മാസപ്പടി കേസിലെ അറസ്റ്റു ഭീതിക്കിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തി വീണ വിജയന്‍; അമ്മ കമലയ്‌ക്കൊപ്പം സന്ദര്‍ശിച്ചത് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍; ശ്രീകോവിലില്‍ പ്രാര്‍ത്ഥിച്ച് നെറ്റിയില്‍ കുറിയിട്ട് മടക്കം; എസ്.എഫ്.ഐ.ഒ കേസില്‍ രക്ഷതേടി ആത്മീയ വഴിയില്‍ മുഖ്യമന്ത്രി പിണറായിയുടെ മകള്‍

മാസപ്പടി കേസിലെ അറസ്റ്റു ഭീതിക്കിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തി വീണ വിജയന്‍

Update: 2025-04-06 11:59 GMT

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വിവാദമായി സി.എം.ആര്‍.എല്‍ മാസപ്പടിക്കേസ് മാറിയിട്ട് കാലം കുറച്ചായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) കുറ്റപത്രം സമര്‍പ്പിച്ചതോടെ വീണ വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. വീണയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യവും ഉരുത്തിരിഞ്ഞു വന്നേക്കാം എന്നതാണ് നിലവിലെ സാഹചര്യം.

ജീവിതത്തില്‍ ഒരു പ്രതിസന്ധി ഘട്ടം വന്നാല്‍ എത്ര നിരീശ്വര വാദിയും ദൈവത്തെ വിളിക്കും എന്നു പറഞ്ഞതു പോലെ കൊടികെട്ടിയ കമ്മ്യൂണിസ്റ്റായ പിണറായി വിജയന്റെ മകള്‍ വീണ വിജയനും ജീവിതത്തില്‍ പ്രതിസന്ധി ഘട്ടം വന്നതോടെ ദൈവ വഴിയിലാണ് സഞ്ചാരം. എസ്.എഫ്.ഐ.ഒ കേസില്‍ നിന്നും രക്ഷതേടി വീണ വിജയന്‍ ക്ഷേത്രങ്ങളില്‍ പോയി കുമ്പിട്ടു പ്രാര്‍ഥനയിലാണ്. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേദിയില്‍ മുഖ്യമന്ത്രിക്കും ഭര്‍ത്താവ് മുഹമ്മദ് റിയാസിനുമൊപ്പം കുടുംബ സമേതമാണ് വീണ വിജയന്‍ എത്തിയത്. ഈ വേളയിലാണ് തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥനയില്‍ വീണ മുഴുകിയത്.


 



അമ്മ കമലക്കൊപ്പമാണ് വീണ വിജയന്‍ തഞ്ചാവൂരിലെ പ്രസിദ്ധമായ ബൃഹദീശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വീണയും സംഘവും ക്ഷേത്രദര്‍ശനം നടത്താന്‍ എത്തിയത്. ഏപ്രില്‍ മൂന്നാം തീയ്യതിയാണ് വീണയെ കേസില്‍ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് തൊട്ടടുത്ത ദിവസമായിരുന്നു ക്ഷേത്രദര്‍ശനം. ഈ ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

തമിഴ്നാട്ടില്‍ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തഞ്ചാവൂര്‍ ജില്ലയിലാണ് ബൃഹദീശ്വര ക്ഷേത്രം. പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. ചോളരാജവംശത്തിലെ പ്രമുഖനായ രാജരാജചോഴന്‍ എ.ഡി. 985-ല്‍ തുടങ്ങിയ ക്ഷേത്രനിര്‍മ്മാണം 1013-ലാണ് പൂര്‍ത്തിയായത്. ശിവനാണ് പ്രധാനപ്രതിഷ്ഠ. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരുവുടയാര്‍ കോവില്‍, പെരിയ കോവില്‍, രാജരാജേശ്വരം കോവിലെന്നും ഇത് അറിയപ്പെടുന്നു. യുണെസ്‌കോയുടെ പൈതൃക പട്ടികയില്‍ പെട്ടതാണ് ഈ ക്ഷേത്രം. അതുകൊണ്ട് ധാരാളം സഞ്ചാരികളും ഇവിടെ എത്താറുണ്ട്.


 



ഈ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ എത്തി വീണയും അമ്മയും പ്രാര്‍ഥിച്ച ശേഷം കുറിതൊട്ടാണ് മടങ്ങിയത്. മുഖ്യമന്ത്രിയുടെ കുടുംബം ക്ഷേത്രദര്‍ശനത്തിന് എത്തിയത് അറിഞ്ഞ് പോലീസുകാരും സിപിഎം സഖാക്കളും എത്തിയിരുന്നു. ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം എന്നതു കൊണ്ട് തന്നെ ഭക്തിക്കൊപ്പം ചരിത്ര കൗതുകം കൊണ്ടും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഭക്തിക്കൊപ്പം ക്ഷേത്രം കാണാനുള്ള കൗതുകവും വീണയുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ടാകാം എന്നാണ് കരുതുന്നത്. മാസപ്പടി കേസില്‍ ഇനി പ്രതിക്കൂട്ടില്‍ കയറി വിചാരണയെ നേരിടേണ്ട ഘട്ടം വന്നാല്‍ അതിനെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കാനുമാകാം മുഖ്യമന്ത്രിയുടെ മകള്‍ ക്ഷേത്രത്തില്‍ എത്തിയതെന്നും കരുതാം.

ഭൗതികവാദിയായ പിണറായി വിജയന്റെ കുടുംബത്തിന്റെ ക്ഷേത്രദര്‍ശനം സിപിഎമ്മില്‍ ഇനി വിഷയമായി ഉയര്‍ന്നുവരുമോ എന്നതാണ് അറിയേണ്ടത്. പഴയ കടുംപിടുത്തം സിപിഎം വെടിഞ്ഞതു കൊണ്ട് ഇക്കാര്യത്തില്‍ എന്തായാലും പാര്‍ട്ടിയെ വീണ ഭയക്കേണ്ടതില്ല. അതേസമയം സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണക്കും സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തക്കും എക്‌സാലോജിക്കിനും സി.എം.ആര്‍.എല്ലിനും സഹോദര സ്ഥാപനങ്ങള്‍ക്കുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് എസ്എഫ്‌ഐഒ കുറ്റം ചുമത്തിയത്. ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.


Full View

ക്രമക്കേട് കണ്ടെത്തിയുള്ള എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതിവഴി വിചാരണ നടപടികള്‍ ഉടന്‍ തുടങ്ങും. വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയക്കും. കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ വീണ വീണ്ടും കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

എക്‌സാലോജിക് എം.ഡിയായ വീണ വിജയന് പുറമെ, സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, ജോയന്റ് എം.ഡി ശരണ്‍ എസ്. കര്‍ത്ത, സി.എം.ആര്‍.എല്‍ സി.ജി.എം ഫിനാന്‍സ് പി. സുരേഷ് കുമാര്‍, സി.എഫ്.ഒ കെ. സുരേഷ് കുമാര്‍, സി.എം.ആര്‍.എല്ലിന്റെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായ കെ.എ. സംഗീത് കുമാര്‍, എ.കെ. മുരളീകൃഷ്ണന്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ശശിധരന്‍ കര്‍ത്തക്കും സി.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ കമ്പനികാര്യ ചട്ടം 447 ന് പുറമെ, കൂടുതല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

എസ്.എഫ്.ഐ.ഒയുടെ 166 പേജുള്ള കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകളാണുള്ളത്. കള്ളക്കണക്കുണ്ടാക്കി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സി.എം.ആര്‍.എല്‍ നല്‍കിയത് 182 കോടിയാണെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ആര്‍ക്കൊക്കെയാണ് ഈ പണം നല്‍കിയതെന്ന വിവരം കുറ്റപത്രത്തിലില്ല. വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി കരാറുണ്ടാക്കി 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മൊത്തം 1.72 കോടി രൂപ സി.എം.ആര്‍.എല്‍ നല്‍കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

ഇല്ലാത്ത സേവനത്തിന്റെ പേരില്‍ വീണക്കും എക്‌സാലോജിക്കിനും കിട്ടിയത് 2.70 കോടി രൂപയാണെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തല്‍. സി.എം.ആര്‍.എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ് എന്ന കമ്പനിയില്‍ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍മാര്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദ് പണിക്കര്‍ക്ക് അനധികൃതമായി 13 കോടി രൂപ കമീഷന്‍ നല്‍കി. നിപുണ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടെയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.

Tags:    

Similar News