ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹള; ലഹളയുടെ ഭാഗമായി സ്ത്രീകള്‍ വലിയ രീതിയില്‍ മാനഭംഗപ്പെടുകയും മതംമാറ്റത്തിന് വിധേയമാവുക ചെയ്തു; മലബാര്‍ കലാപത്തെ സ്വാതന്ത്രസമരമാക്കാന്‍ ശ്രമം: വെള്ളാപ്പള്ളി നടേശന്‍

ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹള

Update: 2025-09-04 02:31 GMT

തിരുവനന്തപുരം: ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹളയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാപ്പിള ലഹളയുടെ ഭാഗമായി സ്ത്രീകള്‍ വലിയ രീതിയില്‍ മാനഭംഗപ്പെടുകയും മതംമാറ്റത്തിന് വിധേയമാവുകയും ചെയ്യുകയാണെന്ന് മനസിലാക്കിയ ഗുരു നിജസ്ഥിതി അറിയാന്‍ കുമാരനാശാനെ പറഞ്ഞുവിട്ടു. ലഹള നടക്കുന്ന സ്ഥലങ്ങളിലെത്തി കാര്യങ്ങള്‍ കണ്ടുമനസിലാക്കി വിവരങ്ങള്‍ കുമാരനാശാന്‍ ഗുരുവിനെ ധരിപ്പിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തുടര്‍ന്നാണ് എല്ലാ മതവും ഒന്നാണെന്ന് പഠിപ്പിക്കാന്‍ ഗുരു സര്‍വമത സമ്മേളനം വിളിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇതുമായി ബന്ധപ്പെട്ട് താന്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി യോഗം പെരിങ്ങമ്മല ശാഖ പണികഴിപ്പിച്ച ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍, ഉദ്ഘാടനപ്രസംഗത്തിനുശേഷം മുഖ്യമന്ത്രി വേദിവിട്ടതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം.

വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ഇങ്ങനെ: ''തന്നെപ്പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന് പറഞ്ഞവരുടെ അനുയായികള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നുണ്ടോ. പ്രവാചകന്റെ അനുയായികളും പ്രവാചകന്‍ പറഞ്ഞത് അനുസരിക്കുന്നുണ്ടോ. കിട്ടിയത് അവര്‍ മാത്രമെടുക്കുന്നതാണ് രീതി. ദര്‍ശനങ്ങളെല്ലാം നല്ലതാണെങ്കിലും അത് പ്രായോഗികതലത്തില്‍ വരുമ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുകയാണ്. എല്ലാ ദര്‍ശനങ്ങളും ഒന്നാണെന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ആലുവ മണപ്പുറത്ത് സര്‍വമത സമ്മേളനം ഗുരു നടത്തിയത് ഒരു സന്ദേശം നല്‍കാനായിരുന്നു. എല്ലാമതസാരവും ഒന്നാണെന്ന് മാത്രമാണ് ഈ സമ്മേളനത്തില്‍ പറഞ്ഞത്. എന്തായിരുന്നു ഇതിന് കാരണം. മാപ്പിളലഹളയാണ് കാരണം'' -വെള്ളാപ്പള്ളി പറഞ്ഞു.

''മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവര്‍ത്തനം ചെയ്യുകയുംചെയ്ത മഹത്തായ ദുരിതമായിരുന്നു മാപ്പിള ലഹള. ഇത് കേട്ടറിഞ്ഞ ഗുരുദേവന്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കുമാരനാശാനെ അവിടേക്ക് അയച്ചു. കുമാരനാശാന്‍ തിരിച്ചെത്തി അവിടെ നടക്കുന്ന കാര്യങ്ങള്‍ ഗുരുവിനോട് പറഞ്ഞു. അതില്‍ ഗുരുവിനുണ്ടായ ദുഃഖമാണ് സര്‍വതമത സമ്മേളനം വിളിച്ചുകൂട്ടാനുണ്ടായ പ്രേരകശക്തി''- വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെ ചടങ്ങില്‍ വെള്ളാപ്പള്ളിയെ പിണറായി പുകഴ്ത്തിയിരുന്നു. ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് പിണറായി പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ലക്ഷ്യങ്ങള്‍ നേടാനും യുവത്വത്തിന് വഴികാട്ടാനും അദ്ദേഹത്തിന് സാധിച്ചു. സംഘടനെ സാമ്പത്തികമായി ശാക്തീകരിക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരേയും ചേര്‍ത്തുപിടിക്കുക എന്ന ആശയമാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം എസ്എന്‍ഡിപിക്ക് ഉണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്താണ് എസ്.എന്‍.ഡി.പി രൂപീകൃതമായത്. അറിവാണ് യഥാര്‍ത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏകമാര്‍ഗ്ഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാന്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തിച്ചു. അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്എന്‍ഡിപി യോഗം വഹിച്ച പങ്ക് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേര്‍തിരിവുകളും നിലനില്‍ക്കുന്നു. സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്തി മനുഷ്യനെ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം പലയിടത്തും നടക്കുന്നു. ഇത്തരം പിന്തിരിപ്പന്‍ ശ്രമങ്ങള്‍ ഗൗരവമായി കാണണം. നാം തൂത്തെറിഞ്ഞ വര്‍ഗീയത അത് ഏതു രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമാണ്.

വര്‍ഗീയതയുടെ വിഷവിത്തുക്കള്‍ മനുഷ്യരുടെ മനസ്സുകളില്‍ നട്ടു പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. കേരളത്തിന് വെളിച്ചം പകര്‍ന്ന ശ്രീനാരായണഗുരുവിനെപ്പോലെയുള്ളവരെ സ്വന്തമാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ ഗുരുവിന്റെ തന്നെ ദര്‍ശനങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും വര്‍ഗീയത എതിര്‍ത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News