വി ഡി സതീശന്‍ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലില്‍; എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുന്നു; ഒരു സ്റ്റാന്‍ഡേര്‍ഡുള്ള സമീപനവും കാണുന്നില്ല; പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി; അയ്യപ്പസംഗമത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും എസ്എന്‍ഡിപി നേതാവ്
വി ഡി സതീശന്‍ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലില്‍
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫിനും വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാത്തിനോടും എതിര്‍പ്പ് പ്രകടിപ്പിച്ച് എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുന്നതാണ് സതീശനെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ഒരുപാട് പ്രതിപക്ഷ നേതാക്കന്‍മാരെ കണ്ടിട്ടുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ഇപ്പോഴേ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സ്റ്റാന്‍ഡേര്‍ഡുള്ള സമീപനവും സംസാരവും സതീശനില്‍നിന്ന് കാണുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗും കേരള കോണ്‍ഗ്രസും ഒപ്പമുള്ളിടത്തോളം കാലം യുഡിഎഫിന് ഒരു അഭിപ്രായം പറയാന്‍ സാധിക്കില്ല. യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചു കൊണ്ടുമാണ് വെള്ളാപ്പള്ളി സംസാരിച്ചത്. ആഗോള അയ്യപ്പ സംഗമം ഒരു അത്ഭുതമായി മാറുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പന്റെ ശക്തി രാജ്യത്ത് എല്ലായിടത്തുമുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ളവരെ സംഘടിപ്പിച്ച് ഒരു സംഗമം നടത്തുക എന്നത് വലിയൊരു അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താന്‍ പോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വികസനത്തിലൂടെ സംസ്ഥാനത്തും രാജ്യത്തും വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കും. അതിന് എല്ലാവരും സഹകരിക്കുന്നതിന് പകരം പുറംതിരിഞ്ഞ് നില്‍ക്കുന്നത് ചരിത്രത്തിലെ അപഹാസ്യ കഥാപാത്രങ്ങളായി മാറും. തിരഞ്ഞെടുപ്പും ഇതുമായി യാതൊരു ബന്ധവുമില്ല. അത്തരം ആരോപണങ്ങള്‍ ബാലിശമാണ്. സ്ത്രീപ്രവേശനത്തിന് ശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടും പിണറായി സര്‍ക്കാര്‍ 99 സീറ്റോടെ വീണ്ടും അധികാരത്തില്‍ വന്നില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം. മെറിറ്റ് നോക്കിയിട്ട് പിന്‍വലിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപിയും എന്‍എസ്എസും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അവരെ ബോധ്യപ്പെടുത്തുമെന്നുമുള്ള ഹിന്ദുഐക്യവേദിയുടെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. 'ഹിന്ദുഐക്യവേദി ബോധ്യപ്പെടുത്താന്‍ വന്നാല്‍ അവരെ എനിക്കറിയാവുന്ന ഭാഷയില്‍ ഞാനും ബോധ്യപ്പെടുത്താം. ഹിന്ദുഐക്യവേദിക്ക് എല്ലാ ഹിന്ദുക്കളുടെയും കുത്തകാവകാശം ഇല്ല' വെള്ളാപ്പള്ളി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയലക്ഷ്യം പാടില്ല എന്നായിരിക്കും സുകുമാരന്‍ നായര്‍ ഉദ്ദേശിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.