വിസിമാരെ നിയമിക്കാമെന്ന പിണറായി മോഹം തകര്‍ന്നടിഞ്ഞു; ലോക്ഭവന്റെ നിര്‍ണ്ണായക നീക്കം ആ അധികാരം എത്തിച്ചത് സുപ്രീംകോടതിയുടെ കൈകളിലേക്ക്; സാങ്കേതിക-ഡിജിറ്റല്‍ സര്‍വ്വകലാശാല വിസിമാരുടെ മുന്‍ഗണന ഇനി ദൂലിയ സമിതി നിശ്ചയിക്കും; സിസാ തോമസിനെ പരമോന്നത നീതിപീഠം നിയമിച്ചാല്‍ തിരിച്ചടിയാകുക സര്‍ക്കാരിനും; വിജയം ആര്‍ക്കെന്ന് അടുത്ത വ്യാഴത്തില്‍ തെളിയും
ന്യൂഡല്‍ഹി: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മോഹങ്ങള്‍ തകര്‍ത്ത് ലോക്ഭവന്റെ അതിബുദ്ധി. ഇനി വിസിമാരെ നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കി മുദ്ര വച്ച കവറില്‍ കൈമാറാന്‍ ജസ്റ്റിസ് സുധാന്‍ഷു ദുലിയയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അടുത്ത ബുധനാഴ്ച്ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിര്‍ദേശം. പട്ടികയില്‍നിന്ന് വൈസ് ചാന്‍സലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഇതോടെ വിസി നിയമനം എല്ലാ അര്‍ത്ഥത്തിലും സുപ്രീംകോടതിയുടേതാകുകയാണ്.
വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സമവായം ആകാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. നേരത്തെ ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാന്‍സലര്‍മാരായി നിയമിക്കാന്‍ പരിഗണിക്കേണ്ടവരുടെ പാനല്‍ പാനല്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയത്. അക്ഷരമാല ക്രമത്തിലായിരുന്നു പാനലില്‍ പേരുകള്‍ രേഖപ്പെടുത്തിയിരുന്നത്. ഈ പാനലില്‍നിന്നാണ് മുന്‍ഗണനാക്രമം തയ്യാറാക്കി മുഖ്യമന്ത്രി ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് കൈമാറിയത്. ആ മുന്‍ഗണനാ ക്രമം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. സുപ്രീംകോടതിയെ നീരസം അറിയിച്ചു. ഇതോടെയാണ് സുപ്രീംകോടതി സമവായത്തിലെത്താന്‍ നിര്‍ദ്ദേശിച്ചത്. മന്ത്രിമാര്‍ എത്തിയിട്ടും സമവായത്തിന് ഗവര്‍ണര്‍ തയ്യാറായില്ല. ഇതോടെയാണ് പന്ത് സുപ്രീംകോടതിയുടെ കോര്‍ട്ടിലെത്തിയത്.
നേരത്തെ അക്ഷരമാലാ ക്രമത്തിലാണ് ദൂലിയ സര്‍ക്കാരിന് കത്ത് നല്‍കിയത്. അതിനി മുന്‍ഗണനാ ക്രമത്തിലാകും. അത് സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമാകണമെന്നില്ല. അങ്ങനെ ആയാല്‍ സര്‍ക്കാരിന് നേട്ടമാകും. മറിച്ചാണെങ്കില്‍ ഗവര്‍ണ്ണറുടെ തന്ത്രം വിജയിച്ചെന്ന വിലയിരുത്തലും വരും. ഏതായാലും വൈസ് ചാന്‍സലര്‍ ആയി സിസ തോമസിനെ നിയമിക്കുന്നതിനോട് മാത്രമാണ് തങ്ങളുടെ എതിര്‍പ്പെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. താത്കാലിക വൈസ് ചാന്‍സലര്‍ ആയിരുന്നപ്പോള്‍ സര്‍വ്വകലാശാലക്ക് അവമതിപ്പ് ഉണ്ടാക്കിയ വ്യക്തിയാണ് സിസ തോമസെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശിയും ചൂണ്ടിക്കാട്ടി.
എന്നാല്‍, രണ്ട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമന പാനലിലും ഉള്‍പ്പെട്ട വ്യക്തിയാണ് സിസ തോമസ് എന്നും അതിനാല്‍ അവരെ ഒഴിവാക്കാന്‍ പറ്റില്ലെന്നും ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയും അഭിഭാഷകന്‍ വെങ്കിട്ട സുബ്രമണ്യവും ചൂണ്ടിക്കാട്ടി. സിസാ തോമസിനെ ദൂലിയ മുന്‍ഗണനാ ക്രമത്തില്‍ മുകളില്‍ വച്ചാല്‍ അത് പിണറായി സര്‍ക്കാരിന് കനത്ത ആഘാതമാകും. അതുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് പിണറായി സര്‍ക്കാര്‍. ഇതിനിടെ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നല്‍കിയ കത്ത് മുദ്രവച്ച കവറില്‍ ഇന്ന് അറ്റോര്‍ണി ജനറല്‍ കോടതിക്ക് കൈമാറിയിരുന്നു. ഏന്നാല്‍, ഈ കത്ത് തുറന്ന് നോക്കാന്‍ ജസ്റ്റിസുമാര്‍ വിസമ്മതിച്ചു. ഇത് ഗവര്‍ണ്ണര്‍ക്കും തിരിച്ചടിയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ നിലപാട് മന്ത്രിമാര്‍ ഗവര്‍ണറെ അറിയിച്ചു. സമവായത്തില്‍ എത്താനായില്ലെങ്കെില്‍ വിസി നിയമനം കോടതി നടത്തുമെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, പി ബി വരാലെ എന്നിവരുടെ ബെഞ്ച് അറിയിച്ചിരുന്നു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയിലെ വിവരം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വി സി നിയമനം കോടതി നടത്തുമെന്ന് വ്യക്തമാക്കിയത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ലോക്ഭവന്‍ രംഗത്തു വന്നിരുന്നു. സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നാകാം മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് ലോക് ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി ശുപാര്‍ശ ചെയ്യുന്ന പട്ടികയില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ സ്വന്തം അഭിപ്രായം വ്യക്തമാക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നും ലോക്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഡിജിറ്റല്‍ വിസിയായി ഡോ സജി ഗോപിനാഥും, സാങ്കേതിക സര്‍വ്വകലാശാല വിസിയായി സതീഷ് കുമാറിന്റെ പേരിനുമായിരുന്നു മുന്‍ഗണന. എന്നാല്‍ സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകളാണ് ഗവര്‍ണര്‍ നല്‍കിയത്.
