയുടെ ആനമുത്തശ്ശി 'വത്സല' ഓര്‍മ്മയായി
ഏഷ്യയുടെ ആനമുത്തശ്ശി 'വത്സല' ഓര്‍മ്മയായി
ഭോപാല്‍: നൂറു വയസ്സിന് മുകളില്‍ ജീവിച്ച ഭൂമിയിലെ തന്നെ ഏക ആന..ഏഷ്യയുടെ ആനമുത്തശ്ശി എന്നറിയപ്പെട്ടിരുന്ന വത്സല എന്ന പിടിയാന ഇനി ഓര്‍മ്മ.കേരളത്തില്‍ നിന്നും മധ്യപ്രദേശിലേക്ക് സഞ്ചരിച്ച് അവിടത്തെ വനത്തിന്റെ തന്നെ നിശബ്ദ കാവലാളായി..തലമുറകളുടെ മു്ത്തശ്ശിയായ ആനയോളം വലിപ്പമുള്ള നൂറ്റാണ്ടിന്റെ കഥകൂടിയാണ് വത്സലയുടെ ജീവിതം.മധ്യപ്രദേശ് മുഖ്യമന്ത്രി വരെ അനുസ്മരണവുമായി എത്തുമ്പോള്‍ മനസിലാകും പന്ന കടുവസങ്കേതത്തിന് എത്രത്തോളം പ്രിയപ്പെട്ടവളായിരുന്നു വത്സലയെന്ന പിടിയാന എന്ന കാര്യം.
നിലമ്പൂരില്‍ നിന്ന് മധ്യപ്രദേശിലേക്ക്.. കടുവ സങ്കേതത്തിന്റെ നിശബ്ദകാവലാള്‍
കേരളക്കാരിയാണ് യഥാര്‍ത്ഥത്തില്‍ വത്സല.നിലമ്പൂരില്‍ നിന്നും 1971ലാണ് വത്സല മധ്യപ്രദേശിലെത്തിയത്.ആദ്യം നര്‍മദാപുരത്തായിരുന്നു എത്തിച്ചിരുന്നത്.അവിടെ നിന്ന് പന്ന കടുവ സങ്കേതത്തിലേക്കെത്തിച്ച വത്സല ഇവിടുത്തെ മുഖ്യ ആകര്‍ഷണം കൂടിയായി മാറി. 1993 ലാണ് വത്സലയെ പന്നാ കടുവാ സങ്കേതത്തില്‍ എത്തിക്കുന്നത്.കടുവ സങ്കേതത്തിലെ മറ്റ് ആനകള്‍ക്ക് ഒരു നേതാവായിരുന്നു വത്സലയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൂട്ടത്തിലെ പെണ്ണാനകള്‍ പ്രസവിച്ചാല്‍ അവരുടെ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കുന്ന ചുമതല വത്സലയാണ് ഏറ്റെടുത്തിരുന്നത്. ഒരു അമ്മൂമ്മയുടെ കരുതലോടെ ആ ആനക്കുട്ടികളെ വത്സലയെന്ന 'ആനമുത്തശ്ശി' പരിപാലിച്ചിരുന്നു എന്നാണ് പന്ന കടുവ സങ്കേതം പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.2019ല്‍ മരിച്ച ചെങ്ങല്ലൂര്‍ ദാക്ഷായണിയെന്ന ആനയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് 2023ലാണ് വത്സല മറികടന്നത്.ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന എന്ന പേജില്‍ ദാക്ഷായണി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു.
വത്സലയെ ഗിന്നസ് ബുക്കില്‍ ഇടം പിടിപ്പിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശ്രമിച്ചെങ്കിലും രേഖകളുടെ അഭാവം തിരിച്ചടിയായി. വത്സലയുടെ ജനന രേഖകള്‍ കണ്ടെത്താന്‍ സാധിക്കാത്തതും തെളിവുകളുടെ അഭാവവുമാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടാന്‍ വത്സലക്ക് തടസമായത്.പ്രായം കൂടുതലായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കടുവാ സങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക പരിചരണമാണ് വത്സലക്ക് നല്‍കിയിരുന്നത്.പ്രായാധിക്യം മൂലം വത്സലയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു.
മറ്റ് ആനകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക തരത്തിലുള്ള ആഹാരവും തിളപ്പിച്ച് അണുവിമുക്തമാക്കിയ വെള്ളവുമാണ് കൊടുത്തിരുന്നത്.വത്സലക്ക് പ്രത്യേകമായി ഒരു കൂടും ഒരുക്കിയിരുന്നു.മുന്‍കാലുകളിലെ നഖങ്ങള്‍ക്ക് പരുക്ക് പറ്റിയ അവസ്ഥയില്‍ കടുവ സങ്കേതത്തിലെ ഖൈരയാന്‍ എന്ന ജലാശയത്തിന്റെ അടുത്ത് വത്സല ഇരിക്കുകയായിരുന്നു.ആനയെ എഴുന്നേല്‍പ്പിക്കാനായി വനംവകുപ്പ് പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.വത്സലയുടെ കാഴ്ചയടക്കം നഷ്ടമായിരുന്നതിനാല്‍ ദൂരത്തേക്ക് നടന്നുനീങ്ങുന്നതും കുറവായിരുന്നു.അതുകൊണ്ടു തന്നെ ഹിനൗത ആന ക്യാമ്പിലായിരുന്നു വത്സലയെ വനംവകുപ്പ് പാര്‍പ്പിച്ചിരുന്നത്.
കുളിപ്പിക്കാനായി എന്നും ഖൈരയാനിലേക്കും കൊണ്ടുപോയിരുന്നു.ക്ഷീണിതയായ വത്സലയെ വനംവകുപ്പ് കൃത്യമായി നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. കൃത്യമായ ഇടവേളകളില്‍ മൃഗഡോക്ടര്‍മാരും വന്യജീവി വിദഗ്ധരും വത്സലയെ പരിശോധിക്കാന്‍ എത്തിയിരുന്നു. കരുതലോടെ നോക്കാനായതുകൊണ്ടാണ് വത്സലയ്ക്ക് ഇത്രയും കാലം ജീവിക്കാന്‍ കഴിഞ്ഞതെന്നാണ് വനംവകുപ്പ് പറയുന്നത്.
'വത്സലയുമായി ഒരു നൂറ്റാണ്ടോളം നിലനിന്ന ബന്ധം അവസാനിക്കുന്നു'..കുറിപ്പുമായി മുഖ്യമന്ത്രി
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ ആയുസ് എത്രയാണ്...? നൂറ് വയസിന് മുകളില്‍ ആനയ്ക്ക് ആയുസ് ലഭിക്കാറുണ്ടോ? സാധ്യത വളരെയേറെ കുറവാണ്.എന്നാല്‍ വത്സലയുടെ കാര്യത്തില്‍ ആ മാജിക്കല്‍ സംഖ്യ പിന്നിട്ടിരുന്നു. രേഖകളുടെ അഭാവം മാത്രമാണ് ഔദ്യോഗിക ഭാഷ്യത്തിന് തിരിച്ചടിയാകുന്നത്.
അതിനാല്‍ തന്നെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുള്‍പ്പടെ ഹൃദയം തൊടുന്ന കുറിപ്പുമായി രംഗത്ത് വന്നത്.മുഖ്യമന്ത്രി മോഹന്‍ യാദവ് അടക്കമുള്ളവര്‍ വത്സലയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. 'വത്സലയുമായി ഒരു നൂറ്റാണ്ടോളം നിലനിന്ന ബന്ധം അവസാനിക്കുന്നു' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
'വനത്തിന്റെ നിശബ്ദ കാവലാളായിരുന്നു അവള്‍. ആനക്കുട്ടികളെ സ്നേഹത്തോടെ പരിപാലിച്ചിരുന്ന,തലമുറകളുടെ കൂട്ടുകാരിയായി മാറിയ,മധ്യപ്രദേശിന്റെ വികാരം തന്നെയായിരുന്നു വത്സല.വത്സല കൂടെയില്ലെങ്കിലും അവള്‍ സമ്മാനിച്ച ഓര്‍മകള്‍ കടലോളമാണ്. അതൊരിക്കലും മായുകയില്ല.നമ്മുടെ മണ്ണിലും മനസ്സിലും അതങ്ങനെ തെളിഞ്ഞുനില്‍ക്കും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആനയുടെ സംസ്‌കാരം എല്ലാ ആദരവുകളോടെയും ചെയ്യുമെന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.