നൂറുകണക്കിന് മുരാരി ബാബുമാര്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളിലുമായുണ്ട്; ഹൈക്കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ; ആത്മാര്‍ഥതയുണ്ടെങ്കില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളും സര്‍ക്കാര്‍ പിരിച്ചുവിടണം; ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറി; ആഞ്ഞടിച്ച് വീണ്ടും വെള്ളാപ്പള്ളി; പ്രശാന്തിന് കാലവധി നീട്ടി നല്‍കുമോ?

Update: 2025-10-29 04:31 GMT

ആലപ്പുഴ: ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡുകള്‍ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറിമാറി ഭരിച്ച ഒരു സര്‍ക്കാരിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കാലാവധി നീട്ടിക്കൊടുക്കാന്‍ നീക്കങ്ങളും ചര്‍ച്ചകളും നടക്കുമ്പോഴാണ് വെള്ളാപ്പള്ളിയുടെ ഈ നിലപാട് പ്രഖ്യാപിക്കല്‍. ഈ സാഹചര്യത്തില്‍ പി എസ് പ്രശാന്തിന് കാലവധി നീട്ടി നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം. യോഗനാദത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളി ദേവസ്വം ബോര്‍ഡുകളെ വീണ്ടും വിമര്‍ശിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. അത് സംസ്ഥാന സര്‍ക്കാരിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും പ്രതിസന്ധിയിലാക്കി. കാണിക്കവഞ്ചിയില്‍ കൈയിട്ടുവാരാത്തവര്‍ ചുരുക്കമാണ്. മോന്തായം വളഞ്ഞാല്‍ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരുടെ സ്ഥിതി. നൂറുകണക്കിന് മുരാരി ബാബുമാര്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളിലുമായുണ്ട്. ഹൈക്കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ. ദേവസ്വം ഭരണരീതികള്‍ മാറ്റണം. ആത്മാര്‍ഥതയുണ്ടെങ്കില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളും സര്‍ക്കാര്‍ പിരിച്ചുവിടണം. പ്രഫഷണല്‍ ഭരണമുള്ള ഒന്നോ രണ്ടോ ദേവസ്വം ബോര്‍ഡ് മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദേവസ്വം ബോര്‍ഡുകളും അഴിമതിയിലും കൊള്ളയിലും മുങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു.ശബരിമല സ്വര്‍ണക്കൊള്ള വിവാദം സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിസന്ധിയിലാക്കിയെന്നും ലേഖനത്തില്‍ പറയുന്നു.രാഷ്ട്രീയത്തില്‍ വലിയ ഭാവിയോ ഇടമോ ഇല്ലാത്ത ആളുകള്‍ക്ക് സര്‍ക്കാരിന്റെ ചെലവില്‍ സുഖമായി കഴിയാനുള്ള സംവിധാനമായി ദേവസ്വംബോര്‍ഡുകള്‍ അധഃപതിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ പുറമ്പോക്കില്‍ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നിര്‍ഗുണന്മാരായ നേതാക്കള്‍ക്ക് പദവിയും ജീവിക്കാന്‍ വകയുമുണ്ടാക്കുന്ന സംവിധാനമായി ദേവസ്വം ബോര്‍ഡുകള്‍ മാറി. വന്നവരിലും പോയവരിലും ചൂഷണവും മോഷണവും നടത്താത്തവര്‍ കുറവാണ്. കാണിക്കവഞ്ചിയില്‍ കൈയിട്ടുവാരാത്തവരും ചുരുക്കം- തുടങ്ങിയ പരിഹാസങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത്.

സംവിധാനം മുഴുവന്‍ പിരിച്ചുവിട്ട് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല കൊടുത്ത് അതില്‍ രാഷ്ട്രീയക്കാരെയും ഉള്‍പ്പെടുത്തി പുതിയൊരു ഭരണസംവിധാനം കൊണ്ടുവരണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു. രാഷ്ട്രീയ സ്വാധീനത്താല്‍ കടന്നുകൂടിയവരാണ് ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥര്‍. അതുകൊണ്ട് എല്ലാവരുടെയും കൈകളില്‍ കറപുരണ്ടിട്ടുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലേക്ക് ദേവസ്വം ബോര്‍ഡ് ഭരണം മാറിയതിന്റെ ഉദാഹരണമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്നും ലേഖനത്തില്‍ പറയുന്നു. ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിച്ച് എണ്ണം കുറച്ച് പരമാവധി രണ്ടെണ്ണമെങ്കിലും ആക്കി മാറ്റണം. മറ്റ് വകുപ്പുകളുടെ ഭാരമില്ലാതെ ദേവസ്വത്തിന് മാത്രമായി ഒരു മന്ത്രിയെ വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും കാര്യപ്രാപ്തിയില്ലാത്തവരും വക്രബുദ്ധികളുമായ ജീവനക്കാരുള്ളത് ദേവസ്വം ബോര്‍ഡുകളിലാണ്.സത്യസന്ധരും കാര്യപ്രാപ്തിയുള്ളവരും വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. സര്‍വീസ് സംഘടനകളാണ് ജീവനക്കാരുടെ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത്.നൂറുകണക്കിന് മുരാരി ബാബുമാര്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളിലുമായുണ്ടെന്ന് വെള്ളാപ്പള്ളി പറയുന്നു. ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പ ഭക്തരുടെ നെഞ്ച് നീറുന്ന വാര്‍ത്തകളാണ് ദിനവും കേള്‍ക്കുന്നത്. പവിത്രമായ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വയം തീരുമാനിച്ച്, ഹൈക്കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് അയച്ച സംഭവം അയ്യപ്പസംഗമ വേളയില്‍ തന്നെ ഉയര്‍ന്നുവന്നതാണെന്ന് നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ശബരിമലയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങളാണ് ഇപ്പോള്‍ വെളിച്ചത്തുവരുന്നത്. ശ്രീകോവില്‍ വാതിലിലെയും തൂണിലെയും സ്വര്‍ണകവചങ്ങളുമായി ഒരു ഉണ്ണികൃഷ്ണന്‍ പോറ്റി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പിരിവിന്റെയും തട്ടിപ്പുകളുടെയും മറ്റും നാണിപ്പിക്കുന്ന കഥകള്‍ ആഘോഷിക്കുന്ന തിരക്കിലാണ് മാദ്ധ്യമങ്ങള്‍. ഇത്തരം വാര്‍ത്തകള്‍ ഇതാദ്യമൊന്നുമല്ല. ശബരിമലയിലെ സകലകാര്യങ്ങളും നിയന്ത്രിച്ച, സന്നിധാനത്ത് സ്ഥിരതാമസമാക്കിയ സുനില്‍ സ്വാമിയായിരുന്നു ഏതാനും വര്‍ഷം മുമ്പ് വാര്‍ത്താ പുരുഷന്‍. സമ്പന്നരായ ഭക്തരില്‍ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്ന ദേവസ്വം ജീവനക്കാരും ഇടനിലക്കാരുമുള്‍പ്പെടുന്ന ഗൂഢസംഘങ്ങള്‍ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളില്‍ വിളയാടുകയാണെന്നതാണ് വസ്തുത.

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം എന്നിങ്ങനെ കേരളത്തില്‍ സ്വയംഭരണാവകാശമുള്ള അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. സ്വയംഭരണം പേരിന് മാത്രമുള്ളതാണ്. ഭരണത്തിലുള്ള സര്‍ക്കാര്‍ നിശ്ചയിക്കുന്നവരാണ് ബോര്‍ഡുകളുടെയും ഭരണകര്‍ത്താക്കള്‍. അവരുടെ രാഷ്ട്രീയം അതിന്റെ കൂടപ്പിറപ്പാണ്. സര്‍ക്കാരിന്റെ റവന്യൂ ദേവസ്വം വകുപ്പിനും ദേവസ്വം വകുപ്പ് മന്ത്രിക്കും ഹൈക്കോടതിയുടെ ദേവസ്വം ഡിവിഷന്‍ ബെഞ്ചിനും ദേവസ്വം ഭരണത്തില്‍ ഇടപെടേണ്ടി വരാറുമുണ്ട്. അടിച്ചുതളിക്കാര്യം മുതല്‍ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും നിയമനം വരെയുള്ള ആയിരക്കണക്കിന് കേസുകളാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. ഹൈക്കോടതി അനുമതി വാങ്ങാതെ പ്രധാനപ്പെട്ട ഒരു കാര്യവും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നടക്കില്ല. ഇതിന്റെ പേരില്‍ അപ്രധാനവും അനാവശ്യവുമായ പദ്ധതികളും പരിപാടികളും ഭംഗിയായി മറച്ചുവച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി അത് മുന്നില്‍ വച്ച് നടത്തുന്ന കോടികളുടെ തട്ടിപ്പുകളും വേറെയുണ്ടെന്ന് വെള്ളാപ്പള്ളി നേരത്തേയും ചൂണ്ടിക്കാട്ടിയിരുന്നു.

ശബരിമലയില്‍ മാത്രമല്ല, ഗുരുവായൂരും ചോറ്റാനിക്കരയിലും ഏറ്റുമാനൂരും വൈക്കത്തും തൃപ്പൂണിത്തുറയിലും തുടങ്ങി വന്‍വരുമാനമുള്ള പ്രധാനപ്പെട്ട ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഗുരുവായൂര്‍ അമ്പലത്തിന് ലഭിച്ച ഭൂസ്വത്തുക്കളെക്കുറിച്ച് വ്യക്തമായ ഒരു വിവരവും അവിടെയില്ല. ദേവസ്വം കേസുകള്‍ ഒന്നും കോടതികളില്‍ കൃത്യമായി നടക്കുന്നില്ല. ഒത്തുകളിയിലൂടെ കേസുകള്‍ തോല്‍ക്കുന്നതും ലാന്റ് ട്രിബ്യൂണലുകളില്‍ നടക്കുന്ന കേസുകളില്‍ ഹാജരാകാതിരിക്കുന്നതും തുടങ്ങി കോടികളുടെ ഭൂമിതട്ടിപ്പാണ് എല്ലാ ദേവസ്വങ്ങളിലും നടക്കുന്നത്. സഹസ്രകോടികളുടെ ആയിരക്കണക്കണിന് ഏക്കര്‍ ദേവസ്വം ഭൂമികള്‍ അന്യമതക്കാരുടെ ഉള്‍പ്പെടെ അന്യായമായ കൈവശത്തിലാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊച്ചി താലൂക്കിലെ ഒരു ഭൂമിയില്‍ സെമിത്തേരി വരെയുണ്ട്. തിരിച്ചുപിടിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഹൈക്കോടതി ഉത്തരവിട്ട നൂറുകണക്കിന് ഭൂമികളില്‍ ഇന്നും നടപടിയില്ല.

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ കോടികളുടെ അമൂല്യവസ്തുക്കളുടെ രേഖകള്‍ കാണ്‍മാനില്ല. കൈമാറിക്കിട്ടിയ രത്‌നങ്ങളും മറ്റും എവിടെപ്പോയെന്നറിയില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണനെറ്റിപ്പട്ടം തല്ലിപ്പൊ ളിച്ചു ഉരുക്കി പുതിയതുണ്ടാക്കി. ചരിത്ര പ്രാധാന്യവും പൗരാണിക മൂല്യങ്ങളും വാസ്തുവിദ്യാ പ്രത്യേകതകളുമുള്ള നൂറുകണക്കിന് കെട്ടിടങ്ങളാണ് വിവിധ ദേവസ്വം ഭൂമികളില്‍ വേണ്ട പരിചരണമില്ലാതെ നശിക്കുന്നത്. കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതിനാലാണ് തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രം അതേ പ്രൗഢിയോടെ നിലനില്‍ക്കുന്നത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂസ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള ഒരു ഫലപ്രദമായ നടപടിയും ഉണ്ടാകുന്നില്ല. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പേരില്‍ വിദേശത്ത് നടക്കുന്നത് കോടികളുടെ വ്യാജപിരിവുകളാണ്. കള്ളന്മാരായ ഉദ്യോഗസ്ഥരാണ് ഇതിന്റെയെല്ലാം ആണിക്കല്ലുകള്‍. സത്യസന്ധര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ ജോലി ചെയ്യാനാവില്ലെന്ന സ്ഥിതിയാണ്.

കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി. ഈ വിഴുപ്പ് ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സര്‍ക്കാരുകള്‍ സഹിക്കേണ്ടതില്ല. ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാന്‍ ഇനിയും അമാന്തിക്കരുത്. ഭൂരിഭാഗം ക്ഷേത്രങ്ങള്‍ക്കും നിത്യനിദാനത്തിന് വകയില്ലാത്തതിനാല്‍ ദേവസ്വം ബോര്‍ഡുകള്‍ അനിവാര്യമെന്ന ഭയം സര്‍ക്കാരിനുണ്ടെന്ന് തോന്നുന്നു. കുറച്ചു ക്ഷേത്രങ്ങള്‍ക്ക് ആ അവസ്ഥയുണ്ടാകാമെങ്കിലും ഭൂരിഭാഗം ക്ഷേത്രങ്ങളെയും നാട്ടുകാരായ ഭക്തരുടെ വരുമാനം കൊണ്ട് നന്നാക്കാവുന്നതേയുള്ളൂ. അതിനുള്ള സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കേണ്ട സമയമാണിത്. സര്‍ക്കാര്‍ ഇടപെടലുകള്‍ പരമാവധി കുറച്ച്, കൃത്യമായ ചട്ടക്കൂടില്‍ ജാതി വേര്‍തിരിവുകള്‍ ബാധിക്കാത്ത രീതിയില്‍ പരാതികള്‍ക്കിടയില്ലാതെ ഒരു പരീക്ഷണത്തിന് സര്‍ക്കാര്‍ മുതിരണം. ഗുരുവായൂരോ കൂടല്‍മാണിക്യമോ ഇതിന് പരീക്ഷണശാലയാക്കാം. ഭക്തര്‍ക്ക് ശാന്തിയും സമാധാനവും നല്‍കേണ്ടതാണ് ആരാധനാലയങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ലഭിക്കുന്നില്ല. പകരം വേദനിപ്പിക്കുന്ന കാര്യങ്ങളാണ് കേള്‍ക്കേണ്ടി വരുന്നത്. ശബരിമലയുടെ നന്മയ്ക്കായി അയ്യപ്പസംഗമം സംഘടിപ്പിക്കാന്‍ സന്മനസ് കാണിച്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും മുമ്പ് യോഗനാദത്തില്‍ എഴുതിയ ലേഖനത്തില്‍ വെള്ളാപ്പളളി പറഞ്ഞിരുന്നു.

Tags:    

Similar News