മുസ്ലീം ലീഗ് മതപാര്‍ട്ടി; മുസ്ലീം ലീഗ് എന്നാല്‍ അര്‍ത്ഥം മുസ്ലീം കൂട്ടായ്മ; ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത്; അവിടെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതിയില്ല; ഈഴവര്‍ സംഘടിക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെ വര്‍ഗ്ഗീയ വാദിയാകും; ഈഴവരെ കൂടെ കൊണ്ടു നടന്ന് വഞ്ചിച്ചു; നിലപാട് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി

Update: 2025-04-06 06:03 GMT

മലപ്പുറം: മുസ്ലീം ലീഗ് മതപാര്‍ട്ടിയെന്ന് ആരോപിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗ് എന്നാല്‍ അര്‍ത്ഥം മുസ്ലീം കൂട്ടായ്മ എന്നാണ്. മലപ്പുറം വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശന്‍ എത്തുമ്പോഴും മലപ്പുറത്തെ സമുദായ പ്രതിസന്ധി ചര്‍ച്ചയാക്കുകയാണ് വെള്ളാപ്പള്ളി. തന്നെ മുസ്ലിം തീവ്രവാദിയാക്കാന്‍ ശ്രമിക്കുകയാണ്. പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രസംഗത്തിലെ ഒരു ഭാഗം മാത്രം വിവാദമാക്കുകയാണെന്നും സത്യാവസ്ഥ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ അവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്ത് 56 ശതമാനം മുസ്ലീങ്ങളുണ്ട്. അവിടെ മറ്റുള്ളവര്‍ക്ക് സാമൂഹിക-സാമ്പത്തിക നീതി കിട്ടുന്നില്ല. ഇത് പറയുന്നത് എങ്ങനെ വര്‍ഗ്ഗീയമാകുമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. മലപ്പുറത്ത് മറ്റുള്ളവര്‍ വേര്‍തിരിവ് ഉണ്ടാകുന്നില്ല.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. പറഞ്ഞതില്‍ ഒരു വാക്കുപോലും പിന്‍വലിക്കാനില്ല. ശ്രീനാരായണീയര്‍ക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വര്‍ഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ മുസ്ലീങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ മുസ്ലീം ലീഗ് വോട്ട് ബാങ്കിനെ പോലെ പ്രവര്‍ത്തിക്കുന്നു. ഈഴവ സമുദായത്തിനോട് ഇത്തരത്തില്‍ വോട്ട് ബാങ്കായി മാറണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെ വര്‍ഗ്ഗീയമാകുമെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

മലപ്പുറത്ത് എസ്.എന്‍.ഡി.പിക്ക് ഒരു കോളജ് പോലുമല്ല. എന്നാല്‍, 17 കോളജുകളാണ് മുസ്‌ലിം സമുദായത്തിന് ഉള്ളത്. മലപ്പുറത്തെ എസ്.എന്‍.ഡി.പിയുടെ ഒരു അണ്‍ എയ്ഡഡ് കോളജ് എയ്ഡഡാക്കാന്‍ നിരന്തരമായി അഭ്യര്‍ഥിച്ചിട്ടും അത് ചെയ്ത് തരാന്‍ യു.ഡി.എഫ് ഭരണകാലത്ത് തയാറായില്ല. തുടര്‍ന്നാണ് ലീഗുമായി വേര്‍പിരിയുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭൂരിപക്ഷം ലീഗിലെ സമ്പന്നരുടെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹിന്ദുവിനെ എന്തുകൊണ്ടാണ് മുസ്‌ലിം ലീഗ് മലപ്പുറത്ത് സ്ഥാനാര്‍ഥിയാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ പ്രതിഷേധിച്ച സംഘടനയാണ് എസ്.എന്‍.ഡി.പിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള യാചനയാണ് നടത്തിയത്. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന്റെ പേരില്‍ ചിലര്‍ എന്റെ കോലം കത്തിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തന്നെ കത്തിച്ചാലും വിരോധമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

'എന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങള്‍ മനസ്സിലാക്കണം. മലപ്പുറം മുസ്‌ലിംകളുടെ രാജ്യം എന്ന് പറയാന്‍ കഴിയില്ല. മുസ്‌ലിംകള്‍ പോലും തങ്ങള്‍ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‌ലിംകളുടെ രാജ്യം എന്ന് അവര്‍ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യമല്ല.ഏതു ജില്ലയില്‍ ആണെങ്കിലും എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുക്കണം.ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്എന്‍ഡിപി യോഗമാണ്.എന്നുമുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്' വെള്ളാപ്പള്ളി ചോദിച്ചു.

മുസ്‌ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനമുന്നയിച്ചു. 44ശതമാനം ഹിന്ദുക്കളില്‍ ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടോന്യൂനപക്ഷങ്ങള്‍ക്ക് അംഗീകാരം ലഭിക്കുമ്പോള്‍ ലീഗ് തന്നെ അതിനെ എതിര്‍ത്ത് രംഗത്ത് വരുന്നു.മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങള്‍ പോലുമില്ല.സാമൂഹ്യനീതിയുടെ യാഥാര്‍ത്ഥ്യം തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നു.അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തന്നെ ആണി അടിക്കുന്നു.താന്‍ ക്രിസ്ത്യന്‍ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോഅവര്‍ ആരും തന്നെ കൊല്ലാന്‍ വന്നിട്ടില്ല.ഒരു ക്രിസ്ത്യാനിയും എന്നെ ചാടിക്കടിക്കാന്‍ എത്തിയിട്ടില്ല' .തനിക്കെതിരായ വിവാദം ഗോകുലം ഗോപാലനെ രക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

എസ് എന്‍ ഡി പി യോഗത്തിന്റെ ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷനില്‍ വച്ചാണ് വെള്ളാപ്പള്ളി വിവാദ പ്രസംഗം നടത്തിയത്. മലപ്പുറം പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും പ്രത്യേക രാജ്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും തന്റെ സമുദായത്തിലെ അംഗങ്ങള്‍ സ്വതന്ത്രമായി വായു ശ്വസിക്കാന്‍ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവര്‍ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളതെന്നും മുസ്ലിം ലീഗുകാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസം നേടാനായത്. പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നാക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. തമ്മില്‍ തമ്മിലുള്ള എതിരഭിപ്രായം കൊണ്ടാണ് ഈഴവര്‍ തഴയപ്പെടുന്നത്. മലപ്പുറത്ത് ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. അവര്‍ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നാക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനയ്ക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവര്‍ക്ക് കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇതെല്ലാം വീണ്ടും ആവര്‍ത്തിക്കുകയാണ് വെള്ളാപ്പള്ളി.

Tags:    

Similar News