കോടതിയിലെ വിചാരണ നടപടികള്‍ക്ക് കാത്തിരിക്കുമ്പോഴും വേണമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യാം; എസ് എഫ് ഐ ഒ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ മുഖ്യമന്ത്രി; എന്തും ഏതും എപ്പോഴും സംഭവിക്കാമെന്ന ആശങ്ക ക്ലിഫ് ഹൗസില്‍ നിറയുന്നത്; പിണറായിയും കൂട്ടരും സംശയിക്കുന്നത് 'രാജീവ് ഇഫക്ട്'; ബിജെപിയിലെ നേതൃമാറ്റം സ്വാധീനമായോ?
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ രാജീവ് ചന്ദ്രശേഖര്‍ ഇഫക്ട് സംശയിച്ച് സിപിഎം. ബിജെപി സംസ്ഥാന അധ്യക്ഷനായി മാറിയ രാജീവ് ചന്ദ്രശേഖര്‍ കേരളം പിടിക്കാന്‍ വ്യക്തമായ കര്‍മ്മ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമാണ് ഈ അതിവേഗ നടപടിയെന്നാണ് സിപിഎം വിലയിരുത്തല്‍. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ആഴ്ചകള്‍ക്ക് മുമ്പ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരമന് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വിരുന്നൊരുക്കിയിരുന്നു പിണറായി. ഈ അനൗദ്യോഗിക ചര്‍ച്ചകള്‍ എന്തിനാണെന്നത് ഇന്നും പുറത്തു വരാത്ത രഹസ്യമാണ്. ധനമന്ത്രാലയത്തെ സ്വാധീനിക്കാനുള്ള നീക്കമായി ഇതിനെ പലരും വിലയിരുത്തി. പക്ഷേ രാജീവ് ചന്ദ്രശേഖര്‍ എല്ലാം മറ്റി മറിച്ചുവെന്നാണ് ചര്‍ച്ചകള്‍. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഡല്‍ഹിയിലെത്തിയ രാജീവ് ചില തന്ത്രപരമായ നീക്കങ്ങള്‍ നടത്തി. ഇതും വീണാ കേസില്‍ പ്രതിഫലിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനികളും വിലയിരുത്തുന്നത്. സേവനം ഒന്നും നല്‍കാതെ 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് വീണയ്‌ക്കെതിരേയെുള്ള കണ്ടെത്തല്‍. ഇതോടെ സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പായിരിക്കുകയാണ്.
കുറ്റപത്രം സമര്‍പ്പിച്ചതോടെ മാസപ്പടി കേസ് വീണ്ടും ഇടതുസര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും തലവേദനയാകുകയാണ്. പ്രതിപക്ഷം ഇതിനകംതന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തു വന്നുകഴിഞ്ഞു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പുറത്തുവന്ന ഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ഒരു വിധത്തില്‍ പ്രതിരോധിച്ചു നിന്ന പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുരുക്കിലാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മധുര പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ മൂന്നാം ഇടതുസര്‍ക്കാര്‍ എന്ന പ്രചാരണ മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങാനൊരുങ്ങിയ മുന്നണിക്ക് മാസപ്പടി കേസ് വലിയ തിരിച്ചടിതന്നെയാണ്. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി. സുരേഷ്‌കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍, എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് മറ്റ് ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ആകെ. 182 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍. രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് രാഷ്ട്രീയമായി ബിജെപിയും ചര്‍ച്ചയാക്കും. കേരളത്തിലെ നമ്പര്‍ വണ്‍ ശത്രു സിപിഎമ്മാകണമെന്ന നിലപാടിലാണ് രാജീവ്. ഇതിന് വേണ്ടിയാണ് അഴിമതിയുടെ സംശയ മുനയുള്ള സിഎംആര്‍എല്‍ കേസില്‍ എസ് എഫ് ഐ ഒ അതിവേഗ നീക്കം നടത്തിയതെന്നാണ് വിലയിരുത്തല്‍.
മാസപ്പടി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകളെ അറസ്റ്റ് ചെയ്യുമോ എന്നതാണ് വലിയ ആകാംക്ഷ. വീണ അടക്കമുള്ളവര്‍ക്ക് ഉടന്‍ എസ്എഫ്‌ഐഒ സമന്‍സ് അയക്കും. അതേസമയം കുറ്റപത്രം റദ്ദാക്കാന്‍ വീണയടക്കമുള്ള പ്രതികള്‍ കോടതിയെ സമീപിക്കാനും സാധ്യതകളേറെയാണ്. മാസപ്പടി അടിവരയിട്ടാണ് പ്രോസിക്യൂഷന്‍ അനുമതി. ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവും ആര്‍ഒസി കണ്ടെത്തലും കഴിഞ്ഞ് എസ്എഫ്‌ഐഒയും മുഖ്യമന്ത്രിയുടെ മകള്‍ക്ക് കിട്ടിയത് ചെയ്യാത്ത സേവനത്തിനുള്ള പണമാണെന്ന് വ്യക്തമാക്കുന്നു. കമ്പനികാര്യ ചട്ടങ്ങളുടെ ഗുരുതര ലംഘനം കണ്ടെത്തിയതിന് പിന്നാലെ തന്നെ, എസ്എഫ്‌ഐഒയ്ക്ക് മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നു. എന്നാല്‍ കരുതലോടെയായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ റിപ്പോര്‍ട്ട് മന്ത്രാലയത്തിന് മുമ്പാകെ സമര്‍പ്പിച്ച്, പ്രോസിക്യൂഷന്‍ അനുമതിക്കായി കാത്തിരുന്നു. തുടര്‍നടപടികള്‍ക്ക് തടസ്സമില്ലെന്ന ഡല്‍ഹി കോടതിയുടെ തീരുമാനം കൂടി വന്നതോടെ, പ്രോസിക്യൂഷന്‍ നടപടികള്‍ എസ്എഫ്‌ഐഒ വേഗത്തിലാക്കി. ഇതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ ഇടപെടലാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്. കോടതിയിലെ വിചാരണ നടപടികള്‍ക്ക് കാത്തിരിക്കുമ്പോഴും, വേണമെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്യാം. എന്നാല്‍ രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍, എസ്എഫ്‌ഐഒ അതിന് മുതിരുമോ എന്നുള്ളതാണ് നിര്‍ണ്ണായകം. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമാകും നിര്‍ണ്ണായകം. ഈ സാഹചര്യത്തില്‍ എസ് എഫ് ഐ ഒയുടെ നീക്കങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം സിപിഎം ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കടുത്ത ജാഗ്രതയിലാവുകയാണ്.
സിഎംആര്‍എല്ലില്‍നിന്നും സഹോദരസ്ഥാപനമായ എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നും എക്‌സാലോജിക്കും വീണയും അനധികൃതമായി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണു കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യയുടെ ഡയറക്ടര്‍മാര്‍. 2024 ജനുവരിയില്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോള്‍ ക്രമക്കേട് കണ്ടെത്തുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും. ആറു മാസം മുതല്‍ 10 വര്‍ഷം വരെ തടവും ക്രമക്കേട് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടി വരെ പിഴയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ്ജാണ് ഈ കേസിന് പിന്നിലേയും ചാലക ശക്തി. ഷോണിനെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കാനും രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചിട്ടുണ്ട്. പിസി ജോര്‍ജിന്റെ മകനെ കേരളത്തിലെ ബിജെപിയുടെ ഭാവി നേതാവായി ഉയര്‍ത്തിക്കാട്ടാനാണ് നീക്കം. ഈ കേസിന്റെ സാധ്യതകള്‍ രാജീവ് ചന്ദ്രശേഖറിനേയും ഷോണ്‍ ജോര്‍ജ് ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളുടേയും കൂടിയാലോചനകളുടേയും ഫലമാണ് എസ് എഫ് ഐ ഒയുടെ അതിവേഗ നീക്കമെന്നാണ് വിലയിരുത്തല്‍.
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. ഒരു നിമിഷം വൈകാതെ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ മാത്രമാണ് വീണാ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നല്‍കാതെ 2.7 കോടി രൂപ ലഭിച്ചതെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ അഴിമതി നടത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം നാലിന് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിക്കാന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശം നല്‍കി. മകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പിണറായി വിജയന് ഒരു നിമിഷംപോലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകള്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാള്‍ ന്യായീകരിച്ചവര്‍ക്ക് ഇനി എന്ത് പറയാനുണ്ട് ഇത്രയും ഗുരുതര വിഷയത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
നേരത്തെ 1.72 കോടി രൂപയായിരുന്നു എക്‌സാലോജിക്ക് - സിഎംആര്‍എല്‍ കേസിലെ ഇടപാട് തുകയെങ്കില്‍, എസ്എഫ്‌ഐഒ അന്വേഷണ റിപ്പോട്ടോടെ, ഇനി 2 കോടി 70 ലക്ഷം രൂപയ്ക്ക് വീണ ടിയും സിഎംആര്‍എല്ലും മറുപടി നല്‍കണം. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമാണ് എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്. ഈ സ്ഥാപനത്തില്‍ നിന്ന് വായ്പയായാണ് പണം വാങ്ങിയതെന്നായിരുന്നു വീണയുടെ വാദം. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ അതും പൊളിയുകയാണ്. നല്‍കിയ സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് ആവര്‍ത്തിച്ചിരുന്ന വീണയ്ക്ക് എസ്എഫ്‌ഐഒ അന്വേഷണത്തിലും തെളിവൊന്നും ഹാജരാക്കാനായില്ല. സിഎംആര്‍എല്ലിനെ കാത്തിരിക്കുന്നത് അതിലും വലിയ കുരുക്കാണ്. സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും, സിഎഫ്ഒയും സിജിഎമ്മും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിചാരണ നേരിടണം. കമ്പനികാര്യ ചട്ടം 447 പ്രകാരം, കോടതിയില്‍ ഇത് തെളിയിക്കാനായാല്‍, മൂന്നിരട്ടി പിഴ വരെ ചുമത്താം. അങ്ങനെ വന്നാല്‍ പൊതുമേഖല സ്ഥാപനമായ സിഎംആര്‍എല്‍ കടുത്ത ബാധ്യതയിലേക്ക് പോകും. ഇല്ലാത്ത ചെലവുകള്‍ കാട്ടി, 182 കോടി രൂപയാണ് സിഎംആര്‍എല്ലില്‍ നിന്ന് പുറത്തേക്ക് ഒഴുകിയത്. ഈ പണം രാഷ്ട്രീയ നേതാക്കള്‍ക്ക് കൈമാറിയെന്നായിരുന്നു ഇന്‍ട്രിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തല്‍.