പിജിക്ക് പഠിക്കാന്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൗഹൃദം തുടങ്ങി; പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടി കൊച്ചിയില്‍ എത്തിയപ്പോഴും പീഡനം; ഓഡിയോ ക്ലിപ് പുറത്തു വിട്ട് ഇരയെ അപമാനിക്കാന്‍ വേടന്‍; മജിസ്‌ട്രേട്ട് കോടതിയിലെ രഹസ്യ മൊഴിയിലും ആരോപണം ആവര്‍ത്തിച്ച് യുവ ഡോക്ടര്‍; വേടന്റെ ഓണം അഴിക്കുള്ളിലാകുമോ?

Update: 2025-08-01 01:11 GMT

കൊച്ചി: റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിന്. 164 പ്രകാരം എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ തൃക്കാക്കര പൊലിസാണ് കേസെടുത്തത്. അതേസമയം പീഡന പരാതിയില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍ രംഗത്തെത്തി. തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പരാതിയെന്ന് വേടന്‍ വ്യക്തമാക്കി. നേരത്തെ മീ ടു ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഇക്കാര്യം താന്‍ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയില്‍ വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട സൂചന നേരത്തെ ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ വേടന്‍ നിയമപരമായി നേരിടുമെന്നും പറഞ്ഞു. ആസൂത്രിത നീക്കമാണെന്നത് തെളിയിക്കുന്ന ഓഡിയോ ക്ലിപ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും വേടന്‍ പറഞ്ഞു. ഇന്നു തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും വേടന്‍ പറഞ്ഞു. അതിനിടെ വേടനെ രക്ഷിക്കാന്‍ ചില ഇടതു കേന്ദ്രങ്ങള്‍ സജീവമായി രംഗത്തുണ്ട്. എന്നാല്‍ കൊച്ചി കമ്മീഷണര്‍ പുട്ട വിമലാതിധ്യ നേരിട്ടാണ് കേസ് നിരീക്ഷിക്കുന്നത്. ആര്‍ക്കും കമ്മീഷണറെ സ്വാധീനിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. ഇതാണ് യുവ ഡോക്ടറുടെ പരാതിയില്‍ അതിവേഗ എഫ് ഐ ആറിന് അടക്കം സാഹചര്യം ഒരുങ്ങിയത്. പീഡനം നടന്നത് കുറച്ചു കാലത്തിന് മുമ്പാണെങ്കിലും യുവതിയുടെ മൊഴിയില്‍ വസ്തുതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരാതി വൈകിയ സാഹചര്യത്തിലാണ് വിശദ പരിശോധന നടക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ ഇതിന് മുമ്പ് തന്നെ വേടനെ പോലീസ് അറസ്റ്റ് ചെയ്യുമായിരുന്നു. ഓണത്തിന് അടക്കം നിരവധി പ്രോഗ്രാമുകള്‍ വേടന്‍ നല്‍കിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഗായകന്‍ പരിപാടികളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുള്ളത്. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ ഈ പരിപാടികളെല്ലാം അവതാളത്തിലാകും.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഡോക്ടര്‍ യുവതിയാണ് വേടനെതിരെ രംഗത്തെത്തിയത്. 2021- മുതല്‍ 23 വരെയുള്ള കാലയളവില്‍ വിവാഹം വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ വെച്ചായിരുന്നു അതിക്രമമെന്നും യുവതി പരാതിയില്‍ പറയുന്നു. തന്റെ പക്കല്‍ നിന്ന് പണം വാങ്ങിയതായും, യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വേടനും പരാതിക്കാരിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചിട്ടുണ്ട്. കാച്ചി തൃക്കാക്കര പൊലിസ് ആണ് വേടനെതിരെ കേസ് എടുത്തത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ യുവ ഡോക്ടറെ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടിലെത്തി ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി. തുടര്‍ന്ന് ഇവരെ വിവാഹം കഴിക്കാന്‍ വാഗ്ദാനം നല്‍കി വിവിധ തലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 2023 അവസാനമായപ്പോള്‍ വേടന്‍ ചില കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് തന്നെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നും യുവ ഡോക്ടര്‍ പറഞ്ഞു. ഇതിനു ശേഷം താന്‍ വിഷാദ അവസ്ഥയിലായെന്നും ചികിത്സ തേടിയതായും ഡോക്ടറുടെ മൊഴിയിലുണ്ട്.

ബുധനാഴ്ച രാത്രി സ്റ്റേഷനിലെത്തി യുവതി നല്‍കി മൊഴിയുടെ അടിസ്ഥാനത്തില്‍ മാനഭംഗക്കുറ്റം ചുമത്തി. പ്രാഥമികാന്വേഷണങ്ങള്‍ക്ക് ശേഷം വേടന്റെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരി മെഡിക്കല്‍ കോളേജില്‍ പി.ജിക്ക് പഠിക്കുമ്പോഴാണ് സമൂഹ മാദ്ധ്യമത്തിലൂടെ വേടനെ പരിചയപ്പെട്ടത്. ഫോണ്‍ വഴി സൗഹൃദത്തിലായതോടെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് വേടന്‍ അറിയിച്ചു. 2021 ഓഗസ്റ്റില്‍ യുവതി താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ വേടന്‍ സംസാരിക്കുന്നതിനിടെ ചുംബിച്ചു. തുടര്‍ന്ന് മാനഭംഗപ്പെടുത്തി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം ആവര്‍ത്തിച്ച വേടന്‍ മൂന്നു ദിവസം താമസിച്ച ശേഷമാണ് മടങ്ങിയത്. പിന്നീടും ഫ്‌ളാറ്റിലെത്തി ദിവസങ്ങള്‍ താമസിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്ക് 31,000 രൂപ അക്കൗണ്ട് വഴി വാങ്ങി. പല വട്ടം ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കാന്‍ 8,356 രൂപയും ചെലവഴിച്ചു. 2021ല്‍ പഠനം പൂര്‍ത്തിയാക്കി. 2022ല്‍ ജോലി ലഭിച്ച് തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ താമസിക്കുമ്പോള്‍ വേടനും സുഹൃത്തുക്കളും എത്തി. രാത്രി വേടന്‍ ശാരീരിക ബന്ധം പുലര്‍ത്തി.

2023 മാര്‍ച്ചില്‍ സുഹൃത്തിന്റെ ഏലൂരിലെ വീട്ടില്‍ വച്ചും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് അകലം പാലിച്ചു. 2023 ജൂലായ് 15ന് കൊച്ചിയിലെത്തിയപ്പോള്‍ നേരില്‍ക്കണ്ടു. താന്‍ പ്രശ്‌നക്കാരിയും മറ്റുള്ളവരുമായുള്ള ബന്ധം തടയുന്നവളുമാണെന്നും പിരിയാമെന്നും പറഞ്ഞു. തന്റെ മറ്റു ബന്ധങ്ങള്‍ക്ക് തടസമാണെന്നും പറഞ്ഞു. ഇതിനിടെ കൂട്ടുകാരിയുമായും അടുക്കാനുള്ള ആഗ്രഹം യുവതിയോട് വേടന്‍ പങ്കുവച്ചിരുന്നു. ഇതും യുവതിയെ തകര്‍ത്തു. തന്നെ വിവാഹം കഴിക്കില്ലെന്നറിഞ്ഞതോടെ താന്‍ വിഷാദരോഗിയായി ചികിത്സ തേടേണ്ടി വന്നു. മറ്റൊരു സ്ത്രീയെയും ദുരുപയോഗിച്ചെന്ന റിപ്പോര്‍ട്ട് കാണുകയും, വേടന്‍ തന്റെ ആദ്യ പ്രണയത്തെപ്പറ്റി പറയുകയും ചെയ്തതോടെയാണ് പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. പണമിടപാടുകളുടെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതുമായ മാനഭംഗ കുറ്റമാണ് പൊലീസ് ചുമത്തിയത്.

വിവാഹ വാഗ്ദാനത്തില്‍ നിന്നും വേടന്റെ പിന്‍വാങ്ങല്‍ തന്നെ വൈകാരികമായി വേദനിപ്പിച്ചതായും യുവതി ആരോപിച്ചു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച ബിഎന്‍എസ് സെക്ഷന്‍ 69 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍, കൊച്ചിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിന് ശേഷം വേടനെയും മറ്റ് എട്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പുലിനഖ കേസ് അടക്കം വലിയ വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്. ജാമ്യം കിട്ടിയ വേടനെ പിന്നീട് സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. വേടനെ വേട്ടയാടാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതിനിടെ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ വനിതാ ഡോക്ടറുടെ പരാതിയില്‍ വേടന് ഇതുവരെ നോട്ടീസ് അച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വേടനുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് യുവതി പരാതിയില്‍ പറഞ്ഞ കാര്യം ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേടനെതിരെ ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷന്‍ പ്രകാരമാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ കുറച്ചാളുകള്‍ക്ക് അറിയാമെന്നാണ് പരാതിക്കാരി പറയുന്നത്. തെളിവുകള്‍ ലഭിച്ചാല്‍ അതനുസരിച്ച് വകുപ്പുകള്‍ ചുമത്തുമെന്നും സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കുമെന്നും അന്വേഷണം നടക്കുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം മാത്രമെ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കു എന്നും കമ്മിഷണര്‍ വ്യക്തമാക്കി.

Tags:    

Similar News