അവന്റെ ദേഷ്യം തീര്‍ക്കാനായി അടുത്ത ദിവസം ഞൊണ്ടി നടക്കേണ്ട അവസ്ഥയിലെത്തിക്കുന്ന പോലെ വയലന്റ് ആയി സെക്‌സ് ചെയ്യും; എനിക്ക് താല്‍പര്യമില്ലെന്നും എനിക്ക് കഴിയില്ലെന്ന് പലകുറി ആവര്‍ത്തിച്ചിട്ടും കേള്‍ക്കാത്ത വ്യക്തിയാണ് ഇദ്ദേഹം; എന്റെ ദേഷ്യം ഞാന്‍ അങ്ങനെ തീര്‍ത്തുവെന്ന് സുഹൃത്ത് വട്ടങ്ങളില്‍ ആണ്‍ അഹന്തയോട് കൂടി പറഞ്ഞുവെക്കുന്ന ഒരാള്‍; ആരാണ് വേടന്‍? ആ യുവതി പറയുന്നത് ഇങ്ങനെ
കൊച്ചി: ഫ്ളാറ്റില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തോടെ വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞിരുന്നു ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബറിടത്ത് ചര്‍ച്ച നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത് 'വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്' എന്ന കൂട്ടായ്മ 2021 ജൂണില്‍ പങ്കുവച്ച വേടനെതിരെയുള്ള 'മീ ടൂ' ആരോപണമായിരുന്നു. മദ്യലഹരിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നുമായിരുന്നു ആരോപണം. സുഹൃദ്വലയത്തിലെ സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് നുണ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഇതിന് സമാനമാണ് കൊച്ചിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസും.
'പരിചയപ്പെട്ടുകഴിഞ്ഞാലുടന്‍ 'സ്‌ക്വര്‍ട്ട് ചെയ്ത് തരട്ടെ?' എന്ന് ചോദിക്കുക, പങ്കാളിക്ക് വേദനിച്ചാലും കൂടുതല്‍ വേദനിപ്പിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുക, ലൈംഗിക ബന്ധത്തിന് താല്‍പര്യമില്ല എന്നുപറഞ്ഞാലും വീണ്ടും അതിനായി സമീപിക്കുക, ലൈംഗികമായി ബന്ധപ്പെട്ടുവെന്ന് കൂട്ടുകാരോട് കള്ളം പറയുക തുടങ്ങിയ ആരോപണങ്ങളാണ് 'വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റി'ല്‍ അംഗങ്ങളായ സ്ത്രീകള്‍ ആരോപിച്ചത്. സംവിധായകന്‍ മുഹ്സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് വേടനെതിരെ 'മീ ടൂ' ആരോപണം ഉയര്‍ന്നത്. പിന്നാലെ ആല്‍ബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് മുഹ്സിന്‍ പരാരി അറിയിക്കുകയും ചെയ്തു. ആരോപണങ്ങള്‍ പുറത്തുവന്നതോടെ വേടന്‍ മാപ്പു പറഞ്ഞു. ഈ പോസ്റ്റ് നടി പാര്‍വതി തിരുവോത്ത് ലൈക്ക് ചെയ്തതും വിവാദമായി. ഇതിനിടെ കേരളീയം മാസികയില്‍ വേടന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ അഭിമുഖവും എത്തി. ഈ അഭിമുഖം വായിച്ച യുവ ഡോക്ടറാണ് വേടനെതിരെ ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
കേരളീയം മാസികയില്‍ വന്ന അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം
കഞ്ചാവ് കൈവശം വെച്ചുവെന്ന കേസിലെ പ്രതിയായ റാപ്പര്‍ ഹിരണ്‍ദാസ് മുരളിക്ക് നേരെ ഉയര്‍ന്ന മീ ടൂ കേസുകള്‍ വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ നേരിട്ട അതിജീവിത കേരളീയം സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആരതി എം.ആറിനോട് സംസാരിക്കുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെ നിന്നുള്ള ഒരു കുടുംബത്തില്‍ നിന്നും വരുന്ന എനിക്ക് ഹിരണ്‍ദാസിനെതിരെ കേസിന് പോവാനോ, സംഭവിച്ചതെന്തെന്ന് തുറന്ന് പറയാനോ ഉള്ള സാമൂഹിക സാഹചര്യങ്ങള്‍ പോലുമില്ല. 2021ല്‍ മറ്റ് അതിജീവിതകള്‍ മീ റ്റൂ പോസ്റ്റ് ഇടാന്‍ മുന്നോട്ട് വന്നപ്പോള്‍ പോലും എന്റെ ശരീരത്തില്‍ അനുഭവിക്കേണ്ടി വന്ന വേദന, അതിന്റെ ആഘാതം എനിക്ക് മനസിലാക്കാന്‍ വീണ്ടും സമയമെടുത്തു. അന്ന് ഹിരണ്‍ദാസിനെതിരെ പറഞ്ഞതില്‍ നിന്നും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, സാഹചര്യങ്ങള്‍ക്ക് ഒത്തിരി വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ഹിരണ്‍ദാസിനുള്ള കള്‍ച്ചറല്‍ ക്യാപിറ്റല്‍ എന്നെ പോലുള്ളവര്‍ക്ക് അവന് എതിരെ വെറുതെ ഒന്ന് നില്‍ക്കാന്‍ പോലും പേടിപ്പെടുത്തുന്നതാണ്.
ഞങ്ങളെ ഇപ്പോഴും കേള്‍ക്കാന്‍ തയാറുള്ള വിരലില്‍ എണ്ണാവുന്ന കുറച്ചുപേരുണ്ട്. ഞങ്ങള്‍ക്ക് മുഖവും പേരുമില്ലത്തിനാല്‍ ഒരു പരിധിയ്ക്ക് അപ്പുറം അവരും നിസ്സഹായരാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്. ഞങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടോ, ഞങ്ങളോട് മാപ്പ് പറഞ്ഞതല്ലേ, ഞങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയല്ലോ എന്നൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ചോദ്യങ്ങളുമായെത്തുന്ന സ്ത്രീപക്ഷവാദിയെന്ന് സ്വയം പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആ ആശയത്തെ, അതിന്റെ സത്തയെ അപമാനിക്കുന്ന തരത്തിലാണ് ഇടപെടുന്നത്. കാര്യങ്ങളില്‍ വ്യക്തതയില്ലാത്തത് കൊണ്ടാണോ അവര്‍ക്ക് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വരുന്നതെന്ന സംശയവും എനിക്കുണ്ട്.
ഹിരണ്‍ദാസ് മുരളി എന്ന വേടന്‍ ഇതുവരെ ഞങ്ങളോട് മാപ്പ് ചോദിച്ചിട്ടില്ല. ബന്ധത്തില്‍ ഉണ്ടാവുമ്പോള്‍ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളും, പീഡനങ്ങളും നേരിടേണ്ടി വന്ന ഞങ്ങള്‍ അല്ലേ അവന് മാപ്പ് കൊടുക്കണോ, അവനത് അര്‍ഹിക്കുന്നുണ്ടോ എന്നൊക്കെ തീരുമാനിക്കേണ്ടത്? ഇതുവരെ ഹിരണ്‍ദാസ് മുരളി ചെയ്ത ഒരു വൃത്തികേടുകള്‍ക്ക് പോലും അക്കൗണ്ടബിലിറ്റി എടുക്കാനോ, ഞങ്ങളോട് മാപ്പ് ചോദിക്കാനോ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ മാപ്പ് പറഞ്ഞല്ലോയെന്ന വാദം പ്രസക്തവുമല്ല. അതിനാല്‍ തന്നെ അതിജീവിതകള്‍ അവരുടെ ജീവിതം നോക്കി ജീവിക്കുന്നു എന്നൊക്കെയുള്ള നുണകള്‍ പറയാതിരിക്കുക. പുരുഷന് വേണ്ടി മാത്രം ആഘോഷിക്കാന്‍ തയാറായി നില്‍ക്കുന്ന സമൂഹത്തില്‍ തന്നെയാണ് ഇപ്പോഴും ഞങ്ങള്‍ ജീവിക്കുന്നത്, അവനുള്ള സ്ഥലങ്ങളിലേക്ക് പോവതിരിക്കുക, ഇയാള്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പറയുമ്പോള്‍ ഒറ്റപ്പെടുത്തുക, അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അവന്റെ കഴിവിനെ തള്ളി പറയരുതെന്ന് നിരന്തരം 'ഉപദേശങ്ങള്‍' നേരിടേണ്ടി വരിക എന്നതൊക്കെയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്വാഭാവിക ജീവിതമെങ്കില്‍ ഇങ്ങനെയാണ് ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ ജീവിക്കുന്നത്.
വേടന്റെ കൂട്ടുകാരോട് എന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞതിനും, വേടന്റെ അമ്മയെ ഒരു മോശം സ്ത്രീയായി അവന്‍ തന്നെ അവതരിപ്പിക്കുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ മറുപടിയായി ഒരു സ്ത്രീ എന്ന രീതിയില്‍ അവര്‍ക്കും മറ്റൊരു വശമുണ്ടെന്ന അഭിപ്രായം ഞാന്‍ പങ്കുവെച്ചതിനും - അവന്റെ ദേഷ്യം തീര്‍ക്കാനായി അടുത്ത ദിവസം ഞൊണ്ടി നടക്കേണ്ട അവസ്ഥയിലെത്തിക്കുന്ന പോലെ വയലന്റ് ആയി സെക്‌സ് ചെയ്യുകയും, എനിക്ക് താല്‍പര്യമില്ല, എനിക്ക് കഴിയില്ലെന്ന് പലകുറി ആവര്‍ത്തിച്ചിട്ടും കേള്‍ക്കാത്ത വ്യക്തിയാണ് ഇദ്ദേഹം. എന്റെ ദേഷ്യം ഞാന്‍ അങ്ങനെ തീര്‍ത്തുവെന്ന് സുഹൃത്ത് വട്ടങ്ങളില്‍ ആണ്‍ അഹന്തയോട് കൂടി പറഞ്ഞുവെക്കുന്ന ഒരാളെ ഏതുതരത്തില്‍ കാണാമെന്ന് ഞങ്ങളെ ആരും പഠിപ്പിച്ചു തരരുത്. എന്റെ ഏജന്‍സി തല്‍ക്കാലം ആര്‍ക്കും ഞാന്‍ കൈമാറിയിട്ടില്ല.
വേടന്‍ അന്നത്തെ പ്രശ്‌നത്തിന് ശേഷം മാറിയല്ലോ എന്ന് ചോദിക്കുന്നവരോട്, കഴിഞ്ഞ മാസവും താന്‍ ഒരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞ വ്യക്തിയോട് വളരെ മോശമായി ഇവന്‍ പെരുമാറിതായും, ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിട്ടും അവരെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും വളരെ queer phobic comments പറഞ്ഞതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വീണ്ടും എത്ര സ്ത്രീകള്‍ ഇതുപോലെ നേരിടേണ്ടി വരുമെന്ന് അറിയില്ല. ഇങ്ങനെ ഉപദ്രവിക്കാന്‍ കഴിയുന്നത് അവന്‍ പറയുന്ന രാഷ്ട്രീയവും കലയും നല്‍കുന്ന അധികാരവും ആരാധകവൃന്ദവുമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
അവന്‍ ജാതിയ്ക്ക് എതിരെ സംസരിക്കുന്നുണ്ടെന്ന ഒറ്റ കാരണത്താല്‍ മാത്രം സവര്‍ണ പ്രത്യയശസ്ത്രത്തില്‍ നിന്നും സമൂഹത്തിന് വിടുതല്‍ നേടാന്‍ കഴിയുമെന്ന തെറ്റായ ധാരണ കൊണ്ടാവാം അവന് എതിരെ വരുന്ന തുറന്ന് പറച്ചിലുകളെ പ്രതിരോധിക്കേണ്ടത് ദലിത് സമൂഹത്തിന്റെ മൊത്തം ബാധ്യതയായി തോന്നുന്നത്. ഞാന്‍ അടക്കമുള്ള സ്ത്രീകള്‍ ദലിത് വാദത്തെ ഇത്തരത്തില്‍ പ്രാക്ടീസ് ചെയ്യുന്നവരല്ല. ദലിത് സ്ത്രീയെ ഉള്‍പ്പെടെ ഉപദ്രവിച്ച ഹിരണ്‍ദാസിനെ സംരക്ഷിക്കാനുള്ള മനോഭാവം ദലിത് സമുദായത്തിലുള്‍പ്പെടുന്ന സ്ത്രീകളെ വീണ്ടും അടിച്ചമര്‍ത്തുന്ന തരത്തിലുള്ളതാണ്. മാത്രവുമല്ല സവര്‍ണ പ്രത്യയശാസ്ത്രം ജാതിപരമായ ഒന്ന് മാത്രമല്ല. സ്ത്രീയുടെ ലൈംഗികത, സ്ത്രീത്വം എന്നിവയെ രണ്ടാംകിടയായി, ഒരു ലൈംഗിക വസ്തുവായി തരംതാഴ്ത്തുന്നത് കൂടി ഉള്‍പെടുന്നതാണ് സവര്‍ണ്ണ അടിച്ചമര്‍ത്തലുകള്‍. ഒരേ സമയം ജാതിപരമായും ലിംഗപരമായും അവനേക്കാള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ് ഞങ്ങള്‍. ആണ്‍ എന്ന പ്രിവിലേജ് മുതലെടുത്ത് കൊണ്ട് ഒരാള്‍ ഉപദ്രവിച്ച ഞങ്ങള്‍ക്ക് വേണ്ടി എന്തുകൊണ്ട് സമൂഹം ശബ്ദം ഉയര്‍ത്തുന്നില്ല? ഇന്ന് അവന്‍ ദലിതന്‍ ആയതുകൊണ്ടാണ് സ്റ്റേറ്റ് അവനെ വേട്ടയാടുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളവര്‍, അവനെതിരെ പറയുമ്പോള്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ലിംഗപരമായ അടിച്ചമര്‍ത്തലുകളെ മനസിലാക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് വേണ്ടി ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കിടയില്‍ ആരും സംസാരിക്കാത്തത്?
സാമൂഹിക വിലക്കാണ് ശരിയായ രീതി എന്നൊന്നും എനിക്ക് അഭിപ്രായമില്ല. പക്ഷേ, എന്നോട് ചെയ്ത വയലന്‍സുകള്‍ കൃത്യമായി ഏറ്റ് പറയുകയും അതിന് എന്നോട് മാപ്പ് പറയുകയും വേണം. ബുദ്ധി ഉപയോഗിക്കുന്ന, രാഷ്ട്രീയം പറയുന്ന സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനും, ഫെമിനിസം എന്ന ആശയം മോശമല്ലയെന്നും, സാധാരണ സ്ത്രീയും പുരുഷനും പോലെയുള്ളവര്‍ തന്നെയാണ് ബാക്കി ലിംഗത്തില്‍ പെട്ടവരുമെന്നും മനസ്സിലാക്കിയെടുക്കാന്‍ ഇനിയെങ്കിലും അവന് കഴിവ് ഉണ്ടാക്കാന്‍ കഴിയണമെന്ന സഹതാപം മാത്രമാണ് ഇപ്പോള്‍ എനിക്ക് അവനോടും അവന് കൂട്ടു പിടിക്കുന്നവരോടുമുള്ളത്.