റിസോര്‍ട്ടില്‍ വിളിച്ചുവരുത്തി സ്ത്രീകളുടെ കാലില്‍ തൊട്ട് മാപ്പ് ചോദിച്ച നടൻ; എല്ലാത്തിനും പ്രായശ്ചിത്തമായി കരഞ്ഞ് കൊണ്ട് ഇനി എന്നും നിങ്ങളുടെ കൂടെ കാണുമെന്ന ഉറപ്പും; വീണ്ടും അടുത്ത ചുവട് കരുതലോടെ തുടങ്ങാൻ ജനനായകൻ; അടുത്ത മാസം അഞ്ചിന് മഹാബലിപുരത്ത് നിർണായക യോഗം ചേരും; പാർട്ടിയുടെ ഭാവി കാര്യങ്ങളും തീരുമാനിക്കും; സ്റ്റാലിന് മുന്നിൽ ഇനി വിജയ് മുട്ടുമടക്കുമോ?
ചെന്നൈ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്, തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ)യുടെ ജനറൽ ബോഡി യോഗം അടുത്ത മാസം അഞ്ചിന് മഹാബലിപുരത്ത് വിളിച്ചു. പാർട്ടിയുടെ ഭാവി കാര്യങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഈ യോഗത്തിൽ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസമാണ് കരൂരിലുണ്ടായ ദുരന്തത്തെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ചത്.
കരൂർ ദുരന്തത്തെ തുടർന്നുണ്ടായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ, പാർട്ടിയുടെ അടുത്ത ചുവടുകൾ കരുതലോടെയും കൃത്യമായ ആലോചനയോടെയും വേണമെന്നാണ് വിജയ് പ്രവർത്തകരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാനും ഭാവിയിലേക്കുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുമാണ് ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്. പ്രവർത്തകർക്കുള്ള തുറന്ന കത്തിലാണ് വിജയ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ചേർന്ന ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമെ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിൽ ഇടം നേടിയിട്ടുണ്ട്. ബുസി ആനന്ദ് ജനറൽ സെക്രട്ടറിയായി തുടരും.
നേരത്തെ, ജനറൽ സെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾക്കെതിരെ പാർട്ടിയുടെ സൈബർ പോരാളികൾ വിജയ്ക്ക് തുറന്ന കത്ത് അയച്ചിരുന്നു. പാർട്ടിക്കുള്ളിൽ നിലനിന്ന വിഭാഗീയതകളും അഭിപ്രായ ഭിന്നതകളും ഈ കത്തുകളിലൂടെ പുറത്തുവന്നിരുന്നു.
കരൂർ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് വിജയ്. കരൂർ അപകടത്തെ തുടർന്ന് ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ്, അടുത്തിടെ ഡിഎംകെ സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്ത് കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡിഎംകെ സർക്കാരിനെതിരെ വിജയ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച രണ്ട് പേജുള്ള വിശദമായ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും, ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണെന്നും വിജയ് കുറ്റപ്പെടുത്തി.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിലൊരാളായി ജീവിതകാലം മുഴുവന്‍ താനുണ്ടാവുമെന്ന് തമിഴക വെട്രി കഴകം(ടിവികെ) നേതാവ് വിജയ് പറഞ്ഞിരുന്നു. തിങ്കളാഴ്ച മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍വെച്ച് കരൂരിലെ കുടുംബങ്ങളെക്കണ്ട വിജയ് തൊണ്ടയിടറിയാണ് അവരോട് സംസാരിച്ചത്. വികാരാധീനനായ വിജയ് തങ്ങളുടെ കാലില്‍ തൊട്ട് മാപ്പ് ചോദിച്ചതായി സ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കരൂര്‍ ദുരന്തം നടന്ന് ഒരു മാസമായിട്ടും അവിടം സന്ദര്‍ശിക്കാനോ മരിച്ചവരുടെ കുടുംബങ്ങളെ കാണാനോ കഴിയാഞ്ഞതുകൊണ്ടാണ് വിജയ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍വെച്ച് കൂടിക്കാഴ്ച ആസൂത്രണംചെയ്തത്. മരിച്ച 41 പേരില്‍ 37 പേരുടെ കുടുംബാംഗങ്ങള്‍ മഹാബലിപുരത്ത് എത്തിയിരുന്നു. പരിക്കേറ്റ ഏതാനും പേരും വന്നു. മരണാനന്തരച്ചടങ്ങുകള്‍ പൂര്‍ത്തിയാവാത്തതുകൊണ്ടാണ് ചില കുടുംബങ്ങള്‍ വരാതിരുന്നത്. ചിലര്‍ പ്രതിഷേധസൂചകമായി വിട്ടുനിന്നതായും സൂചനയുണ്ട്.
കരൂരില്‍നിന്നുള്ള കുടുംബങ്ങളെ മഹാബലിപുരത്തേക്ക് വിളിച്ചുവരുത്തേണ്ടിവന്നതില്‍ വിജയ് അവരോട് ക്ഷമ ചോദിച്ചു. വൈകാതെ കരൂരിലെത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. തിക്കിലും തിരക്കിലും മരിച്ച കുട്ടികളുടെ ഫോട്ടോകള്‍ കണ്ടപ്പോള്‍ വിജയ്‌യുടെ തൊണ്ടയിടറി. അഞ്ച് ലക്ഷ്വറി ബസ്സുകളിലായാണ് കുടുംബങ്ങളെ ടിവികെ പ്രവര്‍ത്തകര്‍ മഹാബലിപുരത്തെത്തിച്ചത്. ഇവര്‍ക്കായി റിസോര്‍ട്ടില്‍ 50 മുറികളെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിരുന്നില്ല.
