രണ്ടു പാഠഭാഗങ്ങളും ഒഴിവാക്കാന്‍ ആര്‍എസ്എസ് നേതാവായിരുന്ന ചാന്‍സലര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ്; വേടനെ പഠിച്ചേ മതിയാകൂ; കാലിക്കറ്റില്‍ 'അട്ടിമറി' ഒഴിവാക്കിയത് സിപിഎം നിര്‍ദ്ദേശത്തില്‍; വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' പഠിപ്പിക്കാന്‍ ഉറച്ച് ഇടതുപക്ഷം
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്‌സിറ്റി ബിഎ മലയാളം (ഓണേഴ്‌സ്) ഭാഷയും സാഹിത്യവും സിലബസില്‍നിന്ന് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിയുടെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കില്ലെന്ന തീരുമാനം സിപിഎം നിര്‍ദ്ദേശം കൂടി പരിഗണിച്ച്. പാട്ടൊഴിവാക്കുന്നത് തിരിച്ചടിയാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. മലയാള, കേരള പഠനവിഭാഗം മുന്‍ മേധാവി ഡോ.എം.എം. ബഷീറിന്റെ പഠന റിപ്പോര്‍ട്ട് തള്ളിയ പഠന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ.എം. അജിത്ത് പാട്ടുകള്‍ ഒഴിവാക്കില്ലെന്ന നിലപാട് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. വിസി നിയോഗിച്ച ഡോ.എം.എം. ബഷീറിന്റെ റിപ്പോര്‍ട്ടിനു നിയമസാധുതയില്ലെന്ന നിലപാടിലാണ് പഠനബോര്‍ഡ് അംഗങ്ങള്‍.
വേടന്റെ റാപ് സംഗീതവും ഗൗരീലക്ഷ്മിയുടെ കഥകളി സംഗീതവും കലിക്കറ്റ് സര്‍വകലാശാല നാലുവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ പഠിക്കുണമെന്നതാണ് സിപിഎം നിലപാട്. രണ്ടുപാഠഭാഗങ്ങളും ഒഴിവാക്കാന്‍ ആര്‍എസ്എസ് നേതാവായിരുന്ന ചാന്‍സലര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് സിന്‍ഡിക്കറ്റ് വ്യക്തമാക്കിയെന്ന് ദേശാഭിമാനി പറയുന്നു. പാഠഭാഗം ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അധികൃതരും അറിയിച്ചു. താല്‍ക്കാലിക വിസി ഡോ. പി രവീന്ദ്രനെ ഉപയോഗിച്ച് ബിജെപിയും കോണ്‍ഗ്രസും എസ്യുസിഐയും തയ്യാറാക്കിയ തിരക്കഥയാണ് പൊളിഞ്ഞത്. നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ സിലബസിലാണ് താരതമ്യപഠനത്തില്‍ വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' റാപ് സംഗീതവും ഗൗരീലക്ഷ്മിയുടെ 'അജിത ഹരേ' കഥകളി സംഗീതത്തിന്റെ നൃത്താവിഷ്‌കാരവും ഉള്‍പ്പെടുത്തിയത്.
വേടന്റെ പാട്ടില്‍ ചില ഭാഗങ്ങളില്‍ വസ്തുതാപരമായ തെറ്റുകളും ആശയപരമായ വൈരുധ്യങ്ങളുമുണ്ടെന്നും മൈക്കള്‍ ജാക്‌സന്റെ ദേ ഡോണ്ട് കെയര്‍ എബൗട്ട് ഇറ്റ് എന്ന ഗാനത്തിന്റെയും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന ഗാനത്തിന്റെയും സംഗീതപരമായ സവിശേഷതകളെക്കുറിച്ചുള്ള താരതമ്യം ബിഎ മലയാളം വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമാണെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ നിരീക്ഷണം. കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം നടത്താന്‍ മലയാളം ബിഎ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നത് പരിധിക്കപ്പുറമാണെന്നും കഠിനമാണെന്നും സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സിന്‍ഡിക്കറ്റ് അംഗം എ.കെ. അനുരാജ്, അഭിഷേക് പള്ളിക്കര, സെനറ്റംഗം എ.വി. ഹരീഷ്, സേവ് യൂണിവേഴ്‌സിറ്റി കാന്പയിന്‍ കമ്മിറ്റി, വി.ടി. രാജീവ്കുമാര്‍ എന്നിവര്‍ ചാന്‍സലര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് വിഷയത്തില്‍ പരാതി നല്‍കിയവര്‍.
ബിജെപി സിന്‍ഡിക്കറ്റംഗം എ കെ അനുരാജും എസ്യുസിഐ നേതാവ് ഷാജിര്‍ഖാനും കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് ശശികുമാറും നേതൃത്വം നല്‍കുന്ന സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചാന്‍സലര്‍ക്ക് പരാതി നല്‍കിയതെന്നാണ് സിപിഎം നിഗമനം. ഇതിനിടെ വിസി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. എം എം ബഷീറിനെ നിയോഗിച്ചു. പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ ബഷീര്‍ ശുപാര്‍ശയും നല്‍കി. എന്നാല്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗണ്‍സിലും ചേര്‍ന്നാണ് നിലപാട് എടുക്കേണ്ടത്. പുറത്തുനിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നിലപാടെടുക്കേണ്ട ഒരു ബാധ്യതയും ബോര്‍ഡ് ഓഫ് സ്റ്റഡീസിനില്ലെന്നും ഡോ. എം എം ബഷീറിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ ഡോ. എം അജിത് 'പറഞ്ഞു. നിര്‍ദേശം നടപ്പാക്കണമെങ്കില്‍ ഇടതുപക്ഷ സിന്‍ഡിക്കറ്റിന്റെയും അനുമതി വേണം. അതുണ്ടാകില്ലെന്നും വ്യക്തമാണ്.
ഉത്തമ ബോധ്യത്തോടെയാണ് വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയത്. സിലബസ് മറ്റൊരാള്‍ പരിശോധിച്ച് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ല.ഔദ്യോഗികമായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡോ. എം.എസ്.അജിത് പറഞ്ഞു. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ ഒഴിവാക്കണമെന്ന് ബഷീറിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചത്.