എസ് എഫ് ഐ ഒ കുറ്റപത്രത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍; സിഎംആര്‍എല്‍ - എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി; കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുണ്ടെന്നും കോടതി നിരീക്ഷണം നിര്‍ണ്ണായകം; കേസെടുക്കാന്‍ വകയുണ്ടെന്ന് ഇഡി; വീണയും കര്‍ത്തയും കൂടുതല്‍ കുരുക്കിലേക്ക്

കൊച്ചി : സിഎംആര്‍എല്‍ കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്(എസ്എഫ്‌ഐഒ) സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ കംപ്ലെയ്ന്റിന്റെ (കുറ്റപത്രം) പകര്‍പ്പ് വിശദമായി പരിശോധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചു. കുറ്റപത്രം കൈമാറാന്‍ വിചാരണക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇ.ഡി കൊച്ചി യൂണിറ്റിലെ അസി.ഡയറക്ടര്‍ പകര്‍പ്പ് ഇന്നലെ തന്നെ കൈപ്പറ്റി. അതിന് ശേഷമാണ് പരിശോധന നടത്തിയത്. കേസ് എടുക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കൂടി അനുമതി തേടിയിട്ടുണ്ടെന്നാണ് സൂചന. അതുകിട്ടിയാല്‍ ഉടന്‍ അറസ്റ്റിലേക്കും ചോദ്യം ചെയ്യലിലേക്കും ഇഡി കടക്കും. മാസപ്പടി കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ), വിദേശനാണയ വിനിമയ ചട്ടം (ഫെമ) എന്നിവയുടെ ലംഘനം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. ഇത് പരിശോധിക്കാനായാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. എസ്എഫ്‌ഐഒയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണു കോടതി കുറ്റപത്രം നല്‍കിയത്. എസ് എഫ് ഐ ഒയും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് കീഴിലെ ഏജന്‍സിയാണ്. അതുകൊണ്ട് തന്നെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ അനൗദ്യോഗികമായി ഇഡിക്ക് കിട്ടാന്‍ സാധ്യതയുണ്ട്. അത് പരിശോധിച്ച് തീരുമാനം എടുത്ത ശേഷമാണ് കോടതിയിലൂടെ ഔദ്യോഗികമായി കുറ്റപത്രം ഇഡി വാങ്ങിയതെന്നാണ് വിലയിരുത്തല്‍.
കേസിലെ രേഖകള്‍ തേടി എസ്എഫ്‌ഐഒയ്ക്ക് കത്തയച്ചതായി മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം, സ്വകാര്യ കരിമണല്‍ക്കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തട്ടിപ്പുനടത്തിയെന്ന് എസ്എഫ്ഐഒ കണ്ടെത്തിയ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.
കമ്പനികാര്യനിയമത്തിലെ 447-ാം വകുപ്പനുസരിച്ചുള്ള കുറ്റമാണ് വീണയുടെപേരില്‍ ചുമത്തിയിട്ടുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സരന്‍ എസ്. കര്‍ത്ത എന്നിവരുടെപേരിലും വീണയുടെയും കര്‍ത്തയുടെയും കമ്പനികള്‍ക്കെതിരേയും ഇതേകുറ്റം ചുമത്തിയിട്ടുണ്ട്. പത്തുവര്‍ഷംവരെ തടവും തട്ടിപ്പിലൂടെ നേടിയ പണത്തിന് തുല്യമോ അതിന്റെ മൂന്നിരട്ടിവരെയോ പിഴയും ചുമത്താവുന്ന കുറ്റമാണ് വീണയുടെയും കര്‍ത്തയുടെയും പേരിലുള്ളത്. കൊച്ചിയിലെ സാമ്പത്തികകാര്യം കൈകാര്യംചെയ്യുന്ന കോടതിയിലായിരിക്കും എസ് എഫ് ഐ ഒ കേസിലെ വിചാരണ. കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയടക്കം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് വീണ്ടും അന്വേഷണം നടത്താന്‍ ഇഡി തീരുമാനിച്ചത്. മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡി പറയുന്നത്.
പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ കര്‍ണാടക ഹൈക്കോടതിയില്‍ ഈ കേസ് വന്നപ്പോഴാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞയാഴ്ച എസ്എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടത്. കേസില്‍ ടി. വീണയെ പ്രതിചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പ്രോസികൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയില്‍ നിന്നും കുറ്റപത്രം വാങ്ങിയത്. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികളിലെ തെളിവുകളടക്കം പരിശോധിച്ചായിരിക്കും ഇ.ഡിയുടെ തുടര്‍നടപടി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും ഇ.ഡി ചോദ്യംചെയ്യും. ഇത് അറസ്റ്റായി മാറാനും സാധ്യതയുണ്ട്.
അതേസമയം, സിഎംആര്‍എല്‍ - എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റം ചുമത്തുന്നതിന് മതിയായ തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകള്‍ നിലനില്‍ക്കും. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിര്‍ദേശം നല്‍കി.തുടര്‍നടപടിയുടെ ഭാഗമായി വീണ ഉള്‍പ്പെടെയുളളവര്‍ക്ക് കോടതി സമന്‍സ് അയക്കും. പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. കേസില്‍ നമ്പറിടുകയാണ് ആദ്യ നടപടി. ശേഷം സമന്‍സ് അയക്കും.