ഭോപ്പാലിലെ ക്രിസ്ത്യന്‍ ആശുപത്രിയില്‍ ജോലിക്കായി സ്വമേധയാ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് യാത്ര തിരിച്ചത്; ഭക്ഷണവും വസ്ത്രവും താമസ സൗകര്യവും 10,000 രൂപ ശമ്പളവുമായിരുന്നു വാഗ്ദാനം; നിരപരാധികളായ കന്യാസ്ത്രീകളെ വിട്ടയയ്ക്കണം; ബജ്രംഗ്ദള്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി; പൊലീസ് മൊഴി മാറ്റി എഴുതിയെന്നും പെണ്‍കുട്ടികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍
പെണ്‍കുട്ടികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും വിട്ടയയ്ക്കണമെന്നാണ് ആവശ്യം.
വ്യാജ മൊഴി നല്‍കാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും 21 കാരി ആരോപിച്ചു. ഇക്കാര്യം ബജ്രംഗ്ദള്‍ നിഷേധിച്ചു. പൊലീസും തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല. തന്റെ കുടുംബം അഞ്ചുവര്‍ഷമായി ക്രൈസ്തവ മതമാണ് പിന്തുടരുന്നതെന്നും യുവതി പറഞ്ഞു.
' ഞാന്‍ മാതാപിതാക്കളുടെ സമ്മതത്തോടെ സ്വമേധയാ കന്യാസ്ത്രീകള്‍ക്കൊപ്പം ആഗ്രയിലേക്ക് പോകുകയായിരുന്നു. അവിടെ നിന്ന് ഭോപ്പാലിലേക്ക് സഞ്ചരിച്ച് അവിടെ ഒരു ക്രിസ്ത്യന്‍ ആശുപത്രിയില്‍ ജോലിയാണ് പറഞ്ഞുവച്ചിരുന്നത്. മാസന്തോറും 10,000 ശമ്പളവും ഭക്ഷണവും വസ്ത്രവും താമസ സൗകര്യവും വാഗ്ദാനം ചെയ്തിരുന്നു'-യുവതി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
' ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കന്യാസ്ത്രീകള്‍ ഏതാനും മണിക്കൂറുകള്‍ വൈകിയാണ് അവിടെ എത്തിയത്. അതിനിടെ, ഒരാള്‍ ഞങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയ ബജ്രംഗ്ദളില്‍ നിന്നുള്ള മറ്റുള്ളവരും പിന്നീട് അവിടെ കൂടി. അവര്‍ ഭീഷണിപ്പെടുത്താനും, ചീത്ത വിളിക്കാനും, ആക്രമിക്കാനും തുടങ്ങി'- യുവതി പറഞ്ഞു.
റെയില്‍വെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോള്‍, അവിടെ വച്ച് ബജ്‌റംഗ്ദളിന്റെ ജ്യോതി ശര്‍മ്മ എന്ന വ്യക്തി കരണത്തടിച്ചു. ' ജ്യോതി ശര്‍മ്മ കരണത്തടിച്ച ശേഷം മൊഴി മാറ്റണമെന്ന് ഭീഷണിപ്പെടുത്തു. എന്നെ ബലം പ്രയോഗിച്ചാണ് കൊണ്ടുപോകുന്നതെന്ന് പറയാന്‍ നിര്‍ബ്ബന്ധിച്ചു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ എന്റെ സഹോദരനെ ജയിലില്‍ അടയ്ക്കുമെന്നും മര്‍ദ്ദിക്കുമെന്നും ഭീഷണി മുഴക്കി. റെയില്‍വെ പൊലീസ് എന്റെ യഥാര്‍ഥ മൊഴിയെടുക്കുന്നതിന് പകരം ഞാന്‍ പറയാത്ത കാര്യങ്ങളാണ് എഴുതി വച്ചത്. ഞാന്‍ അതുചൂണ്ടിക്കാട്ടിയപ്പോള്‍ അവരെന്നോട് വീട്ടില്‍ പോകണമെങ്കില്‍ മിണ്ടാതിരിക്കാന്‍ പറഞ്ഞു.' കന്യാസ്ത്രീകള്‍ക്കൊപ്പം അറസ്റ്റിലായ സുഖ്മാന്‍ മാണ്ഡവി തനിക്ക് സഹോദരനെ പോലെയാണെന്നും യുവതി പറഞ്ഞു.
എന്നാല്‍, ബജ്‌റംഗ്ദളിന്റെ യൂണിറ്റ് കണ്‍വീനര്‍ രവി നിഗം ആരോപണങ്ങള്‍ നിഷേധിച്ചു. ' ഞങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തുകയോ, തല്ലുകയോ ചെയ്തിട്ടില്ല. സ്‌റ്റേഷനിലെ സിസി ടിവി ക്യാമറകള്‍ നോക്കിയാല്‍ സത്യം അറിയാം'-നിഗം പറഞ്ഞു.
ജൂലൈ 25നാണ് പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നീ കന്യാസ്ത്രീകളെ മാണ്ഡവിക്കൊപ്പം അറസ്റ്റ് ചെയ്തത്