സഭാ തര്‍ക്കത്തില്‍ സാബു ജേക്കബിന്റെ ഇടപെടലിന് പിന്നില്‍ ക്യത്യമായ രാഷ്ട്രീയ അജണ്ട; വിശ്വാസികളെ ബിജെപി പാളയത്തിലെത്തിക്കാന്‍ ഗൂഢനീക്കമെന്ന് മലങ്കര നസ്രാണി; വടക്കേന്ത്യയിലെ പീഡനങ്ങളില്‍ മൗനം പാലിക്കുന്നുവെന്ന് ഓര്‍ത്തഡോക്‌സ് പക്ഷം; യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഐക്യത്തിന് ആഹ്വാനം
സഭാ തര്‍ക്കത്തില്‍ സാബു ജേക്കബിന്റെ ഇടപെടലിന് പിന്നില്‍ ക്യത്യമായ രാഷ്ട്രീയ അജണ്ട
കോട്ടയം: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിലെ സാബു ജേക്കബിന്റെ മധ്യസ്ഥത രാഷ്ട്രീയ അജണ്ടയെന്ന് ആരോപിച്ച് മലങ്കര നസ്രാണി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം രംഗത്ത്. സഭാ സമാധാനത്തിന്റെ പേരില്‍ നടക്കുന്നത് വിശ്വാസികളെ ബിജെപി പാളയത്തിലെത്തിക്കാനുള്ള 'അധികാര ദല്ലാള്‍' പണിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'മലങ്കര നസ്രാണി' സോഷ്യല്‍ മീഡിയ ആരോപിച്ചു.
രാഷ്ട്രീയ ലാഭം ലക്ഷ്യമെന്ന് ആരോപണം
സഭകള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കാനെന്ന വ്യാജേന കേന്ദ്ര ഭരണകൂടവുമായി ചേര്‍ന്ന് സാബു ജേക്കബ് നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മലങ്കര നസ്രാണി ആരോപിക്കുന്നു. സഭയുടെ ആഭ്യന്തര വിഷയങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള ചവിട്ടുപടിയാക്കാനും വിശ്വാസികളെ ബിജെപി പാളയത്തിലെത്തിക്കാനുമുള്ള ഈ ഗൂഢനീക്കം സമുദായ സ്‌നേഹമല്ല, മറിച്ച് കേവലം അധികാര ദല്ലാള്‍ പണിയാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനം.
സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിന് തന്ത്രങ്ങള്‍ മെനയുന്ന സാബു എം. ജേക്കബ്, ഉത്തരേന്ത്യന്‍ മണ്ണില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും വൈദികര്‍ക്കും നേരെ നടക്കുന്ന ആസൂത്രിതമായ പീഡനങ്ങള്‍ക്കു മുന്നില്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനം എന്തിനുവേണ്ടിയാണെന്നും മലങ്കര നസ്രാണി ചോദിക്കുന്നു.
മണിപ്പൂരിലെ കത്തിയെരിഞ്ഞ പള്ളികളും ഛത്തീസ്ഗഢിലും ഉത്തര്‍പ്രദേശിലും വിശ്വാസ വേട്ടയാടല്‍ നേരിടുന്ന സഹോദരങ്ങളുടെ നിലവിളിയും കാണാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേരളത്തിലെ സഭകളുടെ രക്ഷകനാകാന്‍ കഴിയുക എന്ന ചോദ്യമാണ് ഉയരുന്നത്. കേന്ദ്രത്തില്‍ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് വടക്കേന്ത്യയിലെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത സാബു, കേരളത്തിലെ സഭാതര്‍ക്കങ്ങളില്‍ ഇടപെടുന്നത് പരിഹാസ്യമാണെന്ന് മലങ്കര നസ്രാണി ചൂണ്ടിക്കാട്ടി.
ആദ്യം സ്വന്തം സഹോദരങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് വേണ്ടത്. അത് ചെയ്യാതെ, സഭാ സമാധാനത്തിന്റെ പേരില്‍ വിശ്വാസികളെ രാഷ്ട്രീയമായി വില്‍ക്കാന്‍ ശ്രമിക്കുന്നത് സഭയോടുള്ള വെല്ലുവിളിയാണ്. അള്‍ത്താരകളില്‍ ചോരയൊഴുക്കുന്ന വടക്കേന്ത്യന്‍ ക്രൈസ്തവരുടെ കണ്ണീര്‍ കാണാത്തവര്‍ക്ക് കേരളത്തിലെ സഭകളെ നയിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളതെന്നും, രാഷ്ട്രീയ ലാഭത്തിനായി സഭയെ ഉപയോഗിക്കുന്ന ഇത്തരം കപട മധ്യസ്ഥ ശ്രമങ്ങളെ സഭാംഗങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്നും മലങ്കര നസ്രാണി വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ഇടപെടലും യാക്കോബായ സഭയുടെ നിലപാടും
വിവാദങ്ങള്‍ക്കിടയിലും സഭാ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സഭാ ഐക്യം അനിവാര്യമാണെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്താമെന്നും പ്രധാനമന്ത്രി സഭാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.
സമാധാനത്തിനായുള്ള എല്ലാ നീക്കങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ വ്യക്തമാക്കി. ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സഭ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ന്യൂനപക്ഷങ്ങളിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്ന് സഭാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
